Saturday, December 22, 2007

ചെരുപ്പ്‌

ഒറ്റക്കൊരു യാത്ര പോകാന്‍
ഇന്നെനിക്ക്‌ ഭയമാണ്‌.
ഇരുളും പകലെന്നുമില്ലാതെ
എന്നെ ഭോഗിക്കാന്‍
കാത്തുകിടക്കുന്ന
മുനകളുണ്ട്‌...
സ്വപ്നങ്ങളെ കീറിമുറിച്ച്‌
അവ പാഞ്ഞുപോകുന്നത്‌
അടിവയറിനെ
ആകെയൊന്നുലച്ചാവും...
നനയാന്‍ മടിക്കുന്ന
തുകലായി
ജലരേഖകളെ ഭയന്ന്‌
പര്യവസാനം തേടുമ്പോഴാവും...
മുന്നിലെ നദി
മഴയായി എന്നില്‍ പെയ്തിറങ്ങുക...

ആര്‍ത്തിയോടെ വീക്ഷിച്ച്‌
വഴിയരുകില്‍
മൂര്‍ച്ചയുള്ള
ആയുധങ്ങളുമായി
എന്റെ അവയവങ്ങളുടെ തകര്‍ച്ച കാണാന്‍
കൊതിക്കുന്നവരുണ്ട്‌...
ആഴ്‌ന്നിറങ്ങുന്ന സൂചിമുനകള്‍
തളര്‍ന്നുവീഴുമ്പോഴാവും...
അവരുടെ
തടവറയുടെ ഭേദനം
സാധ്യമാവുക...

ഉപയോഗശേഷം
വലിച്ചെറിയപ്പെടുമ്പോഴും
സ്വതന്ത്രയാവാനാവാത്ത
ജാതകമാണെന്റേത്‌...
മരണത്തിന്റെ നാഴികമണി
മുഴങ്ങുമ്പോഴും
ആരുടെയോ തോളില്‍..
ദുര്‍ഗന്ധമുള്ള പുതപ്പിനുള്ളില്‍...
പുതിയ വിപണനകേന്ദ്രത്തിന്റെ
പടവുകള്‍
കയറുകയാവും...
ഞാന്‍...

Wednesday, December 05, 2007

മഴവില്ല്‌

നിറങ്ങള്‍കൊണ്ടൊരു
കളി
പ്രകൃതിക്കൊരു രസമാണ്‌..
കണ്ണുചിമ്മുമ്പോഴേക്കും
മാഞ്ഞുപോകുന്നതിനാല്‍
തോല്‍ക്കുന്നതാരാണെന്ന
അജ്ഞത ബാക്കിയാക്കിയാവും
വിരാമം..

മിഴികളിലെ കരടുകളയാന്‍
മുലപ്പാല്‌ തേടണ്ട...
കരഞ്ഞാല്‍ മതി..
തളര്‍ന്ന കാലുകളുളള
പൂച്ചക്കുട്ടിയെ വളര്‍ത്തുന്ന
പെണ്‍കുട്ടിയുടെ
മനസിന്റെ
തളര്‍ച്ച മാറ്റാന്‍
യൗവനത്തെ പോരിന്‌ വിളിച്ചാല്‍ മതി...

തടവറ ഭേദിച്ച്‌ പായുന്ന ചിന്തകളെ
വെളുത്ത കടലാസിലേക്ക്‌
കമഴ്ത്തിയിടുമ്പോള്‍
അത്‌
അതിര്‍ത്തിലംഘിച്ച്‌ പായാന്‍
കൊതിക്കുന്നതെന്തിനാവും...
മഷിയിലൊതുങ്ങാന്‍
മടിക്കുന്നൊരു മനസുണ്ടതിനെന്ന്‌
ആരും
തിരിച്ചറിയാത്തതെന്താവും...

മറഞ്ഞു പോകാനൊരത്ഭുതം
ബാക്കിയാക്കി
പ്രകൃതി
മടങ്ങുമ്പോള്‍
മനസില്‍
മഴ ബാക്കിയാവുന്നു...
മഴവില്ലു തെളിയാത്ത
ആകാശത്തില്‍
കണ്ണുനീരായത്‌
തിമര്‍ത്തുപെയ്യുന്നു...

Wednesday, November 14, 2007

സ്ത്രീ

ഭ്രൂണഹത്യയില്‍ നിന്ന്‌
തലനാരിഴക്കൊരു
രക്ഷപ്പെടല്‍...
ദിവസങ്ങള്‍
ഗര്‍ഭപാത്രത്തില്‍
ചൂഴ്‌ന്നിറങ്ങിയതിന്റെ
തെളിവ്‌...

ബാല്യത്തിന്റെ
നനവ്‌
മിഴികളിലവശേഷിപ്പിച്ചത്‌
സ്നേഹത്തിന്റെ
തളിരിലകള്‍..
മുടി വളരുന്നത്‌
മാത്രം ദര്‍പ്പണം
തിരിച്ചറിയിച്ചു...

ഋതുമതിയായി
കളിക്കൂട്ടുകാരെ പറഞ്ഞയച്ചു...
തൊടിയിലെ ശൂന്യതയില്‍
മണ്ണപ്പം
മഴയില്‍ പൊടിഞ്ഞു...
സ്വപ്നങ്ങളുടെ
സഞ്ചാരപഥങ്ങള്‍ തേടി
രക്തം തലങ്ങും വിലങ്ങും പാഞ്ഞു...

യൗവനത്തിന്റെ തുടിപ്പ്‌
ആദ്യരാത്രിയുടെ നോവിനൊപ്പം
ഇഴകളര്‍ന്ന്‌ പോയി...
രാത്രിയുടെ
മുറിവടയാളങ്ങള്‍
പുതിയ പിറവിയുടെ
സീല്‍ക്കാരങ്ങളായി
പത്തിമടക്കി...

അമ്മയെന്ന വിളിയില്‍
ലോകത്തിന്റെ മുഴുപ്പും വഴുപ്പും
ഛന്നിനായകം
കഴുകികളഞ്ഞ്‌
അമ്മിഞ്ഞ നുകര്‍ന്ന മകന്റെ
വിരലടയാളം
കവിള്‍ ഏറ്റുവാങ്ങും വരെ...

ഒടുവില്‍..
സദനത്തിലെ
നിഴല്‍ ചാഞ്ഞ വഴിയില്‍
ഓര്‍മ്മകള്‍
തൃസന്ധ്യക്ക്‌
നിലവിളക്കിനിടയിലൂടെ പാഞ്ഞെത്തി
മിഴികളില്‍
മരണമെന്നെഴുതി
തിരിച്ചുപോയി...

Saturday, November 10, 2007

നിദ്ര

ബോധം
ശാന്തതക്ക്‌
വഴിമാറുന്നതുകൊണ്ടാവാം...
ഉറക്കം ഒരു ഹരമാണ്‌...

പകല്‍
സൂര്യവെട്ടത്തിന്റെ
അകമ്പടിയില്‍
മിഴികൂമ്പിനില്‍ക്കുന്നവര്‍ക്ക്‌
രാത്രിശയ്യ
അരോചകമാവാം..

ചലനാത്മകമായ
രക്തം
ശരീരത്തിന്‌
പുറത്തേക്ക്‌ വരാന്‍ കൊതിക്കുന്നത്‌...
സ്വപ്നങ്ങളുമായി
പടവെട്ടി
മുറിഞ്ഞിട്ടാവാം...

നിനക്ക്‌
കൂട്ടിരിക്കാന്‍
മോഹങ്ങളില്ലാത്ത
നിദ്രയെ ഞാന്‍ അയക്കുന്നു...
തണല്‍തേടിയുള്ള
യാത്രകളില്‍
തോറ്റടിയുന്ന
ചിന്തകളുടെ പഴുപ്പില്‍
നഷ്ടമായതാണത്‌...

കൊഴിയുന്ന ദിവസങ്ങളുടെ
ആത്മാവിനുള്ളില്‍
ഉറങ്ങിതീര്‍ത്ത
സമയമായിരുന്നധികവും...

എന്തിനെന്നറിയാത്ത
ശൂന്യതയില്‍
അലിഞ്ഞില്ലാതാവാന്‍
ഇരുട്ടിന്റെ മറപറ്റി
ഉറക്കത്തിലേക്ക്‌
നടന്നുപോവുകയാണ്‌
ഓരോ ജീവിതവും...

Monday, October 29, 2007

റെസ്റ്റ്‌ ഇന്‍ പീസ്‌

ചന്ദനമരങ്ങള്‍ക്കിടയില്‍
ഉറങ്ങി മടുത്തില്ലേ നിനക്ക്‌...
സ്വപ്നങ്ങള്‍ മണ്ണിലമര്‍ന്നു
ഹൃദയം പങ്കിട്ടെടുത്തു
എന്നിട്ടും
നിന്റെ അസ്ഥികളില്‍
ഇനിയുമെന്തിനീ ആത്മാര്‍ത്ഥത...

നിനക്ക്‌
ചിറക്‌ നല്‍കാന്‍ മറന്നതില്‍
ദൈവം ദുഖിക്കുന്നുണ്ട്‌...
തടഞ്ഞുനിര്‍ത്താനാവാത്ത മരങ്ങള്‍
വിതുമ്പുന്നുണ്ട്‌...
എന്നിട്ടും
നിന്നില്‍ നിന്നടര്‍ന്ന രക്തം
ഭൂമി
എത്രവേഗം കുടിച്ചുതീര്‍ത്തു...

ഒക്ടോബര്‍ 30
തോരാന്‍ മറന്നുപോയ
മിഴികളുമായി
ഒരു വിലാപയാത്ര...
മണ്ണിലമര്‍ന്ന
വെളുത്ത മാംസങ്ങളില്‍
ഒരുപിടി സ്വപ്നങ്ങള്‍ വാരിയിട്ട പകല്‍...

നിതംബം കാട്ടിതരാത്ത മുടി
ചുണ്ടിന്‌ മുകളില്‍
ഈശ്വരന്‍ തൊട്ട മറുക്‌...
വിഷാദമില്ലാത്ത
മിഴികള്‍..
സൂര്യനൊളിച്ച ചുണ്ടുകള്‍..
പക്ഷേ..
ചിത്രശലഭത്തിന്റെ
ആയുസേയുണ്ടായിരുന്നുള്ളു നിനക്ക്‌...

ജന്മദിനത്തിന്‌ വന്നിരുന്നു...
മെഴുകുതിരികള്‍
നിന്റെ ദേഹത്തേക്ക്‌ ഒഴുകിപടരുന്നുണ്ടായിരുന്നു...
ഉറക്കമുണര്‍ന്നിരിക്കുന്ന
മഞ്ഞുതുള്ളികളുമായി
പനിനീര്‍പ്പൂക്കള്‍
നിനക്ക്‌ കൂട്ടിരിക്കുന്നുണ്ടായിരുന്നു...

പഴയജാലകവും
കുന്നിന്‍ചെരുവിലെ സ്വര്‍ഗവും
കാറ്റാടിമരവും
നിന്നെ ചോദിക്കാറുണ്ട്‌...
നിന്റെ വിവാഹത്തിനേ പൂക്കൂ
എന്ന്‌ വാശിപിടിച്ച
കുടമുല്ല മാത്രം
എല്ലാമറിഞ്ഞ്‌
തലകുമ്പിട്ട്‌ നില്‍പ്പുണ്ട്‌...

മൃത്യുവിന്റെ കരം പിടിക്കുംമുമ്പ്‌
അവയൊന്നുമെന്തേ നിന്റെ മുന്നില്‍ വന്നില്ല...

Saturday, September 29, 2007

മരണം ഒരു കലയാണ്‌...

1. നീ നിലാവായിരുന്നു
മേഘങ്ങള്‍ മുഖം കറുപ്പിക്കും വരെ...
കാറ്റ്‌ നിന്നെ
വീണ്ടും കൊണ്ടുവന്നപ്പോള്‍
മരണമെന്നെ
കാണാനനുവദിച്ചുമില്ല...

എനിക്ക്‌ അഭയം വേണം
മനസില്‍
കരിമ്പടം പുതപ്പിക്കുന്ന
നിന്റെ അദൃശ്യചിന്തകളിനി
എന്നിലേക്ക്‌ വരാതിരിക്കാന്‍...

ചുണ്ടില്‍ ദന്തക്ഷതമുണ്ട്‌...
മുടിക്കെട്ടില്‍
വിരലിഴഞ്ഞ പാടുകളുണ്ട്‌
ഉരുകിയും
ഉലഞ്ഞും
നീ നിന്നെ നഷ്ടപ്പെടുത്തി...

ഒരിക്കല്‍ കൈവെള്ളയില്‍
നീ തന്ന ചുംബനത്തിന്റെ
ചൂടില്‍
മോഹങ്ങള്‍ തിളച്ചുമറിഞ്ഞിരുന്നു...

ഹൃദയം മുറിച്ചിട്ടും
ലാവയായി മോഹങ്ങള്‍
സ്വതന്ത്ര്യയായിട്ടും
അവയവങ്ങള്‍ ഛേദിക്കപ്പെടാതെ
നിന്നിരുന്നു...

നീ മഴയായിരുന്നു
വേനലിലേക്ക്‌ ഞാനടുക്കും വരെ...
ബാഷ്പമായി പോയ
കണ്ണുനീര്‍
നീയെന്തിന്‌ തടഞ്ഞുനിര്‍ത്തി...


2. തെറ്റുകള്‍
എന്റെ മുറിക്ക്‌ അലങ്കാരമാവുന്നു...
പൊട്ടിയ ദര്‍പ്പണം
പാതിയുടഞ്ഞ ഫ്ലവര്‍വേസ്‌
പൊടി പുണര്‍ന്ന കടലാസ്പൂക്കള്‍
പുറംച്ചട്ട നഷ്ടപ്പെട്ട പുസ്തകങ്ങള്‍
മുഷിഞ്ഞ തലയണ...

നിന്റെ ശബ്ദം മാത്രം
ശരി വിളമ്പുന്നുണ്ട്‌...
ഉപ്പില്ല, മുളകില്ല, അരിയില്ല...
അരാജകത്വത്തിന്റെ
തടവറയിലേക്ക്‌
ഞാനൊഴുകിയിറങ്ങുന്നതിന്റെ
സൂചനകള്‍...

പഴയ നോട്ടുബുക്കില്‍
നീ തന്ന പ്രണയലേഖനം
ചാകാതെ കിടക്കുന്നുണ്ട്‌...
തിരിച്ചെഴുതുമ്പോള്‍
മഷി തീര്‍ന്ന
തൂലിക
തല മുറിഞ്ഞ്‌ ശയിക്കുന്നുണ്ട്‌...

ഇരുധ്രുവങ്ങളിലേക്ക്‌
നമ്മെ വഴിമാറ്റിവിട്ട
ശവക്കുഴിയായിരുന്നോ ആ ചരട്‌...
അഴുകിയ ജഢങ്ങളായി
മെത്തയിലടുത്തടുത്ത്‌ കിടന്ന
രണ്ടിരകളായിരുന്നോ നാം...

നമ്മള്‍
അകലാനാവാതെ അടുത്തവരാണ്‌..
അതാവാം..
നൃത്തശാലയില്‍
ചുവടുകള്‍
പിഴച്ചപ്പോഴും
നീ
എന്നിലേക്കമരാന്‍ മടിച്ചത്‌...

നീ കലയാണ്‌...
ഒരു വലിയ മുറിവിന്റെ
വേദിയിലെ
കൈയടികളില്‍
എന്നെയില്ലാതാക്കിയ....

Sunday, September 23, 2007

കറി

ഒറ്റപ്പെട്ടു നില്‍ക്കുന്നതിനെ
കൂട്ടിച്ചേര്‍ക്കുന്നവളാണ്‌
യഥാര്‍ത്ഥ പാചകക്കാരി...

സ്നേഹത്തോടെ വിളിച്ച്‌
ഉപയോഗശേഷം
വലിച്ചെറിയുന്ന
ഇലയുടെ
ദുഖത്തില്‍
ആരുമറിയാതെ
പങ്കുചേരാന്‍ കഴിയണം അവള്‍ക്ക്‌...

ആത്മബന്ധം പോലെ
ചൂരുള്ളതാവണം
ചേരുവകള്‍...
അരകല്ലിന്റെ ഒരു കോണില്‍ നിന്നും
മറ്റൊന്നിലേക്ക്‌
ഒഴുകി നീങ്ങണം...
അവളുടെ
ആഗ്രഹത്തിന്റെ താളം...

വേദനിപ്പിക്കാതെ മുറിക്കണം..
വേര്‍പെടുമ്പോള്‍
മറ്റൊന്നിന്റെ ജഡം
കണ്ട്‌ ചിരിക്കാന്‍ പറയണം

നൊമ്പരപ്പെടുത്തുമ്പോഴും
തിളങ്ങുന്ന വായ്ത്തലയുള്ള
കൊലയാളിയെ
നീ പ്രണയിക്കുന്നു...
നിന്റെ ചോരയുടെ നനവില്‍
മുഖം തുടക്കാനാവാതെ
ഞാനെന്റെ പ്രാണനെ
കുരുതി നല്‍കുന്നു...

വിലാപങ്ങളുടെ തടവറയാണ്‌
നിന്റെ മുറി...
തീന്‍മേശയിലെ ചിരി
നിന്റെ കൊലകളുടെ വിധിന്യായമാണ്‌...
അടുക്കളയുടെ
ചുമരുകള്‍
നിലവിളികള്‍ക്ക്‌
കീഴ്പ്പെട്ടുകൊണ്ടിരിക്കുന്നു....

Thursday, September 13, 2007

മൂന്ന്‌ പെണ്‍കുട്ടികള്‍

മിഴികളില്‍ നിന്ന്‌...
മനസിന്റെ പച്ചയില്‍ നിന്ന്‌...
കടലിരമ്പുന്നുണ്ട്‌...
പ്രായശ്ചിത്തത്തിന്റെ തിരകളില്‍
ആത്മഹത്യയുടെ ശംഖടിയുന്നുണ്ട്‌...

വേര്‍പെടുത്തലില്‍
ഇഴപൊടിഞ്ഞകന്ന
ആത്മബന്ധത്തിന്റെ മുറിവുകള്‍ ആരറിയാന്‍...
മയില്‍പീലികളെക്കാള്‍ ഭീതിതമായി
കണ്‍പീലികള്‍ നരക്കുമ്പോള്‍
നദിക്ക്‌ കവിളിലഭയം....

ബാല്യത്തിന്റെ
മുറിവുകള്‍
തേടിയ പരിചിതയിലൊന്ന്‌...
നനയുന്നുണ്ടാവും
ആ കവിളിണയിലെ കറുപ്പ്‌....
പുഴ
മൃദുവായി മൃദുവായി
കണ്ണുകളിലേക്ക്‌ ഉള്‍വലിയുമ്പോള്‍...

കുസൃതിയായത്‌ കൊണ്ടാവാം..
മനസില്‍
നഖചിത്രം തീര്‍ത്ത്‌ ചിരിച്ചത്‌...
ശബ്ദത്തിനൊരു വിറയലുണ്ട്‌...
പനിച്ച്‌ പനിച്ച്‌
നെറ്റിയില്‍
അരുവി ആര്‍ത്തലക്കുന്നു...

പൊഴിഞ്ഞതൊന്ന്‌
എണ്ണാനാവത്തത്ര പൊഴിയാത്തത്‌...
ഒന്നിന്‌
മുന്നില്‍
തോറ്റടിയുന്നു
എന്നിലെ
ചിന്തകളുടെ പഴുപ്പ്‌....

Monday, September 10, 2007

ഭ്രാന്ത്‌

ഓര്‍മ്മയിലെ
അക്ഷരപാലത്തില്‍
വാക്കുകള്‍
ക്ഷയിക്കുന്നു...

വെളുത്ത തൂവാലയില്‍
അഴുക്കുപുരണ്ടൊരാകാശം...
മഴക്കായി
മേഘങ്ങള്‍
പുണരുന്നത്‌ നോക്കിനില്‍ക്കുന്നു...

അകലാന്‍ കൊതിക്കുന്നവരോട്‌
കാറ്റ്‌
സഹയാത്രികനാവട്ടെയെന്ന്‌
കുശുകുശുക്കുന്നു...

പാടാന്‍ കൊതിക്കുമ്പോള്‍
മഴ
പതിഞ്ഞ ശബ്ദത്തില്‍ ഒപ്പം കൂടുന്നു...

മരങ്ങള്‍
മഴു
കണ്ട്‌ വിതുമ്പുന്നുണ്ട്‌...

പുഴ
പതഞ്ഞൊഴുകാന്‍ കൊതിക്കുന്നുണ്ട്‌...

നീ നിന്റെ മോഹങ്ങളാല്‍ തന്നെവേട്ടയാടപ്പെടുന്നു....

Friday, August 10, 2007

മറുമൊഴി


നിന്റെ ദാരിദ്ര്യമാണെന്റെ ഹൃദയം...
ദ്രവിച്ചുപോയ പുസ്തകതാളിലെ
ചത്തമയില്‍പീലിയായി
പുനര്‍ജ്ജനിക്കും വരെ
എന്റെ പ്രണയം നിന്റെ കരസ്പര്‍ശത്തിന്‌
കാതോര്‍ത്തുകൊണ്ടിരിക്കും..

തളിര്‍ക്കാനായി കൊതിക്കുമ്പോഴും..
മഴയായി നീ ചുംബിക്കാതെ
ഉണരാനാവാത്ത വിത്തായി
ഞാന്‍ മണ്ണില്‍ പൂണ്ടു കിടപ്പുണ്ടാവും
കനലെരിയുമ്പോഴും
നെഞ്ചിന്‍ നീറ്റലറിയാതെ
നിഴലുകള്‍ക്കിടയിലൂടെ...
നിന്റെ ചലനങ്ങള്‍ തേടി...
ഞാന്‍ യാത്ര തുടര്‍ന്നുകൊണ്ടിരിക്കും...

ഒഴുകിപടര്‍ന്നൊരീ...
സാന്ധ്യമേഘങ്ങള്‍ക്കിനിയെന്ത്‌ നല്‍കണം..?
ചിരിമറഞ്ഞ ചുണ്ടിലെ
ചോരപ്പാടുകളോടിനിയെന്ത്‌ കുമ്പസരിക്കണം..?

നിറഞ്ഞ കണ്ണിലെ...
പൊഴിയുന്ന കണ്‍പീലിയില്‍..
വിരഹത്തിന്റെ മന്ത്രമെഴുതി
കാലം ചിരിക്കുന്നു...

നീയെന്റേതല്ലെന്നൊരു മറുമൊഴി മാത്രം ബാക്കി...

Monday, July 30, 2007

ബാഷ്പം

മഴക്ക്‌ പെയ്തൊഴിയാതിരിക്കാനാവില്ല
തോരാതിരിക്കാന്‍
നിന്റെ മിഴികളല്ലല്ലോ ആകാശം...

നീ ബാഷ്പമായി പോകുകയാണ്‌...
നിഴലുകള്‍ നിദ്രക്ക്‌ വഴി മാറി തുടങ്ങിയ
എന്റെ ഹൃദയത്തിലെ തടാകങ്ങളില്‍ നിന്ന്‌

മേഘങ്ങളോട്‌ ചേര്‍ന്ന്‌ എന്നെ നനക്കാന്‍
കുളിരേകാന്‍
നിന്റെ കണ്ണുനീരെങ്കിലും ബാക്കി വെച്ചല്ലോ...

നിനക്ക്‌ശോണിമ നഷ്ടപ്പെട്ടിരിക്കുന്നു
നിനക്ക്‌ വന്ധ്യത ബാധിച്ചിരിക്കുന്നു...

തീണ്ടാരിയായി..
കറുത്തമുറിയുടെ മൂലയില്‍ ചുരുളുമ്പോഴും
കണ്ണുകളില്‍ കണ്ട ചുവപ്പ്‌
കാമത്തിന്റെ കനലുകളായിരുന്നില്ല
വേദനയുടെ
നിര്‍വികാരികതയുടെ
ശേഷിപ്പുകളായിരുന്നു...

എന്റെ ഹൃദയത്തില്‍തുളഞ്ഞുകയറിയ
മുള്ളുകളിലൊന്നെങ്കിലും
നിനക്ക്‌ തിരിച്ചെടുക്കാമായിരുന്നു
നോവിന്റെ വിരലടയാളങ്ങള്‍ പതിഞ്ഞ
വിരഹത്തിന്റെ അന്ത്യമായി...

മഴ...
നിന്റെ അധിനിവേശത്തിന്റെ അടയാളം..

Monday, July 16, 2007

വഴിയമ്പലം


ഇടക്ക്‌ ചോദിക്കാതെ കടന്നുവരും...
അറിയാതെ ഞാന്‍ സ്വീകരിക്കുകയും ചെയ്യും...
വസന്തമായ്‌ സുഗന്ധം വിരിയിച്ച്‌
ശരത്കാലത്തിന്റെ ഇടവേളകളിലെപ്പോഴോ
കടന്നുപോകുകയും ചെയ്യും...

പതിഞ്ഞ ഈണത്തില്‍ പറഞ്ഞിട്ട്‌
പോകുന്നവരെയാണ്‌ പറയാതെ പോകുന്നവരെക്കാള്‍ പേടി
ഉള്ളില്‍ സ്വരുക്കൂട്ടിവെച്ച കനലുകള്‍
‍വീണ്ടും ആളിക്കത്തിക്കാന്‍ ഇടവേള തേടുകയാവും
ഒരു പക്ഷേ അത്തരക്കാര്‍...

നനവ്‌ വറ്റാത്ത മിഴിയുമായാണ്‌ വന്നത്‌...
പാതിയടര്‍ന്ന പാദുകത്തില്‍ പായല്‍പിടിച്ച്‌
നോവിന്റെ പ്രബന്ധം മാറോടടുക്കി
ചിതലരിച്ച വസ്ത്രങ്ങളുമായി...

ആദ്യരാത്രി എന്നെ തന്നെ നല്‍കേണ്ടി വന്നു..
പുഴയുടെ ശാന്തതയിലേക്കൊരു
പാഴ്ശരം തൊടുത്ത്‌
അവന്‍ തിരിഞ്ഞ്‌ കിടന്നു...
അടങ്ങാത്ത ത്വരയുടെ മുറിവടയാളങ്ങള്‍
‍മാറിടത്തില്‍ കനത്തിട്ടും വേദനിച്ചില്ല...

Friday, June 29, 2007

ഫെമിനിസം


ഉറുമ്പരിച്ചു തുടങ്ങിയ ജീവിതം...
നിദ്രയെ ഈച്ചകള്‍ വേട്ടയാടിപിടിക്കുന്നു...
ജഢമായി തുടങ്ങിയെന്ന
തിരിച്ചറിവിലേക്ക്‌
സ്ത്രൈണതയുടെ മടക്കയാത്ര...

ഫെമിനിസ്റ്റാകണമെന്ന മോഹം
മുളയിലെ നുള്ളി...
മരമില്ലാതെങ്ങനെ തണലുണ്ടാകുമെന്ന്‌
സ്വയമുരുക്കിയെടുത്ത ചോദ്യത്തിന്‌ മുമ്പില്‍ തോറ്റപ്പോള്‍...

കിടപ്പുമുറിയിലെ നിസ്വനങ്ങള്‍
സ്വവര്‍ഗരതിക്കാരിയുടെ ചുംബനത്തോടൊപ്പം
മകരപെയ്ത്തായി
ഇരമ്പിയകത്തപ്പോള്‍
പഴമയിലേക്ക്‌ തന്നെ തിരിച്ചുനടന്നു...

പിന്നീടെന്നോ...
ഹൃദയമെടുത്ത്‌ പുറത്തിട്ട്‌
ഫ്രീസറിലെ തണുപ്പിലൊളിപ്പിച്ചു...
മിടിക്കാന്‍ മറന്നുതുടങ്ങിയപ്പോള്‍
ഐസുകഷണങ്ങള്‍ക്കിടയിലേക്ക്‌ പൂഴ്ത്തി...
ശരീരം സൂക്ഷിക്കരുതെന്ന്‌ മോഹങ്ങള്‍
പറഞ്ഞ രാത്രിയിലാണ്‌
ഹൃദയം കാക്കണമെന്ന പ്രതിജ്ഞയെടുത്തത്‌...

അവള്‍....
പതിവ്രതയാണോയെന്ന
ചോദ്യത്തിന്‌ മുന്നിലെ ഏക പരാജിത
അപരാജിതയായ ഒരുവളുടെ
കരകരുത്താല്‍
ഉഴുതുമറിക്കപ്പെട്ടവള്‍...

Thursday, May 31, 2007

ഋതുമതി

പകലിനെക്കാള്‍ പ്രിയം
രാത്രിയാണെന്ന്‌ പറഞ്ഞതുകൊണ്ടാവാം...
കന്യകയാണോയെന്ന അവന്റെ ചോദ്യം...

രഹസ്യമായൊരിടം
മനധൈര്യം
ആരോടും പറയാത്തൊരാള്‍
ഇതെല്ലാം മതി...
കന്യകത്വാം നഷ്ടപ്പെടാനെന്നായിരുന്നു മറുപടി....

ചിത്രശലഭങ്ങളെ ജീവനോടെ പിടിച്ച്‌
പുസ്തകതാളില്‍ ഒളിപ്പിക്കുകയായിരുന്നു
അവന്റെ നേരമ്പോക്ക്‌....
രസതന്ത്രത്തിന്റെ നോട്ട്‌ ബുക്ക്‌ നിറയെ
ചരമകുറിപ്പുകള്‍ കണ്ടു...

തുമ്പികളെ പിടിച്ച്‌ വാലില്‍ കല്ലുകെട്ടി
പറപ്പിക്കുന്ന കുട്ടിയെ തല്ലിയത്രെ...
തേന്‍ കുടിക്കാനെത്തിയ വണ്ടിനെ
ഇതളുകളോടെ പിടികൂടിയെ പെണ്‍കുട്ടിയെ
അവന്‍ കല്ലെറിഞ്ഞത്രെ...

കഴിഞ്ഞ ഏഴുരാത്രികളില്‍
എന്റെ വാതിലിനരുകില്‍ വന്നവന്‍ മടങ്ങിപോയതറിഞ്ഞു...
എട്ടാം ദിവസം ഞാന്‍ വാതിലടച്ചു...
ഇനിയെനിക്കും ക്ഷമയുണ്ടായെന്ന്‌ വരില്ല....

Wednesday, February 14, 2007

ട്രാന്‍സ്ഫര്‍


‍അനാഥമാം ബാല്യത്തിന്റെ
ഇടവഴിയില്‍ നിന്നൊരു ദരിദ്രലേഖനം
നീട്ടുന്നു കാലത്തിന്‌...
ഇടവഴികളില്‍ വീണുകിടന്ന
ദ്രവിച്ച അസ്ഥികൂടങ്ങളില്‍ നിന്നും...
ഒരു വിരല്‍തുമ്പ്‌ മോഷ്ടിച്ച്‌...
എഴുതിയതാണിത്‌...

കെട്ടികിടക്കുന്ന ഫയലുകളില്‍ തല വെച്ചുറങ്ങുന്ന കൂട്ടുകാരാ....
ആര്‍ത്തിയോടെ വായിക്കാന്‍...
ഇതൊരു പ്രണയകവിതയല്ല...
എനിക്കും അവനുമിടയിലുള്ള...
അക്ഷരപാലമാണ്‌ നീയെന്ന്‌ തിരിച്ചറിയുക...

കരയരുത്‌...
നിന്റെ കണ്ണടയിലെ വിള്ളലുകള്‍...
എന്റെയീ...മുഷിഞ്ഞ കടലാസു കൊണ്ടു മറച്ചോളൂ....


നീ വിരാമം കാത്തുകഴിയുന്നു....
ഞാനിന്ന്‌...നിന്റെ കസേരയില്‍ കണ്ണ്‌ നട്ട്‌ വന്നതാണ്‌....
ഒരിലചോറ്‌, പുഷ്പഭാരം, പിന്നെ പുകചുരുളുകള്‍....
നിന്നെ മുറിക്കാന്‍ കത്തിയുമായി വന്നു നില്‍ക്കുന്ന ബീജങ്ങളിലേക്ക്‌...
തന്നെ നീയിനി മടങ്ങുക...

ഇനി...കാത്തിരിപ്പ്‌....
ഗുല്‍മോഹറുകള്‍ പൂക്കാന്‍ മടിക്കുന്ന
മറ്റൊരു നാട്ടിലേക്കുള്ള സുഖദമായ...കാത്തിരിപ്പ്‌....