Saturday, September 29, 2007

മരണം ഒരു കലയാണ്‌...

1. നീ നിലാവായിരുന്നു
മേഘങ്ങള്‍ മുഖം കറുപ്പിക്കും വരെ...
കാറ്റ്‌ നിന്നെ
വീണ്ടും കൊണ്ടുവന്നപ്പോള്‍
മരണമെന്നെ
കാണാനനുവദിച്ചുമില്ല...

എനിക്ക്‌ അഭയം വേണം
മനസില്‍
കരിമ്പടം പുതപ്പിക്കുന്ന
നിന്റെ അദൃശ്യചിന്തകളിനി
എന്നിലേക്ക്‌ വരാതിരിക്കാന്‍...

ചുണ്ടില്‍ ദന്തക്ഷതമുണ്ട്‌...
മുടിക്കെട്ടില്‍
വിരലിഴഞ്ഞ പാടുകളുണ്ട്‌
ഉരുകിയും
ഉലഞ്ഞും
നീ നിന്നെ നഷ്ടപ്പെടുത്തി...

ഒരിക്കല്‍ കൈവെള്ളയില്‍
നീ തന്ന ചുംബനത്തിന്റെ
ചൂടില്‍
മോഹങ്ങള്‍ തിളച്ചുമറിഞ്ഞിരുന്നു...

ഹൃദയം മുറിച്ചിട്ടും
ലാവയായി മോഹങ്ങള്‍
സ്വതന്ത്ര്യയായിട്ടും
അവയവങ്ങള്‍ ഛേദിക്കപ്പെടാതെ
നിന്നിരുന്നു...

നീ മഴയായിരുന്നു
വേനലിലേക്ക്‌ ഞാനടുക്കും വരെ...
ബാഷ്പമായി പോയ
കണ്ണുനീര്‍
നീയെന്തിന്‌ തടഞ്ഞുനിര്‍ത്തി...


2. തെറ്റുകള്‍
എന്റെ മുറിക്ക്‌ അലങ്കാരമാവുന്നു...
പൊട്ടിയ ദര്‍പ്പണം
പാതിയുടഞ്ഞ ഫ്ലവര്‍വേസ്‌
പൊടി പുണര്‍ന്ന കടലാസ്പൂക്കള്‍
പുറംച്ചട്ട നഷ്ടപ്പെട്ട പുസ്തകങ്ങള്‍
മുഷിഞ്ഞ തലയണ...

നിന്റെ ശബ്ദം മാത്രം
ശരി വിളമ്പുന്നുണ്ട്‌...
ഉപ്പില്ല, മുളകില്ല, അരിയില്ല...
അരാജകത്വത്തിന്റെ
തടവറയിലേക്ക്‌
ഞാനൊഴുകിയിറങ്ങുന്നതിന്റെ
സൂചനകള്‍...

പഴയ നോട്ടുബുക്കില്‍
നീ തന്ന പ്രണയലേഖനം
ചാകാതെ കിടക്കുന്നുണ്ട്‌...
തിരിച്ചെഴുതുമ്പോള്‍
മഷി തീര്‍ന്ന
തൂലിക
തല മുറിഞ്ഞ്‌ ശയിക്കുന്നുണ്ട്‌...

ഇരുധ്രുവങ്ങളിലേക്ക്‌
നമ്മെ വഴിമാറ്റിവിട്ട
ശവക്കുഴിയായിരുന്നോ ആ ചരട്‌...
അഴുകിയ ജഢങ്ങളായി
മെത്തയിലടുത്തടുത്ത്‌ കിടന്ന
രണ്ടിരകളായിരുന്നോ നാം...

നമ്മള്‍
അകലാനാവാതെ അടുത്തവരാണ്‌..
അതാവാം..
നൃത്തശാലയില്‍
ചുവടുകള്‍
പിഴച്ചപ്പോഴും
നീ
എന്നിലേക്കമരാന്‍ മടിച്ചത്‌...

നീ കലയാണ്‌...
ഒരു വലിയ മുറിവിന്റെ
വേദിയിലെ
കൈയടികളില്‍
എന്നെയില്ലാതാക്കിയ....

Sunday, September 23, 2007

കറി

ഒറ്റപ്പെട്ടു നില്‍ക്കുന്നതിനെ
കൂട്ടിച്ചേര്‍ക്കുന്നവളാണ്‌
യഥാര്‍ത്ഥ പാചകക്കാരി...

സ്നേഹത്തോടെ വിളിച്ച്‌
ഉപയോഗശേഷം
വലിച്ചെറിയുന്ന
ഇലയുടെ
ദുഖത്തില്‍
ആരുമറിയാതെ
പങ്കുചേരാന്‍ കഴിയണം അവള്‍ക്ക്‌...

ആത്മബന്ധം പോലെ
ചൂരുള്ളതാവണം
ചേരുവകള്‍...
അരകല്ലിന്റെ ഒരു കോണില്‍ നിന്നും
മറ്റൊന്നിലേക്ക്‌
ഒഴുകി നീങ്ങണം...
അവളുടെ
ആഗ്രഹത്തിന്റെ താളം...

വേദനിപ്പിക്കാതെ മുറിക്കണം..
വേര്‍പെടുമ്പോള്‍
മറ്റൊന്നിന്റെ ജഡം
കണ്ട്‌ ചിരിക്കാന്‍ പറയണം

നൊമ്പരപ്പെടുത്തുമ്പോഴും
തിളങ്ങുന്ന വായ്ത്തലയുള്ള
കൊലയാളിയെ
നീ പ്രണയിക്കുന്നു...
നിന്റെ ചോരയുടെ നനവില്‍
മുഖം തുടക്കാനാവാതെ
ഞാനെന്റെ പ്രാണനെ
കുരുതി നല്‍കുന്നു...

വിലാപങ്ങളുടെ തടവറയാണ്‌
നിന്റെ മുറി...
തീന്‍മേശയിലെ ചിരി
നിന്റെ കൊലകളുടെ വിധിന്യായമാണ്‌...
അടുക്കളയുടെ
ചുമരുകള്‍
നിലവിളികള്‍ക്ക്‌
കീഴ്പ്പെട്ടുകൊണ്ടിരിക്കുന്നു....

Thursday, September 13, 2007

മൂന്ന്‌ പെണ്‍കുട്ടികള്‍

മിഴികളില്‍ നിന്ന്‌...
മനസിന്റെ പച്ചയില്‍ നിന്ന്‌...
കടലിരമ്പുന്നുണ്ട്‌...
പ്രായശ്ചിത്തത്തിന്റെ തിരകളില്‍
ആത്മഹത്യയുടെ ശംഖടിയുന്നുണ്ട്‌...

വേര്‍പെടുത്തലില്‍
ഇഴപൊടിഞ്ഞകന്ന
ആത്മബന്ധത്തിന്റെ മുറിവുകള്‍ ആരറിയാന്‍...
മയില്‍പീലികളെക്കാള്‍ ഭീതിതമായി
കണ്‍പീലികള്‍ നരക്കുമ്പോള്‍
നദിക്ക്‌ കവിളിലഭയം....

ബാല്യത്തിന്റെ
മുറിവുകള്‍
തേടിയ പരിചിതയിലൊന്ന്‌...
നനയുന്നുണ്ടാവും
ആ കവിളിണയിലെ കറുപ്പ്‌....
പുഴ
മൃദുവായി മൃദുവായി
കണ്ണുകളിലേക്ക്‌ ഉള്‍വലിയുമ്പോള്‍...

കുസൃതിയായത്‌ കൊണ്ടാവാം..
മനസില്‍
നഖചിത്രം തീര്‍ത്ത്‌ ചിരിച്ചത്‌...
ശബ്ദത്തിനൊരു വിറയലുണ്ട്‌...
പനിച്ച്‌ പനിച്ച്‌
നെറ്റിയില്‍
അരുവി ആര്‍ത്തലക്കുന്നു...

പൊഴിഞ്ഞതൊന്ന്‌
എണ്ണാനാവത്തത്ര പൊഴിയാത്തത്‌...
ഒന്നിന്‌
മുന്നില്‍
തോറ്റടിയുന്നു
എന്നിലെ
ചിന്തകളുടെ പഴുപ്പ്‌....

Monday, September 10, 2007

ഭ്രാന്ത്‌

ഓര്‍മ്മയിലെ
അക്ഷരപാലത്തില്‍
വാക്കുകള്‍
ക്ഷയിക്കുന്നു...

വെളുത്ത തൂവാലയില്‍
അഴുക്കുപുരണ്ടൊരാകാശം...
മഴക്കായി
മേഘങ്ങള്‍
പുണരുന്നത്‌ നോക്കിനില്‍ക്കുന്നു...

അകലാന്‍ കൊതിക്കുന്നവരോട്‌
കാറ്റ്‌
സഹയാത്രികനാവട്ടെയെന്ന്‌
കുശുകുശുക്കുന്നു...

പാടാന്‍ കൊതിക്കുമ്പോള്‍
മഴ
പതിഞ്ഞ ശബ്ദത്തില്‍ ഒപ്പം കൂടുന്നു...

മരങ്ങള്‍
മഴു
കണ്ട്‌ വിതുമ്പുന്നുണ്ട്‌...

പുഴ
പതഞ്ഞൊഴുകാന്‍ കൊതിക്കുന്നുണ്ട്‌...

നീ നിന്റെ മോഹങ്ങളാല്‍ തന്നെവേട്ടയാടപ്പെടുന്നു....