Thursday, November 30, 2006

വളപ്പൊട്ടുകള്‍


കുപ്പിവളകള്‍ നിനക്കിഷ്ടമാണെന്ന്‌ പറഞ്ഞതുകൊണ്ട്‌ മാത്രമാണ്‌
കൈ നിറയെ പച്ച വളകളിട്ട്‌ ഞാന്‍ വന്നത്‌...
ഒന്നു നീ പൊട്ടിച്ച്‌ വളപ്പൊട്ടുകള്‍
എനിക്ക്‌ വേണമെന്ന്‌ വാശിപിടിച്ചിട്ടും ഞാന്‍ മിണ്ടാതിരുന്നതും...

എന്റെ രക്തം ഒഴുകിപടര്‍ന്ന ആ കുപ്പിചില്ലുകള്‍
നീ മാറോട്‌ ചേര്‍ക്കുന്നത്‌ കണ്ടപ്പോഴും...
ഞാന്‍ വിശ്വസിച്ചിരുന്നു....
നീയെന്നെ പ്രണയിക്കുകയാണെന്ന്‌...
പക്ഷേ...
എന്റെ രക്തത്തിന്റെ നിറം ചുവപ്പാണോയെന്നറിയാന്‍
നീയൊരു ഭിഷഗ്വരന്റെ മുഖം മൂടിയണിയുകയായിരുന്നുവെന്ന്‌
ഞാനറിഞ്ഞില്ല....

Tuesday, November 28, 2006

സൗഹൃദമോ...പ്രണയമോ...


എന്റെ പേര്‌ പൊടി പിടിച്ചു തുടങ്ങിയിരിക്കുന്നു...
ഈ താളുകളില്‍
എന്റെ ഹൃദയത്തില്‍
പിന്നെ നിന്റെയും...

സൗഹൃദമായിരുന്നു എനിക്കിഷ്ടമെന്നൊരുപാട്‌ പറഞ്ഞിട്ടും
പ്രണയത്തിന്‌ വാശി പിടിച്ചത്‌ തീ തന്നെയാണ്‌...
പരസ്പരം നഷ്ടപ്പെടും വരെ...

തീരത്തണയാതെ ഞാനിന്നൊഴുകി തീരുമ്പോഴും
നീ നക്ഷത്രങ്ങള്‍ക്ക്‌ കൂട്ടിരിക്കുകയാണ്‌...


ഇനിയും കടന്നുവരാം...
സൗഹൃദമോ...പ്രണയമോ...നിന്റെയിഷ്ടം...

വിയര്‍പ്പുറ്റുന്ന കടലാസുമൊതുക്കി...
വിറയാര്‍ന്ന പാദങ്ങളോടെ വേണം അടുത്തുവരാനെന്നു മാത്രം...

Tuesday, November 21, 2006

സാലഭജ്ഞിക


അവള്‍ക്കിഷ്ടം കറുത്ത രാത്രിയുടെ വശ്യത
പച്ചക്കും ചുവപ്പിനുമിടയില്‍ നിന്ന്‌
വിലപിച്ചു പായുന്ന കറുത്ത സ്വപ്നങ്ങളും...
മനസ്‌ കട്ടെടുക്കാന്‍ വന്ന അധിനിവേശപക്ഷികള്
ചിറകറ്റിട്ടും പ്രതിധ്വനിക്കുന്ന രോദനങ്ങള്
അഗ്നിയുടെ ചൂടില്‍ നിന്നും പുനര്‍ജനി തേടിയലഞ്ഞ
അഭിസാരികമാരുടെ ആര്‍ത്തനാദങ്ങള്‍...


ആകാശത്തിന്റെ നീലിമയില്‍ നിന്നും തൊട്ടെടുത്ത മോഹങ്ങള്‍
നിറം ചാര്‍ത്താതെ നിന്ന അമാവാസിയിലെ ഇരുട്ടില്‍
ചുവന്ന തെരുവിലെ രാത്രിയുടെ ഗദ്ഗധങ്ങള്‍...
നീ പോയത്‌ എന്റെ കാരാഗൃഹത്തില്‍ നിന്നും
സ്വാതന്ത്രത്തിന്റെ ചേരികളിലേക്ക്‌...
മുന്നൊരുക്കങ്ങളില്ലാതെ വന്ന നിലാവിന്റെ
വെള്ളിവെളിച്ചത്തില്‍ ഇര പിടിക്കാന്‍ വന്ന നക്ഷത്രങ്ങള്‍..


ഒന്നു തൊട്ടപ്പോഴേ പൊള്ളിയ കൈത്തലങ്ങള്‍
ശങ്കയില്ലാതിരുന്ന കൗമാര വിഹ്വലതകള്
‍ആസൂരതയുടെ ആത്മാവിഷ്ക്കാരമായി മാറാന്
‍ശ്രമിക്കുന്ന വര്‍ത്തമാന ചിന്തകള്‍...

എന്നിട്ടും അറിയാതെ പോയ പ്രണയം
ഇടയ്ക്ക്‌ തോന്നുന്ന സഹതാപത്തോട്‌ നന്ദിയുണ്ട്‌
പിണങ്ങിയിരുന്നു ഒട്ടുമ്പോള്‍ മഴയുടെ സാന്ത്വനമാണ്‌.

നീ ചോദിച്ചു.
നിന്റെ അടിമത്വത്തില്‍ നിന്നും എന്റെ സ്വാതന്ത്രത്തിലേക്കുള്ള വഴി...
തിമിരം ബാധിച്ചുപോയ എന്റെ കണ്ണുകള്
അജ്ഞാതമായ നേര്‍രേഖയിലൂടെ യാത്ര പോകാന്‍ പറഞ്ഞു...


വിരഹത്തിന്റെ തണുപ്പിലൂടെ നീ നടന്നു
വേര്‍പാടിന്റെ അരുവിയില്‍ മുങ്ങി നിവര്‍ന്നു...
അസ്തമയം കാത്ത്‌ ഇന്നും കടല്‍ക്കരയില്
കൊറ്റികളുടെ വിലാപത്തിന്‌ കാതോര്‍ത്ത്‌
കഴുകന്റെ ആത്മരോഷത്തിന്‌ ചെവിയോര്‍ത്ത്‌...


നിനക്ക്‌ മരണത്തിന്റെ കയങ്ങളിലൂടെ സഞ്ചരിക്കാനാണിഷ്ടം
അറിവിന്റെ അപാരതയില്‍ നിന്നും
വിഷം കഴിച്ച്‌ മയങ്ങുന്ന രജനികളില്‍ നിന്നും
വെറും സാലഭജ്ഞികയായ്‌ പരിണമിക്കുമ്പോള്
ഓര്‍മ്മകള്‍ ഹൃദയത്തെ കീഴ്പ്പെടുത്തുമ്പോള്‍...
നിന്റെ വിലാപം കാണാനിഷ്ടമല്ലാത്ത കണ്ണുകളോട്‌ ഞാന്‍ മാപ്പ്‌ ചോദിക്കുന്നു....

വയ്യിനി... കരയാനാവാതെ ജീവിക്കാനാവില്ലെന്ന്‌
അവള്‍ കുമ്പസരിച്ചിരിക്കുന്നു......


സൗഭാഗ്യങ്ങളൊരുപാടുണ്ടായിട്ടും കരയാന്‍ വിധിക്കപ്പെട്ടവള്‍ക്ക്‌

Saturday, November 11, 2006

എന്തായിരുന്നു നിന്റെ ആത്മഹത്യക്ക്‌ കാരണം...?


(അറിയാതെ കണ്ണുനീര്‍ പൊഴിക്കാനാണെന്റെ വിധി...
സ്വപ്നങ്ങളില്‍ പലതും യാഥാര്‍ഥ്യമായതാണെന്റെ ദുഖവും.
ചിതലരിച്ച ഓര്‍മ്മകളോട്‌
ഞാനിങ്ങനെയൊന്നും ആയിതീരണ്ടായിരുന്നുവെന്ന്‌പരിതപിക്കുമ്പോഴും
ആദ്യം സ്പര്‍ശിച്ച പുരുഷനും
ആത്മഹത്യ ചെയ്ത കൂട്ടുകാരനും
ഹോസ്റ്റല്‍മുറിയിലെ സ്നേഹിതയുമെല്ലാം...
എന്റെ കറുത്ത ചുവരുകളില്‍ നിന്നെത്തി നോക്കുന്നു... ..)

മണ്ണിന്റെ ആര്‍ദ്രതക്കെന്തിന്‌ നിന്റെയീ സ്വര്‍ണപതക്കം...
ഇന്നലെകളില്ലാത്ത നാളയുമറിയാത്ത
ആത്മാവകന്ന വെറുമൊരു ജഡമാണന്നു നീ...

സ്നിഗ്ധമാം അശ്രുക്കളായിരുന്നു
ബന്ധുക്കള്‍ നിനക്കു നല്‍കിയ അന്ത്യസമ്മാനം...
അതേറ്റുവാങ്ങുമ്പോള്‍ പുഷ്പചക്രങ്ങളുടെ ഭാരം നീ പേറുകയായിരുന്നു...
ചന്ദനത്തിരിയുടെ അസഹ്യഗന്ധവും നീ സഹിച്ചു...

എന്നെ ഞാനാക്കിയ കൂട്ടൂകാര...
അനുഭവങ്ങളുടെ ആര്‍ദ്രതയില്‍ മെഴുകുതിരിയായി ഞാന്‍ ഉരുകിതീരും മുമ്പ്‌
ആത്മാവായി വന്നെങ്കിലും മൊഴിയുക
എന്തായിരുന്നു നിന്റെ ആത്മഹത്യക്ക്‌ കാരണം...?