Friday, August 10, 2007

മറുമൊഴി


നിന്റെ ദാരിദ്ര്യമാണെന്റെ ഹൃദയം...
ദ്രവിച്ചുപോയ പുസ്തകതാളിലെ
ചത്തമയില്‍പീലിയായി
പുനര്‍ജ്ജനിക്കും വരെ
എന്റെ പ്രണയം നിന്റെ കരസ്പര്‍ശത്തിന്‌
കാതോര്‍ത്തുകൊണ്ടിരിക്കും..

തളിര്‍ക്കാനായി കൊതിക്കുമ്പോഴും..
മഴയായി നീ ചുംബിക്കാതെ
ഉണരാനാവാത്ത വിത്തായി
ഞാന്‍ മണ്ണില്‍ പൂണ്ടു കിടപ്പുണ്ടാവും
കനലെരിയുമ്പോഴും
നെഞ്ചിന്‍ നീറ്റലറിയാതെ
നിഴലുകള്‍ക്കിടയിലൂടെ...
നിന്റെ ചലനങ്ങള്‍ തേടി...
ഞാന്‍ യാത്ര തുടര്‍ന്നുകൊണ്ടിരിക്കും...

ഒഴുകിപടര്‍ന്നൊരീ...
സാന്ധ്യമേഘങ്ങള്‍ക്കിനിയെന്ത്‌ നല്‍കണം..?
ചിരിമറഞ്ഞ ചുണ്ടിലെ
ചോരപ്പാടുകളോടിനിയെന്ത്‌ കുമ്പസരിക്കണം..?

നിറഞ്ഞ കണ്ണിലെ...
പൊഴിയുന്ന കണ്‍പീലിയില്‍..
വിരഹത്തിന്റെ മന്ത്രമെഴുതി
കാലം ചിരിക്കുന്നു...

നീയെന്റേതല്ലെന്നൊരു മറുമൊഴി മാത്രം ബാക്കി...

24 comments:

ദ്രൗപതി said...

നിന്റെ ദാരിദ്ര്യമാണെന്റെ ഹൃദയം...
ദ്രവിച്ചുപോയ പുസ്തകതാളിലെ
ചത്തമയില്‍പീലിയായി
പുനര്‍ജ്ജനിക്കും വരെ
എന്റെ പ്രണയം നിന്റെ കരസ്പര്‍ശത്തിന്‌
കാതോര്‍ത്തുകൊണ്ടിരിക്കും..

ഒഴിഞ്ഞുമാറാന്‍ ശ്രമിക്കും തോറും മനസിലെ കീഴ്പ്പെടുത്തുന്ന ഒരേയൊരു വികാരമായിരുന്നോ പ്രണയം...

ഒരു കവിത കൂടി...

സുനില്‍ : എന്റെ ഉപാസന said...

ദ്രവിച്ചുപോയ പുസ്തകതാളിലെ
ചത്തമയില്‍പീലിയായി
പുനര്‍ജ്ജനിക്കും വരെ
എന്റെ പ്രണയം നിന്റെ കരസ്പര്‍ശത്തിന്‌
കാതോര്‍ത്തുകൊണ്ടിരിക്കും..

Janmantharangalaayi....alleee ?
Good one..

മയൂര said...

ദാരിദ്ര്യമാണെന്റെ ഹൃദയം, ഇത് എനിക്ക് മനസ്സിലായില്ലാ...ബാക്കി വരികള്‍ ഇഷ്‌ടമായി.....

സുനീഷ് തോമസ് / SUNISH THOMAS said...

നല്ല കവിതയാണു കെട്ടോ. പിന്‍മൊഴി തിരിച്ചുവരും വരെ കാത്തിരിക്കുമെന്നാണോ കവിതയുടെ അര്‍ഥം?

മഞ്ഞപ്പിത്തമായതുകൊണ്ട് ചോദിച്ചതാ... തല്ലരുത്. പൊയ്ക്കോളാം.

ഏ.ആര്‍. നജീം said...

:)

SHAN said...

watch a new gulf video
from,

http://shanalpyblogspotcom.blogspot.com/

G.manu said...

nalloru kavitha

Sreehari::ശ്രീഹരി said...

"നീയെന്റേതല്ലെന്നൊരു മറുമൊഴി മാത്രം ബാക്കി... "

കൊള്ളാം നന്നായിരിക്കുന്നു. ഏതോ ചില ഓര്‍മകള്‍ തിരിച്ചെത്തിയ പോലെ

ആപ്പിള്‍കുട്ടന്‍ said...

വായിച്ചവസാനമെത്തിയപ്പോള്‍ ഒരു നീറ്റല്‍,
നീയെന്റേതല്ലെന്നൊരു മറുമൊഴി.....
വേദനിപ്പിച്ചു.
വികാരഭരിതമായ വരികള്‍, നല്ല കവിത, അഭിനന്ദനങ്ങള്‍!

Raji Chandrasekhar said...

KANDU

ദ്രൗപതി said...

സുനില്‍,
ശരിയാണ്‌ ജന്മാന്തരങ്ങളായി തന്നെ...
മയൂരാ..
നീ സ്നേഹം നല്‍കാന്‍ മടിച്ചതിനാല്‍ എന്റെ ഹൃദയം ദരിദ്രമായി.
എന്റെ ഹൃദയം ദരിദ്രമായി എന്നതിനര്‍ത്ഥം നീയും ദരിദ്രയായി എന്നതാണ്‌...(ഇങ്ങനെയൊരു ചിന്തയില്‍ നിന്ന്‌ വന്നതാണ്‌ ഈ വരി..)
ഇവിടെ വന്നതിനും ഇഷ്ടമായി എന്നറിയിച്ചതിനും ഒരുപാട്‌ നന്ദി...

സുനീഷേ...
മഞ്ഞപിത്തം വേഗം മാറട്ടെന്ന്‌ ആശംസിക്കുന്നു...

നജീം, ഷാന്‍
നന്ദി..

ശ്രീഹരി..
ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം...

ആപ്പിള്‍കുട്ടാ...
പ്രോത്സാഹനത്തിന്‌ നന്ദി...

ശ്രീ said...

“ഒഴിഞ്ഞുമാറാന്‍ ശ്രമിക്കും തോറും മനസിലെ കീഴ്പ്പെടുത്തുന്ന ഒരേയൊരു വികാരമായിരുന്നോ പ്രണയം...”
അതു മാത്രമാണോ പ്രണയം?

“നിറഞ്ഞ കണ്ണിലെ...
പൊഴിയുന്ന കണ്‍പീലിയില്‍..
വിരഹത്തിന്റെ മന്ത്രമെഴുതി
കാലം ചിരിക്കുന്നു...”

ആ കാലത്തിനൊപ്പം നീങ്ങാന്‍‌ പഠിക്കുന്നിടത്തല്ലേ ഓരോരുത്തരുടേയും വിജയം?

നന്നായിട്ടുണ്ട്. മനസ്സ് ദരിദ്രമാകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

ദ്രൗപതി said...

ശ്രീ..
ആശംസകള്‍ക്ക്‌ നന്ദി...
കാലത്തിനൊപ്പം നീങ്ങാന്‍
എല്ലാവര്‍ക്കും കഴിയട്ടെ
എന്ന്‌ പ്രാര്‍ത്ഥിക്കാം...

Anonymous said...

valare nannairinnu,.... valare valare

ദ്രൗപതി said...

സയ്ജൂ..
നന്ദി...

Shine said...

ഒഴുകിപടര്‍ന്നൊരീ...
സാന്ധ്യമേഘങ്ങള്‍ക്കിനിയെന്ത്‌ നല്‍കണം..?
ചിരിമറഞ്ഞ ചുണ്ടിലെ
ചോരപ്പാടുകളോടിനിയെന്ത്‌ കുമ്പസരിക്കണം..?
നിറഞ്ഞ കണ്ണിലെ...
പൊഴിയുന്ന കണ്‍പീലിയില്‍..
വിരഹത്തിന്റെ മന്ത്രമെഴുതി
കാലം ചിരിക്കുന്നു...
നീയെന്റേതല്ലെന്നൊരു മറുമൊഴി മാത്രം ബാക്കി...

ഈ വേദന അനുഭവിച്ചിട്ടുണ്ടൊ!???
ഈ വരികള്‍ എന്റെ ഹൃദയത്തില്‍
മുള്‍‍‍മുനകളായി തറക്കുന്നു
അതെ ഇതു തന്നെയാണു എന്റെ കമന്റ്റും!

ഇവിടെ വരാന്‍ ഞാനെന്തെ വൈകിയെന്നറിയില്ല!
തുടര്‍ന്നും പ്രതീക്ഷിക്കുന്നു

ദ്രൗപതി said...

ഷൈന്‍..
അനുഭവിക്കാതെ എഴുതാന്‍
കഴിയാത്ത ഒരേയൊരു വികാരമല്ലേ അത്‌...
ആ സുഖനൊമ്പരം
ഉള്ളില്‍ കിടക്കുന്നതുകൊണ്ട്‌ തന്നെയാണ്‌ ഇങ്ങനെയൊന്ന്‌ കുത്തികുറിച്ചത്‌..
അഭിപ്രായത്തിന്‌ അകമഴിഞ്ഞ നന്ദി..

Shine said...

ദ്രൌപതീ...
മുറിവേറ്റ പ്രണയത്തെക്കുറിച്ചു
വീണ്ടുമെഴുതൂ...
ഞാനെന്റെ പഴയ ഓര്‍മ്മകളിലൊന്നു
മുങ്ങിത്താഴട്ടെ!

“മറഞ്ഞൊരെന്‍ കഴിഞ്ഞ കാലത്തിലാരൊ
പിഴുതെറിഞ്ഞൊരെന്‍ പ്രണയപുഷ്പമേ
ചിതലരിച്ച നിന്‍ മധുരമാം ഓര്‍മ്മയില്‍
സമര്‍പ്പിക്കുന്നു ഞാനെന്റെ സര്‍വ്വവും!
നിറഞ്ഞൊരെന്‍ മിഴികളും,
ഉടഞ്ഞൊരെന്‍ ഹൃദയവും,
കൊഴിഞ്ഞു വീണൊരെന്‍
പകല്‍കിനാക്കളും,
മോഹങ്ങളും മൌനദാഹങ്ങളും,
പിന്നെയി പാഴ്മരുഭൂവിലെ
എകാന്ത വാസവും...

ദ്രൗപതി said...

“മറഞ്ഞൊരെന്‍ കഴിഞ്ഞ കാലത്തിലാരൊ
പിഴുതെറിഞ്ഞൊരെന്‍ പ്രണയപുഷ്പമേ
ചിതലരിച്ച നിന്‍ മധുരമാം ഓര്‍മ്മയില്‍
സമര്‍പ്പിക്കുന്നു ഞാനെന്റെ സര്‍വ്വവും!
നിറഞ്ഞൊരെന്‍ മിഴികളും,
ഉടഞ്ഞൊരെന്‍ ഹൃദയവും,
കൊഴിഞ്ഞു വീണൊരെന്‍
പകല്‍കിനാക്കളും,
മോഹങ്ങളും മൌനദാഹങ്ങളും,
പിന്നെയി പാഴ്മരുഭൂവിലെ
എകാന്ത വാസവും...

ഷൈന്‍...
നൊമ്പരമാണ്‌ തരുന്നതെങ്കിലും
ഈ നിര്‍വൃതിയിലലിയാനല്ലേ
നാം കൊതിക്കുന്നത്‌...
ചുണ്ടിലഗ്നിയും
ആത്മാവിന്‍ വിങ്ങലുമായി
ആരെയോ കാത്തിരിക്കാന്‍
ഇപ്പോഴും...
നാം കൊതിക്കുന്നില്ലേ...

പ്രണയം അങ്ങനെയാണ്‌...
പറയാതെ പിരിഞ്ഞുപോയവരില്‍ നിന്നുപോലും
ഒരൊഴുക്കായി അത്‌
ഹൃദയത്തിലേക്ക്‌
സന്നിവേശിച്ചുകൊണ്ടിരിക്കുന്നു....
ഒരിക്കല്‍ കൂടി ദ്രൗപതിയുടെ ഭാവുകങ്ങള്‍...

സനാതനന്‍ said...

തളിര്‍ക്കാനായി കൊതിക്കുമ്പോഴും.. മഴയായി നീ ചുംബിക്കാതെഉണരാനാവാത്ത വിത്തായിഞാന്‍ മണ്ണില്‍ പൂണ്ടു കിടപ്പുണ്ടാവും
കനലെരിയുമ്പോഴും നെഞ്ചിന്‍ നീറ്റലറിയാതെനിഴലുകള്‍ക്കിടയിലൂടെ...നിന്റെ ചലനങ്ങള്‍ തേടി...ഞാന്‍ യാത്ര തുടര്‍ന്നുകൊണ്ടിരിക്കും...

നല്ല കവിത

Shine said...

പ്രണയം! ജന്‍‌മ ജന്‍‌മാന്തരങ്ങളായി പലരും ഇഴകീറി നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്ന ഉദാത്തമായ വികാരം!
അതിന്‍‌റ്റെ വേദന തന്നെയാണു അതിന്‍‌റ്റെ സുഖവും
ആ വേദന ശരിയായ അര്‍ത്ഥത്തില്‍ ഞാനിന്നനുഭവിക്കുന്നു! അതു കൊണ്ടു തന്നെയാണു
ചുണ്ടിലഗ്നിയും
ആത്മാവിന്‍ വിങ്ങലുമായി
ആരെയോ കാത്തിരിക്കാന്‍
ഇപ്പോഴും...
ഞാന്‍ കൊതിക്കുന്നതു!
പുതിയ കവിതക്കായി കാത്തിരിക്കുന്നു
മറുപടികള്‍ക്കു ഒരായിരം നന്ദി!
കവിതയിലെ പ്രായം ചിത്രത്തിലെ കുഞ്ഞിനില്ലല്ലൊ!!!?

ദ്രൗപതി said...

സനാതനാ...
അഭിപ്രായത്തിന്‌ അകമഴിഞ്ഞ നന്ദി...

ഷൈന്‍..
നമ്മള്‍ നാമറിയാതെ സംവദിച്ചുകൊണ്ടിരിക്കുകയാണ്‌...
ഒരിക്കല്‍ കൂടി വന്നതിന്‌ നന്ദി..

ബാല്യത്തിന്റെ പ്രതലത്തില്‍
ചുംബനത്തിനും
ആലിംഗനത്തിനും
കാഠിന്യമുണ്ടാവില്ല....
പഴമയുടെ ചിന്തില്‍ നിന്നും
പുനര്‍ജനിക്കാനെളുപ്പം
കുഞ്ഞുങ്ങളിലൂടെ
സഞ്ചരിക്കുമ്പോഴാണ്‌...
അതിനൊരു കാരണമുണ്ട്‌....
ബാല്യത്തിലെ മുഖത്ത്‌ നിഷ്കളങ്കത കാണാന്‍ സാധിക്കൂ...എവിടെ വെച്ചാണത്‌ നഷ്ടമാകുന്നതെന്ന്‌ മാത്രം ആരും നമുക്ക്‌ കാട്ടിതരുന്നില്ല...(ഇങ്ങനെ പറയാന്‍ കാരണം കവിതയിലെ പ്രായം ചിത്രത്തിലെ കുഞ്ഞിനില്ലാത്തത്‌ കൊണ്ട്‌...)

വീണ്ടും നന്ദി....

Shine said...

എ‌ന്‍‌റ്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരിയുടെ കത്തു തന്നെയാകട്ടെ ഇതിനു മറുപടി!
“ മുമ്പ് ഇന്‍റര്‍നെറ്റ് ഒരു നല്ല അഭയം ആയിരുന്നു. ഇപ്പോ അതിന്‍റെ കൌതുകവും കെട്ടു പോയി. പൊതുവേ വായനയും കുറവാണ്. മനം തുറന്നൊന്ന് കരയണമെന്ന് തോന്നും. ക്ലാസ്സിലായിരിക്കുമ്പോള്‍ കൊച്ചു കുട്ടികളുടെ മുഖത്തേക്ക് നോക്കുമ്പോള്‍ ചിലപ്പോള്‍ കണ്ണു നിറയും. അവര്‍ ജീവിതം തുടങ്ങിയിട്ടല്ലേ ഉള്ളൂ... ഏതെല്ലാം വഴികളിലൂടെ അവര്‍ നടക്കാനിരിക്കുന്നു, എന്തൊക്കെ അറിയാനും അനുഭവിക്കാനുമിരിക്കുന്നു... ജീവിതം എന്തു മാത്രം വിരസമാണെന്ന് തിരിച്ചറിഞ്ഞു തുടങ്ങുമ്പോള്‍ അവര്‍ എന്തു ചെയ്യും എന്നാണ്` ഞാന്‍ ചിലപ്പോള്‍ ചിന്തിക്കുക. “
കൊച്ചു കുഞ്ഞുങ്ങളുടെ നിഷ്കളങ്കത കാണുമ്പോള്‍ നഷ്ടപ്പെട്ട പലതുമോര്‍ത്തു എന്റെ കണ്ണും നിറയാറുണ്ടു കേട്ടൊ!
നമ്മള്‍ നാമറിയാതെ സംവദിക്കുകയാണൊ!?
എങ്കില്‍ താങ്കള്‍ എഴുതൂ...
എനിക്കു കഴിയുന്ന നാള്‍വരെ അഭിപ്രായവുമായി ഞാനുമുണ്ടാകും!
(കവിതയിലെ പ്രായം ചിത്രത്തിലെ കുഞ്ഞിനില്ലല്ലൊ!!!? )
ഇതെന്റെ സ്നേഹപൂര്‍വ്വമായ ഒരു വിമര്‍ശനമാണു!

ദ്രൗപതി said...

ഷൈന്‍...
ഇങ്ങനെയൊരു കൂട്ടുകാരിയെ കിട്ടിയത്‌ തന്നെ ഭാഗ്യം...
അവള്‍ ഇന്നിനെ കുറിച്ച്‌ ചിന്തിച്ചിരിക്കുന്നു..വളര്‍ച്ചയുടെ പടവുകളില്‍ കുരുന്നുകളെ കാത്തിരിക്കുന്ന ദുരിതങ്ങളെ കുറിച്ച്‌
ചിന്തിച്ചിരിക്കുന്നു....
ഒരധ്യാപികയുടെ
പരിവേദനങ്ങള്‍ക്കപ്പുറം
വര്‍ത്തമാനകാലത്തിന്റെ
വ്യാകുലതകള്‍ ദ്രൗപതി
അതില്‍ നിന്നൊപ്പിയെടുക്കുന്നു....

ഷൈന്‍..സൂചിപ്പിച്ചൊരു കാര്യത്തിന്‌ മറുപടി കൂടി
ഇവിടെ കുറിക്കട്ടെ....
എന്റെ രചനകളില്‍ ഭൂരിഭാഗവും
ഈ കാറ്റഗറിയില്‍ തന്നെപ്പെടുന്നതാണെന്ന്‌ എന്നെ പ്രോത്സാഹിപ്പിക്കുന്നവര്‍ പറയാറുണ്ട്‌...
ഈ ബ്ലോഗിലെ ആദ്യകാല പോസ്റ്റുകളില്‍ നിറഞ്ഞുനില്‍ക്കുന്നതും നൊമ്പരങ്ങള്‍ തന്നെയാണ്‌....
ആശംസകളോടെ
ദ്രൗപതി