Sunday, May 31, 2009

പുനര്‍ജ്ജനിക്കാത്ത മഴനൂലുകള്‍...

എന്റെ ശബ്ദത്തിനായി
ചെവിയോര്‍ത്തുനില്‍ക്കുന്നുവെന്ന്‌ കരുതി,
എന്റെ സാമീപ്യത്തിനായി
കൊതിക്കുന്നുവെന്ന്‌ കരുതി,
എന്റെ സാന്നിധ്യത്തിനായി
മോഹിക്കുന്നുണ്ടെന്ന്‌ കരുതി,
എന്റെ കെട്ടുതുടങ്ങിയ
തൂലികത്തുമ്പില്‍
നിന്റെ അക്ഷരജ്വാലകള്‍ പടര്‍ത്തുമെന്ന്‌ കരുതി...
പാടത്തിന്‌ നടുവില്‍
ഞാന്‍ ഒരുക്കിവെച്ച കുടിലില്‍
റാന്തല്‍ വിളക്കിന്റെ
നേരിയ വെളിച്ചത്തില്‍
പുഴകടന്നെത്തുന്ന ഓരോ തോണിയിലും
നിന്നെയും കാത്ത്‌
നിദ്ര വെടിഞ്ഞിരിക്കുമ്പോഴും
എന്റെ സ്വപ്‌നങ്ങള്‍
അംഗീകരിക്കുന്നില്ല
നീ വരില്ലെന്നുള്ള യാഥാര്‍ത്ഥ്യം.

നിനക്ക്‌ നല്‍കാന്‍
മഴയെ മിഴിയിലൊളിപ്പിച്ചിരുന്നു..
മോഹങ്ങളെ വരണ്ട
ഹൃദയത്തില്‍ നട്ടുപിടിപ്പിച്ചിരുന്നു...
എന്നിട്ടും ഊഷരഭൂമിയുടെ
നിഷ്‌കളങ്കത വിട്ട്‌
എന്റെ ജീവിതവീഥിയിലേക്ക്‌
വഴിമാറി സഞ്ചരിക്കില്ലത്രെ...

എത്ര വസന്തങ്ങള്‍
എത്ര ഹേമന്തങ്ങള്‍...
ആര്‍ദ്രമായ മുദ്രണങ്ങള്‍ തീര്‍ത്ത്‌,
നക്ഷത്രങ്ങളുടെ നിറം
കണ്ണുകളിലേറ്റുവാങ്ങി
വിദൂരമാം മേഘങ്ങള്‍ക്കിടയിലേക്ക്‌
ഞാനും പോകുന്നു
അതാണ്‌ സ്വര്‍ഗമെന്ന്‌
മരിച്ചവര്‍
മുന്നില്‍ വന്ന്‌ ആണയിടുന്നു....

Monday, May 18, 2009

യാത്ര പറയുകയാണെന്റെ സ്വപ്‌നം

മൃതിയുടെ കരിഞ്ഞ ഗന്ധത്തിലേക്ക്‌
മടങ്ങുന്നവനിനിയും
വേദനയുടെ ഭാണ്ഡം തരാതിരിക്കുക.
മഴനൂലുകളാല്‍
അവശേഷിക്കുന്ന ഓര്‍മ്മകളെ
ബന്ധിക്കാതിരിക്കുക.

കണ്‍മഷി പടര്‍ന്ന മിഴികള്‍,
ചോര വാര്‍ന്ന ശരീരം,
നീലഞരമ്പുകളുടെ വിറയല്‍
എന്റെ കാഴ്‌ചയില്‍ തെളിയുന്ന
നിന്റെ നിസ്സഹായത.

പുനര്‍ജ്ജനി തേടുന്നവന്റെ
ശൂന്യമായ വൃന്ദാവനം...
കുയിലുകളുടെ
മരണമൊഴിയെടുക്കുന്ന
ഇലകളില്ലാമരം...
വഴിമധ്യേ
ആരോ ഉപേക്ഷിച്ച ചോരപ്പൂക്കള്‍...

വറ്റിയ പുഴകള്‍,
വിണ്ടുകീറിയ ആകാശം,
തപിക്കുന്ന കാറ്റ്‌
അഭിനയമുറിയിലെ
അടര്‍ന്നുമാറാത്ത ബിംബങ്ങള്‍...

അരങ്ങില്‍
അവസാനദീപമണഞ്ഞു.
കളിവിളക്ക്‌ കരിന്തിരി കത്തിയമര്‍ന്നു.
കടലിന്റെ അടിവയറ്റിലേക്കൂളിയിടുന്ന
അസ്‌തമയത്തിന്റെ
അവസാനജ്വാലയും മങ്ങി.

ഇനിയെന്റെ യാത്രയുടെ
കറുത്തപാതകള്‍.

Monday, May 11, 2009

നിദ്രയില്‍...

കരിഞ്ഞുണങ്ങിയ
സ്വപ്‌നങ്ങളുടെ പലകയിലാണ്‌
ഉറങ്ങാന്‍ കിടന്നത്‌...

ദിശയറിയാതെ പോകുന്ന
മോഹങ്ങളിലൊന്ന്‌
ഇന്നലെയും
വഴിതെറ്റി വന്നിരുന്നു...

നിന്റെ മുഖത്ത്‌
ഉണങ്ങിപ്പിടിച്ചിരിക്കുന്ന
അശ്രുബിന്ദുക്കളുടെ കഥ പറഞ്ഞവ
പതിയെ ചിരിച്ചു...

പിന്നെ മയില്‍പ്പീലി വിശറികൊണ്ട്‌
ഓര്‍മ്മകളെ തലോടിയുറക്കി
തിരിച്ചുപോയി...

ഞാനറിയുകയായിരുന്നു
പ്രണയത്തിന്റെയും
മരണത്തിന്റെയും
ഗന്ധവും സാന്നിധ്യവും...