Sunday, May 25, 2008

പ്രണയചിത്രം

മൌനമെഴുതിയ
മിഴികളുള്ള തൊട്ടാവാടികളാണ്‌
പ്രണയത്തിണ്റ്റെ വറുതിയിലും
പിടിച്ചുനില്‍ക്കുന്നത്‌...

മനസ്‌ കൂട്ടിക്കലര്‍ത്തി
ക്യാന്‍വാസില്‍ പകര്‍ത്തുമ്പോള്‍
അറുതിയില്ലാത്ത വികാരമൂര്‍ഛകള്‍
മരങ്ങളായോ നക്ഷത്രങ്ങളായോ
തെളിഞ്ഞുവരും...

അതിനിടയില്‍
കൈകോര്‍ത്തോ
ചുണ്ടുകള്‍ മുട്ടിച്ചോ
ശയ്യക്ക്‌ മുമ്പുള്ള
തീ സ്വരുക്കൂട്ടുന്നവരുണ്ടാകും...

പാതി മങ്ങിയ പുഴയോ
വിളറിയ സൂര്യാസ്തമയമോ
അവ്യക്തമായ മലകളോ
നിറക്കൂട്ടുകള്‍ മോഹിച്ച്‌
വിതുമ്പുന്നുണ്ടാകും...

ഇണപക്ഷികള്‍
ഇലകളില്ലാ ശിഖരത്തില്‍
മുഖത്തോട്‌ നോക്കിയിരിക്കുന്നത്‌...
ചുവപ്പോ കറുപ്പോ കൂട്ടിക്കലര്‍ത്തി
അവയവങ്ങള്‍ക്ക്‌ തുടിപ്പ്‌ കൂട്ടിയത്‌..
ഓലമേഞ്ഞ വീടും പക്ഷിക്കൂടും
അനിവാര്യതയായികോറിയിട്ടത്
മുറിവുകളുടെ മുഖം മറക്കാനാകും...

പക്ഷേ
കാട്ടുമറയില്‍ വേഴ്ച നടത്തുന്ന
പത്തിയുള്ള നാഗങ്ങള്‍
മാത്രം മതി
ഒരു ചിത്രം വിരൂപമാവാന്‍...

Tuesday, May 06, 2008

സായന്തനം

തളം കെട്ടി നില്‍ക്കുന്ന രക്തം
ഭൂമിക്കലങ്കാരമാണെന്ന്‌
കടല്‍ കരയോട്‌ പറഞ്ഞു...
ചോരപുഴകളില്‍
നീന്തികുളിക്കാനായിരുന്നെങ്കിലെന്ന്‌
ആകാശം ആത്മഗതം പൊഴിച്ചു...

നന്ദി..
കാഴ്ചയുടെ കനല്‍വഴി
മറയ്ക്കുന്നതിന്‌...
മഴുവിന്റെ ആദ്യചുംബനത്തില്‍ തന്നെ
ചിരിച്ചുകൊണ്ട്‌
മരം പറഞ്ഞു...

നക്ഷത്രങ്ങള്‍
മഴവില്ലിനോട്‌ മന്ത്രിച്ചു...
ക്ഷണികമെങ്കിലും
പുനര്‍ജനിക്കാമെന്ന പ്രതീക്ഷയോടെ
മരിക്കുന്നതാണ്‌ നല്ലതെന്ന്‌...
ഇരുട്ടിന്റെ മറവിലെ
നഗ്നതയുടെ കൂട്ടിയിണക്കലുകള്‍ കണ്ട്‌
അതിന്‌ മടുത്തിട്ടാവാം...

മേഘങ്ങള്‍
സ്വാതന്ത്ര്യം തേടിയുള്ള യാത്രയിലാണ്‌
കാറ്റിനെ തടയാനുമാവില്ല...
അവശേഷിച്ചതെല്ലാം തച്ചുടക്കാന്‍
ഇരമ്പലായി
പേമാരിയും വരുന്നുണ്ട്‌...

നീയെവിടെയാണ്‌...??
ഭോഗത്തിനെറിഞ്ഞുകൊടുത്ത
നിന്റെ സ്വപ്നങ്ങളെ മൂടാന്‍
ഒരു കുട്ട മണ്ണുമായി
ഞാന്‍ കാത്തിരിക്കുന്നു...

Friday, April 18, 2008

ശിഷ്ടം

തീര്‍ന്നു..നീ നല്‍കിയ വസന്തം...
ഇനി ശിശിരകാലത്തിന്‍
യവനികയുണരും...
അരങ്ങുണരും...
വീണു ചിതറുമീ കരിയിലയിലെന്‍
പാദമമരുമ്പോള്‍
വിറയാര്‍ന്ന ശബ്ദമായി
മാത്രമോര്‍മ്മയില്‍ നീ നിറയും...
മത്സരയിനമാം
ജീവിതനാടകം
പതിയെ പടിയിറക്കുമ്പോള്‍
അണിയറയിലൊതുങ്ങി
ചമയങ്ങളില്ലാതെ
തടവറയിലാകുമെന്‍ ചിന്തകള്‍...
മധ്യാഹ്നവേളയില്‍
മദ്യമൊഴുകുന്ന സിരയുമായി
വര്‍ഷകാലത്തിനായി
കാതോര്‍ക്കുമന്നെന്‍ കര്‍ണ്ണങ്ങള്‍

ചിതലരിച്ചു തുടങ്ങിയ
പുസ്തകതാളിലെ
മയില്‍പീലിയുടെ ശവകൂടീരത്തില്‍ നിന്ന്‌
ഇനിയെന്നാണ്‌
നീ പുനര്‍ജനിക്കുക...?
ചോദ്യങ്ങള്‍ മൗനത്തിന്റെ
മുള്‍മുന പേറി
കൊലമരത്തിലേക്കാനയിക്കുമ്പോള്‍...
നീ തിരിച്ചറിയുക...

ദ്രവിച്ചു പോയോര്‍മ്മകള്‍
മുറ്റത്തെ കുടമുല്ല പോലും മരിച്ചുപോയി...
പറയാന്‍ മറന്നൊരീ കഥയും
ശൂന്യമാം വേദിയും
സദസ്സായി നീയും
അഭിനയിക്കാനറിയാത്ത
ഞാനും ബാക്കി...

Thursday, April 10, 2008

ശയനമുറി

കട്ടില്‍
നമ്മെ ഊട്ടിയുറപ്പിക്കുന്ന ദ്വീപ്‌
നിസ്വനങ്ങളുടെ
നദി
നിതാന്തസ്നേഹത്തിന്‍
മരുഭൂമി
മോഹസാമ്രാജ്യത്തിലെ
കടല്‍
രതിയുടെ
കാറ്റ്‌
പിരിയാതെ ഇണക്കി ചേര്‍ത്ത
രാത്രിയുടെ സാക്ഷി...

കിടക്ക
നഗ്നതയുടെ ഊട്ടുപുര
നിശ്വാസങ്ങള്‍ വീണുടഞ്ഞ
പച്ചനിലം
ഞരമ്പുകളുടെ തിരോധാനവും
മാംസത്തിന്റെ കിതപ്പും
വീണുടഞ്ഞു ചിതറിപ്പോയ
ഭൂമിക...

തലയണ
മുടിയുടെ മണവും
ശിരോഭാരവും
ഇടറിയ ഗദ്ഗധങ്ങളും
ഇണകളുടെ ഇടര്‍ച്ചകളാണ്‌...
മുഴുത്ത മാറിടങ്ങള്‍ പോലെ
സുഖവും സുഷുപ്തിയും നല്‍കും
ഓരോ ഒട്ടലും....

പുതപ്പ്‌
സ്വപ്നങ്ങള്‍ തണുത്ത്‌ വിറച്ച്‌
ചൂടു തേടുമ്പോള്‍
സ്ത്രൈണതയായി
വന്നു ദേഹം മൂടുന്നു
കാമത്തിന്റെ കനല്‍...

ജാലകം
അഴികള്‍ക്കപ്പുറം
സ്വപ്നങ്ങളുടെ ആഴി...
പരന്ന പാടം
ചുവന്ന മേഘങ്ങള്‍...
മനസിന്റെ ചിത്രപണി ചെയ്ത
കവാടം കാണും പോലൊരു
അന്ധാളിപ്പ്‌ ബാക്കിയാവുന്നു...
നിന്റെ കൃഷ്ണമണിയില്‍...
തൃഷ്ണയില്‍
തെളിഞ്ഞ വസന്തത്തിന്റെ വെളിച്ചം
കനല്‍ക്കട്ടയാവുന്നു...
ചുണ്ടുകള്‍ കൂട്ടിക്കെട്ടിയ
അസുലഭതയില്‍
അസ്തമയത്തിന്റെ ജനലഴികളില്‍
ഇനി നോവിന്റെ മറ...

വാതില്‍
സുരക്ഷയുടെ അകകാമ്പ്‌..
നിശബ്ദതക്കും തേങ്ങലുകള്‍ക്കും
ഒളിത്താവളം..
തുറക്കാനും അടക്കാനും
മാത്രമായി ചില ജന്മങ്ങള്‍...
കൊഴുത്ത ഇരുട്ടിന്റെ
ഗദ്ഗധങ്ങളില്‍...
രഹസ്യങ്ങളുടെ തടവറയാകുന്ന
വെറുമൊരു പലക.

Sunday, April 06, 2008

പ്രണയികളുടെ ശ്മശാനം

കൃഷ്ണേ..
നിന്റെ മുറിവില്‍ നിന്ന്‌
എന്നിലേക്ക്‌ പകര്‍ന്ന രോഗബീജമോ പ്രണയം...
തളര്‍ന്ന മുഖവും
ചുവന്ന കണ്ണുകളും
എന്നെ വിവര്‍ണനാക്കുകയാണ്‌...
പൊഴിഞ്ഞുതീരാനൊരുങ്ങുന്ന
വാര്‍മുടിയില്‍
ഇത്തിള്‍ കണ്ണിയായി പടര്‍ന്നുകയറുകയാണ്‌..
നീ തന്ന വിരഹം...
സര്‍പ്പവിഷമായി വന്ന്‌
നീലമാംസമായി നിന്ന്‌
ഇലഞ്ഞിപലകയില്‍ കോര്‍ത്ത
ജീവന്റെ നേര്‍ത്ത മിടിപ്പായി
പെയ്തുതോരുകയാണീ
സ്നേഹത്തിന്‍ തനുത്ത പേമാരി...
മഞ്ഞപ്പായി വന്നു നിന്ന
മിന്നല്‍ സാന്നിധ്യമെവിടെയെന്ന്‌
ശബ്ദഘോഷങ്ങളുടെ
നിരര്‍ത്ഥകത പുലമ്പുന്നുണ്ട്‌...
അര്‍ത്ഥശൂന്യതയുടെ തവിട്ട്‌ ചിരാതില്‍
എണ്ണയില്ലാതെ തിരിയെരിയുന്നുണ്ട്‌..
മഴയുടെ നൗക മിഴികളില്‍ മറിഞ്ഞു തുളുമ്പുന്നുണ്ട്‌...

കുടിച്ചിറക്കിയ ചവര്‍പ്പില്‍
ഞാനൊളിപ്പിച്ച മധുരമറിഞ്ഞുവോ നീ..
തളര്‍ന്ന മിഴികളിലൂറിയ കണ്ണുനീര്‍
തുടക്കുമ്പോള്‍ തിരിച്ചറിഞ്ഞിരുന്നോ
കൊരുത്ത ചൂണ്ടയുടെ വേദന..
നിന്റെ മരണം എന്റെ മൃതി കൂടിയായിരുന്നു...
നഷ്ടങ്ങളുടെ വിളര്‍ത്ത കണ്ഠങ്ങളില്‍
വെള്ളലോഹം പടര്‍ത്തി
നിന്നെ തിരഞ്ഞ്‌ ഒടുവീലീ ഞാനും...

തിരയുകയാണിന്ന്‌...
ആത്മാക്കള്‍ക്ക്‌ രൂപമില്ലെന്നോ...
നിന്റെ തണുത്ത വിരല്‍തുമ്പെവിടെ..
മുറിച്ച ചുണ്ടുകളെവിടെ...
അഴിഞ്ഞുവീണ മുടിക്കെട്ടെവിടെ...
ശൂന്യതയുടെ തടാകത്തില്‍ നാം കണ്ട
പ്രണയത്തിന്റെ സീല്‍ക്കാരമെവിടെ...
സ്മരണകള്‍ ബാക്കിയാക്കിയ ഈ മണ്ണില്‍
ഇനിയെത്ര പനിനീര്‍പ്പൂക്കളെ
ആര്‍ക്കൊക്കെ ബലികൊടുക്കേണ്ടി വരും...

Saturday, March 22, 2008

യാത്ര പറയും മുമ്പെ...

ഓര്‍മ്മകളുടെ
സീമന്തരേഖയില്‍
നീ തൊട്ട രക്തം...
ഉണങ്ങിപിടിച്ചപ്പോള്‍
തുടച്ചുമാറ്റേണ്ടി വന്നു....

നീ തന്ന
കസവുപാകിയ സ്വപ്നങ്ങള്‍
ശരീരത്തെ കുത്തിനോവിച്ചപ്പോള്‍
ഊരി മാറ്റേണ്ടി വന്നു...

മോതിരവിരലില്‍
നീ ചുറ്റിവരിഞ്ഞിട്ട സ്നേഹം
നൊമ്പരപ്പെടുത്തിയപ്പോള്‍
പിഴുതെറിയേണ്ടി വന്നു...

നിന്റെ മുല്ലമാലയെ
താങ്ങാനായില്ല..
എന്റെ കിനാവുകള്‍ക്ക്‌...
പനിനീര്‍പ്പൂ അരികില്‍ നിരന്ന
പൂച്ചെണ്ടിന്‌
എന്റെ ചെറിയ കരങ്ങള്‍ക്കുള്ളില്‍
ഇടം നല്‍കാനായില്ല...

ഒഴുകാന്‍ മറന്ന ജലരേഖകളുടെ
ഒടുവിലത്തെ അധ്യായവും
മറിച്ചുനോക്കുമ്പോള്‍...
മണലിനടിയില്‍
ആണ്ടുപോയ
ശംഖായി...
നിര്‍വൃതി തേടിയലഞ്ഞ്‌
മലഞ്ചെരിവുകളിലെവിടെയോ
കരിഞ്ഞുണങ്ങി തുടങ്ങിയ
അപ്പൂപ്പന്‍താടിയായി...
എനിക്ക്‌
പിന്‍വാങ്ങേണ്ടി വരുന്നു...

Thursday, March 13, 2008

മാര്‍ച്ച്‌ നിന്നോട്‌...

ദുഖത്തിന്റെ പുസ്തകത്തില്‍
രക്തം കൊണ്ട്‌ കവിത കോറുമ്പോള്‍
എത്ര വാക്കുകളെ
എനിക്ക്‌ തിരിച്ചുപിടിക്കേണ്ടി വരും...

കൂടണഞ്ഞ
പാതി തളര്‍ന്ന
മരിച്ച, പേ പിടിച്ച അക്ഷരങ്ങളെ
ഒരേ പ്രതലത്തില്‍ എങ്ങനെ നിരത്താനാവും...

കാലിനടിയില്‍പ്പെട്ട്‌ ശ്വാസം മുട്ടിമരിച്ച
പ്രണയമെന്ന വാക്കിന്‌
ആര്‍ക്ക്‌ പുനര്‍ജന്മം നല്‍കാനാവും...

കാലം തെറ്റിയെത്തിയ കണിക്കൊന്നയും
വിരുന്നെത്തിയ ഗുല്‍മോഹറും
കൊഴിഞ്ഞു തീര്‍ന്നാലും
സൗഹൃദമെന്ന ഭാഷയെ ആര്‌ നിര്‍വചിക്കും...

ഇരുണ്ട മുറിക്കുള്ളില്‍
വീണുടഞ്ഞേക്കാവുന്ന
സാഹോദര്യമെന്ന വാക്കിനെ
എങ്ങനെ വിശ്വസിക്കാനാവും...

ജാലകങ്ങള്‍ക്കപ്പുറത്തെ ശൂന്യത
മൂത്രപ്പുരയില്‍ കുറിച്ചിട്ട തോന്നിവാസങ്ങള്‍...
ഇവ കൊണ്ടെങ്ങനെ വരികള്‍ തീര്‍ക്കും...

മേല്‍ക്കൂരകളില്‍
ചുവരുകളില്‍
തെളിവിനായി കുറിച്ചിട്ട പേരുകള്‍ കൊണ്ട്‌
എങ്ങനെ പ്രാസമൊപ്പിക്കും...

ബന്ധനമറ്റ്‌ ചിതറിപ്പോയ
ദ്രവിച്ച പുസ്തകതാളിലെ
അവശേഷിക്കുന്ന ആംഗലേയ പദങ്ങള്‍ കൊണ്ട്‌
എങ്ങനെ അലങ്കാരങ്ങള്‍ പണിയും...

നരച്ച ചിന്തകളുടെ
ഉണങ്ങിയ ശിഖരങ്ങള്‍ കൂടി അടരും മുമ്പ്‌
പേര്‌ പോലും കുറിക്കാതെ മടങ്ങുന്നു...
മാര്‍ച്ച്‌...
നീ...ക്ഷമിക്കുക