Sunday, July 26, 2009

നിന്നിലലിയാന്‍ കൊതിച്ച്‌ (മരണത്തിന്‌)

ചിലപ്പോഴെല്ലാം
കാറ്റിനേക്കാള്‍ വേഗത്തില്‍,
അല്ലെങ്കില്‍
മഴയേക്കാള്‍ ആര്‍ദ്രമായി,
വെയിലിനേക്കാള്‍ തപിച്ച്‌
കാലത്തിനധീതമായി
എന്നില്‍ വീണുടയുന്ന
സ്‌ഫടികബിന്ദുവാണ്‌ നീ...

നീ സ്‌പര്‍ശിക്കുമ്പോള്‍
ശരീരത്തെക്കാള്‍
തരളിതമാവുന്നത്‌ ആത്മാവാണ്‌...
വിഹ്വലതകളാല്‍
വീര്‍പ്പുമുട്ടുന്ന മനസ്സിനേക്കാള്‍
നിന്നിലെ വിങ്ങല്‍
നീയറിയാതെ ഏറ്റുവാങ്ങിയ
എന്റെ ഹൃദയമാണ്‌...

നിന്റെ മടിയില്‍ ശയിക്കുമ്പോള്‍
ഞാന്‍ കേട്ട മിടിപ്പുകള്‍
നിന്നിലലിഞ്ഞു ചേരാന്‍ കൊതിച്ച
എന്റെ തന്നെ സ്വപ്‌നങ്ങളുടെ വിതുമ്പലായിരുന്നു...

നിന്റെ മിഴികള്‍
എനിക്ക്‌ സമ്മാനിച്ച ഉപ്പുതുള്ളികള്‍
എന്റെ ചുണ്ടുകളില്‍
വിരഹമെന്നെഴുതി നടന്നുമറയുമ്പോള്‍
ആ തണുത്ത കൈവിരലുകള്‍
എന്നെ മുറുകെ പിടിച്ചിരുന്നു...

നിന്റെ മാറില്‍ മുഖം ചേര്‍ത്ത്‌
നെറ്റിയിലെ ചന്ദനം
മിഴികളാല്‍ മായ്‌ച്‌ ഞാനലിയുകയാണ്‌...
അടര്‍ന്നുമാറാനാവാതെ ഒട്ടിപ്പോയ ശരീരവും
ഇഴചേര്‍ന്ന കണ്‍പീലികളുമായി
ഇനിയൊരു ജന്മത്തിന്‌ കൊതിച്ച്‌
നക്ഷത്രങ്ങള്‍ക്ക്‌ താഴേക്ക്‌
നാമൊന്നായി ഉയരുകയാണ്‌...

നീയും ഞാനുമിപ്പോള്‍ ഒന്നാണ്‌...
തണുത്തുറഞ്ഞുപോയ,
ഭൂമിയിലേക്ക്‌
വീഴാന്‍ മടിക്കുന്ന
ആലിപ്പഴം....