Wednesday, September 24, 2008

അകന്നുപോകുന്ന മൗനത്തിന്‌...

ഒരു നേര്‍ത്ത മൗനമായി അകലുമ്പൊഴല്ലാതെ
അടരുന്നതെന്തിനെന്നരുകില്‍ നിന്നിങ്ങനെ...
ചുംബനമഴയില്‍ കുളിച്ച്‌ ഞാന്‍
ചുണ്ടിന്റെ ചൂടിലുണങ്ങി കരിഞ്ഞ്‌
നിന്റെ ഓര്‍മ്മ തന്‍ കടകണ്ണിലെ
പീലികളെണ്ണുമ്പോള്‍...
പ്രണയശാഖകള്‍ ഇളകിയടര്‍ന്നെന്റെ
ഹൃദയഭിത്തിയില്‍ മുറിവുകള്‍ തീര്‍ക്കുന്നു...

വന്നൊരു സന്ധ്യയില്‍
ഉമ്മറത്തന്തിതിരിയായി...
അരികിലിരുന്നെന്റെ കാതില്‍
നാമമന്ത്രമായി...
തുളസിത്തറയിലെ ചിരാതിലെരിഞ്ഞെന്റെ
മനസിലൊരു മായാത്ത മൗനമുയരുന്നു...
കരിന്തിരി കത്തിയൊരോട്ടുവിളക്കിലെന്‍
കണ്ണുനീരൊഴുക്കുന്നു...
ആളുന്നൊരഗ്നിയില്‍ നിന്‍ രൂപവും
ഭാവവുമെന്റെ സ്വപ്‌നവും
ഇണകളായി പിടയുന്നു...

രാവേറെയായിയരുകിലൊരു
മായാത്ത ഗന്ധമായി
തണുത്തുറഞ്ഞയെന്‍ മോഹങ്ങളിലൊരു
നനുത്ത തപസ്‌പര്‍ശമായി...
ചാരാത്ത ജാലകവാതിലിനരുകിലായി
ചന്ദ്രബിംബം വന്നെത്തി നോക്കുന്നു...
തൊടിയിലെ ഇരുട്ടിനുള്ളിലൊരു
നിശാഗന്ധി വിരിയുന്നു...
അരണ്ടവെളിച്ചത്തിലാദ്യമായി
നിന്നെയെന്‍ ഹൃദയത്തിലടക്കുമ്പോള്‍
ഇടറിയ ഗദ്‌ഗധമായി
വഴിതെറ്റി വന്നൊരു കാറ്റടര്‍ത്തുന്നു..

വിഭാതഭൂമിയുടെ വിളര്‍ത്ത മുഖത്ത്‌
വിരഹത്തിന്റെ തീ പടര്‍ത്തി
നിന്റെ ചിതയെരിയുമ്പോള്‍...
നഷ്‌ടങ്ങളുടെ വിറകുകൂനയില്‍
മറവിയുടെ പൂ വിരിയുന്നു...
അര്‍ധവിരാമമിട്ടന്നാദ്യമായി
നിന്റെ തണുത്ത നെറ്റിയില്‍
അന്ത്യാലിംഗനം ചൊരിയുമ്പോള്‍...
മഞ്ഞിനും മഴക്കുമപ്പുറത്തേക്ക്‌
ജലധാരയായി ഒഴുകിയകലുന്നതെന്‍
ജീവനോ...
നിന്‍ സ്‌മൃതിയോ...

ഒരു നേര്‍ത്ത മൗനമായി അകലുമ്പൊഴല്ലാതെ
അടരുന്നതെന്തിനെന്നരുകില്‍ നിന്നിങ്ങനെ...

Tuesday, August 05, 2008

മരണത്തിന്റെ മുഖഛായ

ഓര്‍മ്മയില്‍ നിന്ന്‌
എനിക്ക്‌ നീയെന്നാല്‍
പിറകോട്ട്‌ സഞ്ചരിക്കുന്ന
മരങ്ങളിലൊന്ന്‌ മാത്രമായിരുന്നു.
തിരിഞ്ഞുനോക്കാനാവാത്ത യാത്രകളില്‍
കൃഷ്‌ണമണികളില്‍
പറ്റിപിടിച്ചൊരോര്‍മ്മ കഷ്‌ണം.

ദ്രവിച്ച സ്വപ്‌നങ്ങളുടെ കറുത്തഛായയില്‍
മുഖം നോക്കി നില്‍ക്കുമ്പോഴും
വീഴൊനൊരുങ്ങി നില്‍ക്കുന്ന
അര്‍ബുദശിഖരത്തില്‍
തൂങ്ങിയാടുമ്പോഴും
കണ്ണില്‍ നിന്നത്‌
മായ്‌ച്‌ കളയാന്‍ ശ്രമിക്കുന്നുണ്ട്‌...

സാന്നിധ്യമില്ലാതെ
സാമീപ്യമില്ലാതെ
സാഹചര്യങ്ങളില്ലാതെയടുത്ത്‌
അകലേണ്ടിവരുമ്പോഴും
പരിഭവത്തിന്റെ കറുത്തപുകയില്‍
മോഹങ്ങള്‍ ശ്വാസത്തിനായി
പിടയുന്നുണ്ട്‌...

ഒരുപാട്‌ മുഖങ്ങളിലൊന്ന്‌ മാത്രം
കട്ടെടുത്തിട്ടും
ഒരുപാട്‌ മനസിലൊന്ന്‌ മാത്രം
നേടിയിട്ടും
അദൃശ്യമായെത്തി നോക്കി
കുത്തിനോവിച്ച്‌
മണ്ണിലടിയുന്ന മൗനത്തിന്റെ
ഇരുണ്ട തടവറയിലെനിക്കിനിയഭയം..

മറവിയിലേക്ക്‌
വേനല്‍
വെറുക്കുന്ന ജലത്തെ
ശിശിരത്തിന്റെ
മടിയിലുപേക്ഷിച്ച്‌ പോയ
കാലത്തോടൊരു വാക്ക്‌.
വര്‍ഷവുമായി വരുമുമ്പെ
കുരുതിക്കളത്തിലേക്കെറിയുക...
ഒരാര്‍ത്തിരമ്പലിനേക്കാള്‍ മനോഹരം
ഒരിറ്റായി ഊര്‍ന്ന്‌ വീണ്‌
മരിക്കുകയാണ്‌...

പഴിക്കില്ല ഞാന്‍...
വിധിയുടെ കരംഗ്രഹിച്ച്‌
തണുത്തുറഞ്ഞ്‌
മറയുകയെന്നാല്‍
ഭാഗ്യമെന്നാണര്‍ത്ഥം...

Thursday, July 17, 2008

കാമുകി

ജനിച്ചത്‌ മുതല്‍ ഒപ്പമുണ്ട്‌...
അപൂര്‍വ ഛായക്കൂട്ടുകള്‍
അണിയുകയും അഴിക്കുകയും
ചെയ്യുന്ന കാമുകി...

എനിക്ക്‌ മുന്നെ ജനിച്ച്‌
വളര്‍ന്ന്‌
മരിച്ച്‌
പുനര്‍ജനിച്ച്‌
വിധിയുടെയും നിയോഗത്തിന്റെയും
തടവറ തീര്‍ക്കുന്നവള്‍...

നിദ്രയുടെ ആലസ്യത്തില്‍ നിന്ന്‌
വിളിച്ചുണര്‍ത്തിയപ്പോള്‍
'പ്രഭ'യെന്ന്‌ പേരിട്ടു...
ഉണര്‍വിന്റെ ഉച്ചസ്ഥായിലെപ്പോഴോ
'ഉഷ'യെന്ന്‌ മാറ്റി വിളിച്ചു...
നിലവിളക്കിന്റെ ചാരുതയില്‍
'സന്ധ്യ'യെന്ന്‌ തിരുത്തി...
ഇരുട്ടിന്റെ മുരള്‍ച്ചയേകി
വിറയാര്‍ന്നപാദങ്ങളുമായി
രതിയുടെ രസം പകര്‍ന്നവള്‍
'രജനി'യായി...

അറിയാം...
ഒഴുക്കിനൊത്ത്‌ നീങ്ങുന്ന
കര്‍ക്കിടകവഞ്ചിയില്‍
കരഞ്ഞ മിഴികളുമായി അവളുണ്ടാകും...
'സ്മൃതി'യുടെ കരം ഗ്രഹിച്ച
എന്റെ ചടങ്ങുകള്‍ക്ക്‌
സാക്ഷിയാവാന്‍...

Wednesday, June 25, 2008

മരം

ആഴത്തില്‍
വേരൂന്നിയ മരം
പിഴുതെടുക്കുന്നവനറിയില്ല
ഭൂമിയുമായുള്ള
അതിന്റെ പ്രണയം

ശിഖരങ്ങളറുത്ത്‌
മാറ്റുന്നവനറിയില്ല
ഇത്തിള്‍കണ്ണിയുമായുള്ള
അതിന്റെ ഗാഢസൗഹൃദം

ഇലകളടര്‍ത്തുന്നവര്‍
തിരിച്ചറിയുന്നില്ല
കാറ്റുമായുള്ള
അതിന്റെ സ്വകാര്യതകള്‍

വളര്‍ത്തുമ്പോഴും
പിളര്‍ത്തുമ്പോഴും
ചിരിക്കുന്നവന്റെ മുഖത്ത്‌ നോക്കി
കരയാറുമില്ല അത്‌

വാതിലായോ ജനലായോ
പുനര്‍ജനിപ്പിച്ചാലും
അലങ്കൃതമൗനത്തിന്റെ
വിരസതക്കപ്പുറം
എന്തു നല്‍കാനാവും
ഒരു മനുഷ്യന്‌...

Sunday, May 25, 2008

പ്രണയചിത്രം

മൌനമെഴുതിയ
മിഴികളുള്ള തൊട്ടാവാടികളാണ്‌
പ്രണയത്തിണ്റ്റെ വറുതിയിലും
പിടിച്ചുനില്‍ക്കുന്നത്‌...

മനസ്‌ കൂട്ടിക്കലര്‍ത്തി
ക്യാന്‍വാസില്‍ പകര്‍ത്തുമ്പോള്‍
അറുതിയില്ലാത്ത വികാരമൂര്‍ഛകള്‍
മരങ്ങളായോ നക്ഷത്രങ്ങളായോ
തെളിഞ്ഞുവരും...

അതിനിടയില്‍
കൈകോര്‍ത്തോ
ചുണ്ടുകള്‍ മുട്ടിച്ചോ
ശയ്യക്ക്‌ മുമ്പുള്ള
തീ സ്വരുക്കൂട്ടുന്നവരുണ്ടാകും...

പാതി മങ്ങിയ പുഴയോ
വിളറിയ സൂര്യാസ്തമയമോ
അവ്യക്തമായ മലകളോ
നിറക്കൂട്ടുകള്‍ മോഹിച്ച്‌
വിതുമ്പുന്നുണ്ടാകും...

ഇണപക്ഷികള്‍
ഇലകളില്ലാ ശിഖരത്തില്‍
മുഖത്തോട്‌ നോക്കിയിരിക്കുന്നത്‌...
ചുവപ്പോ കറുപ്പോ കൂട്ടിക്കലര്‍ത്തി
അവയവങ്ങള്‍ക്ക്‌ തുടിപ്പ്‌ കൂട്ടിയത്‌..
ഓലമേഞ്ഞ വീടും പക്ഷിക്കൂടും
അനിവാര്യതയായികോറിയിട്ടത്
മുറിവുകളുടെ മുഖം മറക്കാനാകും...

പക്ഷേ
കാട്ടുമറയില്‍ വേഴ്ച നടത്തുന്ന
പത്തിയുള്ള നാഗങ്ങള്‍
മാത്രം മതി
ഒരു ചിത്രം വിരൂപമാവാന്‍...

Tuesday, May 06, 2008

സായന്തനം

തളം കെട്ടി നില്‍ക്കുന്ന രക്തം
ഭൂമിക്കലങ്കാരമാണെന്ന്‌
കടല്‍ കരയോട്‌ പറഞ്ഞു...
ചോരപുഴകളില്‍
നീന്തികുളിക്കാനായിരുന്നെങ്കിലെന്ന്‌
ആകാശം ആത്മഗതം പൊഴിച്ചു...

നന്ദി..
കാഴ്ചയുടെ കനല്‍വഴി
മറയ്ക്കുന്നതിന്‌...
മഴുവിന്റെ ആദ്യചുംബനത്തില്‍ തന്നെ
ചിരിച്ചുകൊണ്ട്‌
മരം പറഞ്ഞു...

നക്ഷത്രങ്ങള്‍
മഴവില്ലിനോട്‌ മന്ത്രിച്ചു...
ക്ഷണികമെങ്കിലും
പുനര്‍ജനിക്കാമെന്ന പ്രതീക്ഷയോടെ
മരിക്കുന്നതാണ്‌ നല്ലതെന്ന്‌...
ഇരുട്ടിന്റെ മറവിലെ
നഗ്നതയുടെ കൂട്ടിയിണക്കലുകള്‍ കണ്ട്‌
അതിന്‌ മടുത്തിട്ടാവാം...

മേഘങ്ങള്‍
സ്വാതന്ത്ര്യം തേടിയുള്ള യാത്രയിലാണ്‌
കാറ്റിനെ തടയാനുമാവില്ല...
അവശേഷിച്ചതെല്ലാം തച്ചുടക്കാന്‍
ഇരമ്പലായി
പേമാരിയും വരുന്നുണ്ട്‌...

നീയെവിടെയാണ്‌...??
ഭോഗത്തിനെറിഞ്ഞുകൊടുത്ത
നിന്റെ സ്വപ്നങ്ങളെ മൂടാന്‍
ഒരു കുട്ട മണ്ണുമായി
ഞാന്‍ കാത്തിരിക്കുന്നു...

Friday, April 18, 2008

ശിഷ്ടം

തീര്‍ന്നു..നീ നല്‍കിയ വസന്തം...
ഇനി ശിശിരകാലത്തിന്‍
യവനികയുണരും...
അരങ്ങുണരും...
വീണു ചിതറുമീ കരിയിലയിലെന്‍
പാദമമരുമ്പോള്‍
വിറയാര്‍ന്ന ശബ്ദമായി
മാത്രമോര്‍മ്മയില്‍ നീ നിറയും...
മത്സരയിനമാം
ജീവിതനാടകം
പതിയെ പടിയിറക്കുമ്പോള്‍
അണിയറയിലൊതുങ്ങി
ചമയങ്ങളില്ലാതെ
തടവറയിലാകുമെന്‍ ചിന്തകള്‍...
മധ്യാഹ്നവേളയില്‍
മദ്യമൊഴുകുന്ന സിരയുമായി
വര്‍ഷകാലത്തിനായി
കാതോര്‍ക്കുമന്നെന്‍ കര്‍ണ്ണങ്ങള്‍

ചിതലരിച്ചു തുടങ്ങിയ
പുസ്തകതാളിലെ
മയില്‍പീലിയുടെ ശവകൂടീരത്തില്‍ നിന്ന്‌
ഇനിയെന്നാണ്‌
നീ പുനര്‍ജനിക്കുക...?
ചോദ്യങ്ങള്‍ മൗനത്തിന്റെ
മുള്‍മുന പേറി
കൊലമരത്തിലേക്കാനയിക്കുമ്പോള്‍...
നീ തിരിച്ചറിയുക...

ദ്രവിച്ചു പോയോര്‍മ്മകള്‍
മുറ്റത്തെ കുടമുല്ല പോലും മരിച്ചുപോയി...
പറയാന്‍ മറന്നൊരീ കഥയും
ശൂന്യമാം വേദിയും
സദസ്സായി നീയും
അഭിനയിക്കാനറിയാത്ത
ഞാനും ബാക്കി...

Thursday, April 10, 2008

ശയനമുറി

കട്ടില്‍
നമ്മെ ഊട്ടിയുറപ്പിക്കുന്ന ദ്വീപ്‌
നിസ്വനങ്ങളുടെ
നദി
നിതാന്തസ്നേഹത്തിന്‍
മരുഭൂമി
മോഹസാമ്രാജ്യത്തിലെ
കടല്‍
രതിയുടെ
കാറ്റ്‌
പിരിയാതെ ഇണക്കി ചേര്‍ത്ത
രാത്രിയുടെ സാക്ഷി...

കിടക്ക
നഗ്നതയുടെ ഊട്ടുപുര
നിശ്വാസങ്ങള്‍ വീണുടഞ്ഞ
പച്ചനിലം
ഞരമ്പുകളുടെ തിരോധാനവും
മാംസത്തിന്റെ കിതപ്പും
വീണുടഞ്ഞു ചിതറിപ്പോയ
ഭൂമിക...

തലയണ
മുടിയുടെ മണവും
ശിരോഭാരവും
ഇടറിയ ഗദ്ഗധങ്ങളും
ഇണകളുടെ ഇടര്‍ച്ചകളാണ്‌...
മുഴുത്ത മാറിടങ്ങള്‍ പോലെ
സുഖവും സുഷുപ്തിയും നല്‍കും
ഓരോ ഒട്ടലും....

പുതപ്പ്‌
സ്വപ്നങ്ങള്‍ തണുത്ത്‌ വിറച്ച്‌
ചൂടു തേടുമ്പോള്‍
സ്ത്രൈണതയായി
വന്നു ദേഹം മൂടുന്നു
കാമത്തിന്റെ കനല്‍...

ജാലകം
അഴികള്‍ക്കപ്പുറം
സ്വപ്നങ്ങളുടെ ആഴി...
പരന്ന പാടം
ചുവന്ന മേഘങ്ങള്‍...
മനസിന്റെ ചിത്രപണി ചെയ്ത
കവാടം കാണും പോലൊരു
അന്ധാളിപ്പ്‌ ബാക്കിയാവുന്നു...
നിന്റെ കൃഷ്ണമണിയില്‍...
തൃഷ്ണയില്‍
തെളിഞ്ഞ വസന്തത്തിന്റെ വെളിച്ചം
കനല്‍ക്കട്ടയാവുന്നു...
ചുണ്ടുകള്‍ കൂട്ടിക്കെട്ടിയ
അസുലഭതയില്‍
അസ്തമയത്തിന്റെ ജനലഴികളില്‍
ഇനി നോവിന്റെ മറ...

വാതില്‍
സുരക്ഷയുടെ അകകാമ്പ്‌..
നിശബ്ദതക്കും തേങ്ങലുകള്‍ക്കും
ഒളിത്താവളം..
തുറക്കാനും അടക്കാനും
മാത്രമായി ചില ജന്മങ്ങള്‍...
കൊഴുത്ത ഇരുട്ടിന്റെ
ഗദ്ഗധങ്ങളില്‍...
രഹസ്യങ്ങളുടെ തടവറയാകുന്ന
വെറുമൊരു പലക.

Sunday, April 06, 2008

പ്രണയികളുടെ ശ്മശാനം

കൃഷ്ണേ..
നിന്റെ മുറിവില്‍ നിന്ന്‌
എന്നിലേക്ക്‌ പകര്‍ന്ന രോഗബീജമോ പ്രണയം...
തളര്‍ന്ന മുഖവും
ചുവന്ന കണ്ണുകളും
എന്നെ വിവര്‍ണനാക്കുകയാണ്‌...
പൊഴിഞ്ഞുതീരാനൊരുങ്ങുന്ന
വാര്‍മുടിയില്‍
ഇത്തിള്‍ കണ്ണിയായി പടര്‍ന്നുകയറുകയാണ്‌..
നീ തന്ന വിരഹം...
സര്‍പ്പവിഷമായി വന്ന്‌
നീലമാംസമായി നിന്ന്‌
ഇലഞ്ഞിപലകയില്‍ കോര്‍ത്ത
ജീവന്റെ നേര്‍ത്ത മിടിപ്പായി
പെയ്തുതോരുകയാണീ
സ്നേഹത്തിന്‍ തനുത്ത പേമാരി...
മഞ്ഞപ്പായി വന്നു നിന്ന
മിന്നല്‍ സാന്നിധ്യമെവിടെയെന്ന്‌
ശബ്ദഘോഷങ്ങളുടെ
നിരര്‍ത്ഥകത പുലമ്പുന്നുണ്ട്‌...
അര്‍ത്ഥശൂന്യതയുടെ തവിട്ട്‌ ചിരാതില്‍
എണ്ണയില്ലാതെ തിരിയെരിയുന്നുണ്ട്‌..
മഴയുടെ നൗക മിഴികളില്‍ മറിഞ്ഞു തുളുമ്പുന്നുണ്ട്‌...

കുടിച്ചിറക്കിയ ചവര്‍പ്പില്‍
ഞാനൊളിപ്പിച്ച മധുരമറിഞ്ഞുവോ നീ..
തളര്‍ന്ന മിഴികളിലൂറിയ കണ്ണുനീര്‍
തുടക്കുമ്പോള്‍ തിരിച്ചറിഞ്ഞിരുന്നോ
കൊരുത്ത ചൂണ്ടയുടെ വേദന..
നിന്റെ മരണം എന്റെ മൃതി കൂടിയായിരുന്നു...
നഷ്ടങ്ങളുടെ വിളര്‍ത്ത കണ്ഠങ്ങളില്‍
വെള്ളലോഹം പടര്‍ത്തി
നിന്നെ തിരഞ്ഞ്‌ ഒടുവീലീ ഞാനും...

തിരയുകയാണിന്ന്‌...
ആത്മാക്കള്‍ക്ക്‌ രൂപമില്ലെന്നോ...
നിന്റെ തണുത്ത വിരല്‍തുമ്പെവിടെ..
മുറിച്ച ചുണ്ടുകളെവിടെ...
അഴിഞ്ഞുവീണ മുടിക്കെട്ടെവിടെ...
ശൂന്യതയുടെ തടാകത്തില്‍ നാം കണ്ട
പ്രണയത്തിന്റെ സീല്‍ക്കാരമെവിടെ...
സ്മരണകള്‍ ബാക്കിയാക്കിയ ഈ മണ്ണില്‍
ഇനിയെത്ര പനിനീര്‍പ്പൂക്കളെ
ആര്‍ക്കൊക്കെ ബലികൊടുക്കേണ്ടി വരും...

Saturday, March 22, 2008

യാത്ര പറയും മുമ്പെ...

ഓര്‍മ്മകളുടെ
സീമന്തരേഖയില്‍
നീ തൊട്ട രക്തം...
ഉണങ്ങിപിടിച്ചപ്പോള്‍
തുടച്ചുമാറ്റേണ്ടി വന്നു....

നീ തന്ന
കസവുപാകിയ സ്വപ്നങ്ങള്‍
ശരീരത്തെ കുത്തിനോവിച്ചപ്പോള്‍
ഊരി മാറ്റേണ്ടി വന്നു...

മോതിരവിരലില്‍
നീ ചുറ്റിവരിഞ്ഞിട്ട സ്നേഹം
നൊമ്പരപ്പെടുത്തിയപ്പോള്‍
പിഴുതെറിയേണ്ടി വന്നു...

നിന്റെ മുല്ലമാലയെ
താങ്ങാനായില്ല..
എന്റെ കിനാവുകള്‍ക്ക്‌...
പനിനീര്‍പ്പൂ അരികില്‍ നിരന്ന
പൂച്ചെണ്ടിന്‌
എന്റെ ചെറിയ കരങ്ങള്‍ക്കുള്ളില്‍
ഇടം നല്‍കാനായില്ല...

ഒഴുകാന്‍ മറന്ന ജലരേഖകളുടെ
ഒടുവിലത്തെ അധ്യായവും
മറിച്ചുനോക്കുമ്പോള്‍...
മണലിനടിയില്‍
ആണ്ടുപോയ
ശംഖായി...
നിര്‍വൃതി തേടിയലഞ്ഞ്‌
മലഞ്ചെരിവുകളിലെവിടെയോ
കരിഞ്ഞുണങ്ങി തുടങ്ങിയ
അപ്പൂപ്പന്‍താടിയായി...
എനിക്ക്‌
പിന്‍വാങ്ങേണ്ടി വരുന്നു...

Thursday, March 13, 2008

മാര്‍ച്ച്‌ നിന്നോട്‌...

ദുഖത്തിന്റെ പുസ്തകത്തില്‍
രക്തം കൊണ്ട്‌ കവിത കോറുമ്പോള്‍
എത്ര വാക്കുകളെ
എനിക്ക്‌ തിരിച്ചുപിടിക്കേണ്ടി വരും...

കൂടണഞ്ഞ
പാതി തളര്‍ന്ന
മരിച്ച, പേ പിടിച്ച അക്ഷരങ്ങളെ
ഒരേ പ്രതലത്തില്‍ എങ്ങനെ നിരത്താനാവും...

കാലിനടിയില്‍പ്പെട്ട്‌ ശ്വാസം മുട്ടിമരിച്ച
പ്രണയമെന്ന വാക്കിന്‌
ആര്‍ക്ക്‌ പുനര്‍ജന്മം നല്‍കാനാവും...

കാലം തെറ്റിയെത്തിയ കണിക്കൊന്നയും
വിരുന്നെത്തിയ ഗുല്‍മോഹറും
കൊഴിഞ്ഞു തീര്‍ന്നാലും
സൗഹൃദമെന്ന ഭാഷയെ ആര്‌ നിര്‍വചിക്കും...

ഇരുണ്ട മുറിക്കുള്ളില്‍
വീണുടഞ്ഞേക്കാവുന്ന
സാഹോദര്യമെന്ന വാക്കിനെ
എങ്ങനെ വിശ്വസിക്കാനാവും...

ജാലകങ്ങള്‍ക്കപ്പുറത്തെ ശൂന്യത
മൂത്രപ്പുരയില്‍ കുറിച്ചിട്ട തോന്നിവാസങ്ങള്‍...
ഇവ കൊണ്ടെങ്ങനെ വരികള്‍ തീര്‍ക്കും...

മേല്‍ക്കൂരകളില്‍
ചുവരുകളില്‍
തെളിവിനായി കുറിച്ചിട്ട പേരുകള്‍ കൊണ്ട്‌
എങ്ങനെ പ്രാസമൊപ്പിക്കും...

ബന്ധനമറ്റ്‌ ചിതറിപ്പോയ
ദ്രവിച്ച പുസ്തകതാളിലെ
അവശേഷിക്കുന്ന ആംഗലേയ പദങ്ങള്‍ കൊണ്ട്‌
എങ്ങനെ അലങ്കാരങ്ങള്‍ പണിയും...

നരച്ച ചിന്തകളുടെ
ഉണങ്ങിയ ശിഖരങ്ങള്‍ കൂടി അടരും മുമ്പ്‌
പേര്‌ പോലും കുറിക്കാതെ മടങ്ങുന്നു...
മാര്‍ച്ച്‌...
നീ...ക്ഷമിക്കുക

Wednesday, February 13, 2008

നഗ്നപ്രണയം...

കഫേകളിലെ
ശൂന്യതകളില്‍...
തിയ്യറ്ററുകളിലെ
ഇരുട്ടിന്റെ നഗ്നതയില്‍...
പാര്‍ക്കിലെ ശപിക്കപ്പെട്ട
മരണത്തണലുകളില്‍...
കടലോരത്തെ
ഒഴിഞ്ഞ മണല്‍തിട്ടയില്‍...
തീവണ്ടികൂപ്പയിലെ
ഇളക്കങ്ങളില്‍
നീ ശാന്തി തേടുന്നു...

പറത്തിവിട്ട സ്വപ്നങ്ങള്‍
ചുണ്ടിന്റെ ചൂടേറ്റ്‌ കരിഞ്ഞുവോ...
കവിള്‍ത്തടത്തിലൂടെ ഊര്‍ത്തിറങ്ങിയ
ഉപ്പുവെള്ളത്തില്‍
ഓര്‍മ്മയുടെ നൗക മറിഞ്ഞുവോ...
മാംസത്തിന്റെ
കരിഞ്ഞ ഗന്ധം
രതിയുടെ തണുപ്പിലൊടുങ്ങിയോ...

അറിയില്ല...

നിയന്ത്രണം വിട്ട പട്ടത്തിന്റെ
പിന്നാലെ പായുന്ന
ബാല്യമാണിന്നും നീ...
നക്ഷത്രങ്ങള്‍ക്ക്‌
വാശി പിടിച്ച കൗമാരമാണ്‌ നീ...
വരണ്ട തൊണ്ടയുമായി നിന്ന
യൗവനമാണ്‌ നീ...

ചുളിഞ്ഞ ദേഹവും
വിറയാര്‍ന്ന പാദവുമായി
വാര്‍ദ്ധക്യവും കടന്ന്‌
നീ നടന്നുപോവുന്നത്‌
പ്രതീക്ഷയെന്ന
കുരുക്കിലേക്കോ...

Saturday, February 02, 2008

മുറിവുകള്‍ക്കുമുണ്ട്‌ അതിന്റെതായ ന്യായങ്ങള്‍....

അവള്‍
എന്റെ ഭ്രമാത്മകതയിലേക്ക്‌
ഓര്‍മ്മകളാല്‍ കോറിയിടാന്‍
എന്തു ബാക്കിവെച്ചു...?

പറിച്ചെറിയാന്‍
പാകത്തിനൊരു സൗഹൃദമോ
നൊന്തുതീരാനൊരു
പ്രണയനൈരാശ്യമോ
വേട്ടയാടാനൊരു വേര്‍പാടോ...

അറിയില്ല...

മുറിഞ്ഞ ആത്മാവില്‍ നിന്നൊലിച്ചിറങ്ങുന്ന
രക്തത്തില്‍
ഛിന്നഭിന്നമായ മുഖമുണ്ട്‌...
മിന്നിമായുന്ന ഭാവങ്ങളില്‍
സാന്ത്വനത്തിന്റെ നിഴലുകളുണ്ട്‌...
നനഞ്ഞ കണ്‍പീലിയില്‍
മഴത്തുള്ളികള്‍ കാവലിരിക്കുന്നുണ്ട്‌...

എന്തിനാവും...

ജിബ്രാനും നെരൂദയും
ഡയറികുറിപ്പുകളില്‍
ഇടക്കിടെ
മരിച്ചതും ജനിച്ചതുമെന്തിന്‌...
പണയപ്പെടുത്തിയ
മയില്‍പീലി തിരിച്ചെടുത്ത്‌
പ്രേതത്തിന്റെ മുടിയില്‍ തിരുകിയതെന്തിന്‌...
തിളക്കമില്ലാതായ തൂവലുകള്‍
നെറ്റിയില്‍ ശീര്‍ഷകങ്ങളാക്കിയതെന്തിന്‌...

സ്വയം നോവാനോ...

അവളെനിക്കറിവാണ്‌...
ഞാന്‍ പിറകിലാണെന്ന സൂചന ബാക്കിയാക്കാന്‍...
പരാജയത്തിന്റെ തലോടലറിയാന്‍...
വിരഹത്തിന്റെ മുന്‍വിധികളറിയാന്‍...

ഇന്ദ്രിയങ്ങള്‍
നിശ്ചലമാവുന്ന കാലമാവാം
ആത്മബന്ധത്തിന്റെ നേരറിയാന്‍
നാം തിരഞ്ഞെടുക്കേണ്ടത്‌...
ആത്മാവുകള്‍ തര്‍ക്കിച്ച്‌ തോല്‍ക്കുന്നത്‌ കാണാതിരിക്കാന്‍...
നിന്റെ രണ്ടു മിഴികളും ഞാനടര്‍ത്തുന്നു...

Monday, January 14, 2008

ശൈത്യകാലത്തെ വിവാഹം

നെറ്റിയില്‍
ചുണ്ടുകള്‍ ചേര്‍ത്ത്‌
നീ പറഞ്ഞതോര്‍മ്മയുണ്ടോ..?
ശൈത്യകാലത്തെക്കാള്‍
തണുപ്പാണെന്ന്‌...

മുടിയില്‍
മുഖം പൂഴ്ത്തി
മന്ത്രിച്ചതോര്‍മ്മയുണ്ടോ..?
വസന്തത്തെക്കള്‍
സുഗന്ധമാണെന്ന്‌...

കവിളില്‍
ക്ഷതം തീര്‍ത്ത്‌
പുലമ്പിയതോര്‍മ്മയുണ്ടോ?
മാംസമല്ലിത്‌
പൂവാണെന്ന്‌...

കറപുരണ്ട നിന്റെ
പുസ്തകതാളില്‍
കരി കൊണ്ടെഴുതിയ പ്രണയലേഖനം
ഇന്നും മായാതെ കിടക്കുന്നുണ്ടോ...
മാനാഞ്ചിറയിലെ
ദിനോസറുകളില്‍ കുറിച്ചിട്ട
പേരുകള്‍ക്ക്‌ ജീവന്‍ വെച്ചോ...
ചതഞ്ഞ മോഹങ്ങളില്‍ നിന്ന്‌
പുതിയ മുള പൊട്ടുന്നുണ്ടോ...
നിന്നെ വീര്‍പ്പുമുട്ടിക്കാനല്ല ഈ ചോദ്യങ്ങള്‍
സമാശ്വാസത്തിന്റെ
തീ പടര്‍ത്തുവാന്‍ മാത്രം...

എന്റെ തുവാലക്ക്‌
നിറം നല്‍കിയ നിന്റെ രക്തം...
നിന്റെ പകലുകള്‍ക്ക്‌
അനക്കം വെപ്പിച്ച
എന്റെ വളപ്പൊട്ടുകള്‍...
രഹസ്യങ്ങളായി
ഞാനവ കുഴിച്ചുമൂടുന്നു...

ഇന്നെന്റെ ശിശിരം
ഇലകള്‍ കൊഴിഞ്ഞുതീര്‍ന്നൊരു
മരത്തിന്റെ
വിഹ്വലതകളോടെ
വഴിതെറ്റി വരുന്ന ആരിലോ
വീഴാന്‍ കാത്തുനില്‍ക്കുന്നു...