Thursday, September 13, 2007

മൂന്ന്‌ പെണ്‍കുട്ടികള്‍

മിഴികളില്‍ നിന്ന്‌...
മനസിന്റെ പച്ചയില്‍ നിന്ന്‌...
കടലിരമ്പുന്നുണ്ട്‌...
പ്രായശ്ചിത്തത്തിന്റെ തിരകളില്‍
ആത്മഹത്യയുടെ ശംഖടിയുന്നുണ്ട്‌...

വേര്‍പെടുത്തലില്‍
ഇഴപൊടിഞ്ഞകന്ന
ആത്മബന്ധത്തിന്റെ മുറിവുകള്‍ ആരറിയാന്‍...
മയില്‍പീലികളെക്കാള്‍ ഭീതിതമായി
കണ്‍പീലികള്‍ നരക്കുമ്പോള്‍
നദിക്ക്‌ കവിളിലഭയം....

ബാല്യത്തിന്റെ
മുറിവുകള്‍
തേടിയ പരിചിതയിലൊന്ന്‌...
നനയുന്നുണ്ടാവും
ആ കവിളിണയിലെ കറുപ്പ്‌....
പുഴ
മൃദുവായി മൃദുവായി
കണ്ണുകളിലേക്ക്‌ ഉള്‍വലിയുമ്പോള്‍...

കുസൃതിയായത്‌ കൊണ്ടാവാം..
മനസില്‍
നഖചിത്രം തീര്‍ത്ത്‌ ചിരിച്ചത്‌...
ശബ്ദത്തിനൊരു വിറയലുണ്ട്‌...
പനിച്ച്‌ പനിച്ച്‌
നെറ്റിയില്‍
അരുവി ആര്‍ത്തലക്കുന്നു...

പൊഴിഞ്ഞതൊന്ന്‌
എണ്ണാനാവത്തത്ര പൊഴിയാത്തത്‌...
ഒന്നിന്‌
മുന്നില്‍
തോറ്റടിയുന്നു
എന്നിലെ
ചിന്തകളുടെ പഴുപ്പ്‌....

14 comments:

ദ്രൗപതി said...

വേര്‍പെടുത്തലില്‍
ഇഴപൊടിഞ്ഞകന്ന
ആത്മബന്ധത്തിന്റെ മുറിവുകള്‍ ആരറിയാന്‍...
മയില്‍പീലികളെക്കാള്‍ ഭീതിതമായി
കണ്‍പീലികള്‍ നരക്കുമ്പോള്‍
നദിക്ക്‌ കവിളിലഭയം....

നിസംഗത
നിര്‍വികാരികത
ഇവ..
സ്വയം വിഴുങ്ങി
സമയത്തെ കൊല്ലുമ്പോഴും...
നഷ്ടപ്പെട്ട
ചില സൗഹൃദങ്ങളെ
ഓര്‍മ്മയില്‍ നിന്നും നീക്കം
ചെയ്യാന്‍
ശക്തിയില്ലാതാകുന്നു...


സ്നേഹിച്ചുനഷ്ടപ്പെട്ട
മൂന്ന്‌ സൗഹൃദങ്ങളെ കുറിച്ച്‌....

സഹയാത്രികന്‍ said...

"പൊഴിഞ്ഞതൊന്ന്‌
എണ്ണാനാവത്തത്ര പൊഴിയാത്തത്‌..."

നന്നായിരിക്കുന്നു

Shine said...

നിസംഗത
നിര്‍വികാരികത
ഇവ..
സ്വയം വിഴുങ്ങി
സമയത്തെ കൊല്ലുമ്പോഴും...
നഷ്ടപ്പെട്ട
ചില സൗഹൃദങ്ങളെ
ഓര്‍മ്മയില്‍ നിന്നും നീക്കം
ചെയ്യാന്‍
ശക്തിയില്ലാതാകുന്നു...
താങ്കളുടെ വരികള്‍
നന്നായി നൊമ്പരപ്പെടുത്തി
സ്നേഹിച്ചു നഷ്ടപ്പെടുമ്പോഴാണു സൌഹൃദങ്ങള്‍ക്കു വേദന കൂടുന്നതു! ആ നഷ്ടസാഗരത്തില്‍ നാം മുങ്ങിത്താഴുമ്പോള്‍ അവരറിയുന്നുണ്ടാകുമൊ നമ്മുടെ വേദന!?

സിമി said...

പൊഴിഞ്ഞതൊക്കെയും തിരിച്ചുവന്ന് വീണ്ടും തളിര്‍ക്കുമോന്ന് ആര്‍ക്കറിയാം. കവിത നന്നായിട്ടുണ്ട് ദ്രൌപതി..

chithrakaran ചിത്രകാരന്‍ said...

"മനസിന്റെ പച്ചയില്‍ നിന്ന്‌...
കടലിരമ്പുന്നുണ്ട്‌...
പ്രായശ്ചിത്തത്തിന്റെ തിരകളില്‍
ആത്മഹത്യയുടെ ശംഖടിയുന്നുണ്ട്‌..."

ഇത്ര മനോഹരമായ വാക്കുകള്‍ കിനിഞ്ഞു വരുന്ന ദ്രൌപതിയുടെ ഉപബോധത്തിലെ തേനറകളുടെ സമൃദ്ധി ചിതകാരനെ വിസ്മയിപ്പിക്കുന്നു. കൂട്ടിയോജിപ്പിക്കുന്ന വാക്കുകള്‍ ഉണ്ടാക്കുന്ന ഭാവസമുദ്രം മനോമുകുരത്തില്‍ തെളിയുംബോള്‍ ലഭിക്കുന്ന ആനന്ദാനുഭൂതിതന്നെ കവിത...!!!

കവിതയെന്തെന്നറിയാത്ത ചിത്രകാരന്റെ സൌന്ദര്യ നിര്‍വചനങ്ങള്‍ പൊറുക്കുക ദ്രൌപതി.

Raji Chandrasekhar said...

ചിത്രങ്ങള്‍ മാറ്റിയപ്പോള്‍ കുറച്ചുകൂടി ഗൌരവം വന്ന പോലെ.

വരികളുടെ നീളം ഇത്രയും വെട്ടിക്കുറയ്ക്കണ്ട.

കവിതയുടെ മാനങ്ങള്‍ കൂടുന്നുണ്ട്.

ദ്രൗപതി said...

സഹയാത്രികാ...
നന്ദി..

ഷൈന്‍...
എന്റേതായ തെറ്റുകള്‍ കൊണ്ട്‌ നഷ്ടപ്പെട്ടതാണ്‌ ഈ മൂന്ന്‌ സൗഹൃദങ്ങളും എന്ന്‌ മനസിനെ പഠിപ്പിക്കുന്നത്‌ കൊണ്ടാവാം..അതിജീവനത്തിനുള്ള മാര്‍ഗങ്ങള്‍ ഒരുപക്ഷേ വിജയത്തിലെത്തുമെന്ന്‌ കരുതുന്നത്‌...
എല്ലാവരും
നന്നായി കാണണമെന്ന്‌ പ്രാര്‍ത്ഥിക്കുന്നുണ്ട്‌...
ഇനിയതേ പറ്റൂ..എന്ന്‌ തിരിച്ചറിയുന്നു....നീക്കാനാവാത്തത്ര തെറ്റിദ്ധാരണ അവരുടെ മനസില്‍ കരിമ്പടം തീര്‍ക്കുമ്പോള്‍....എന്റെ നിസഹായതക്ക്‌ വിലയില്ലാതെ വരുന്നു....

അഭിപ്രായത്തിന്‌ നന്ദി...

സിമി...
അഭിപ്രായത്തിന്‌ നന്ദി...

ചിത്രകാരന്റെ വാക്കുകള്‍ പലപ്പോഴും ഭ്രമാത്മകമാകാറുണ്ട്‌...വിനയത്തിന്റെ പ്രതലത്തിലൂടെ അത്‌ കൂടുതല്‍ സുന്ദരമായി വരച്ചുചേര്‍ക്കുമ്പോള്‍ ഒരഭിപ്രായം എന്നതിനപ്പുറം...അതൊരനുഭൂതിയാകാറുണ്ട്‌...
എന്നെങ്കിലുമൊരിക്കല്‍ ചോദിക്കണമെന്നു കരുതിയിരുന്നു....
ചിത്രകാരന്‍ സത്യത്തില്‍ കവിയല്ലേ..? ഓരോ ചിത്രങ്ങളും കവിതകളല്ലേ..?

പ്രോത്സാഹനത്തിന്‌ ഒരുപാട്‌ നന്ദി....

രാജി...
അഭിപ്രായത്തിന്‌ ഒരുപാട്‌ നന്ദി...
നിര്‍ദേശത്തിന്‌ കടപ്പാട്‌...

പി.സി. പ്രദീപ്‌ said...

ദ്രൌപതി,
ഒരു നൊമ്പരക്കാറ്റ് വന്നു തഴുകി പോയതു പോലെ..
എന്തോ.. ഒരു നൊമ്പരം..

Anonymous said...

um....ente 3 koottukaranu avar..pakshe pinangi pirinju
താങ്കള്‍ എന്നോടു പറഞ്ഞവാക്കുകള്‍ എന്നും മായതെ നില്‍ക്കട്ടെ

മന്‍സുര്‍ said...

ദ്രൗപതി

അഭിനന്ദനങ്ങള്‍


കവിയുടെ മനസ്സ്‌ കവിത കണ്ടിലെങ്കില്‍
പിന്നെ കവിത അറിയുവതെങ്ങിനെ കവി തന്‍ ഭാവന
ഇവിടെ കവി കവിതയെ അറിയുന്നില്ല മറിച്ച്‌ കവിത
കണ്ടെത്തുന്ന കവിയാണ്‌...
മനസ്സിനെ തൊട്ടുണര്‍ത്തുന്ന അക്ഷരങ്ങള്‍
ഒരു പക്ഷേ അവ കണ്ടിരിക്കം ആ നല്ല മനസ്സ്‌
ശോകമുഖരിതമാണ്‌ നിന്‍ രചനകളൊക്കെയും


മന്‍സൂര്‍ , നിലംബൂര്‍

സനാതനന്‍ said...

പൊരുത്തപ്പെടാത്ത ബിമ്പകല്‍പ്പനകള്‍ കവിതയെ വിരസമാക്കുന്നതായി തോന്നും.എഴുതാന്‍ വേണ്ടി എഴുതിയ കവിത എന്നും.

ശ്രീ said...

“മയില്‍പീലികളെക്കാള്‍ ഭീതിതമായി
കണ്‍പീലികള്‍ നരക്കുമ്പോള്‍
നദിക്ക്‌ കവിളിലഭയം...”

നന്നായിരിക്കുന്നു.
:)

ദ്രൗപതി said...

പി സി പ്രദീപ്‌..
സയ്ജു...
മന്‍സൂര്‍
സനാതനാ
ശ്രീ
അഭിപ്രായത്തിന്‌ നന്ദി...

പ്രയാസി said...

സ്നേഹിച്ചുനഷ്ടപ്പെട്ട
സൗഹൃദങ്ങള്‍
നമ്മുടെ തെറ്റുകൊണ്ടല്ലെങ്കിലും
അവരങ്ങനെ തെറ്റിദ്ധരിച്ചാലൊ
പ്രായശ്ചിത്തത്തിന്റെ തിരകളില്‍
ആത്മഹത്യയുടെ ശംഖടിയും
കൂടെ നമ്മുടെ ശവവും!
അതവര്‍ക്കു മൂന്നു പേര്‍ക്കുമായി
മുറിച്ചു കൊടുക്കണം

സുഹൃത്തെ നന്നായിരിക്കുന്നു...

http://prayasi.blogspot.com/