Monday, January 14, 2008

ശൈത്യകാലത്തെ വിവാഹം

നെറ്റിയില്‍
ചുണ്ടുകള്‍ ചേര്‍ത്ത്‌
നീ പറഞ്ഞതോര്‍മ്മയുണ്ടോ..?
ശൈത്യകാലത്തെക്കാള്‍
തണുപ്പാണെന്ന്‌...

മുടിയില്‍
മുഖം പൂഴ്ത്തി
മന്ത്രിച്ചതോര്‍മ്മയുണ്ടോ..?
വസന്തത്തെക്കള്‍
സുഗന്ധമാണെന്ന്‌...

കവിളില്‍
ക്ഷതം തീര്‍ത്ത്‌
പുലമ്പിയതോര്‍മ്മയുണ്ടോ?
മാംസമല്ലിത്‌
പൂവാണെന്ന്‌...

കറപുരണ്ട നിന്റെ
പുസ്തകതാളില്‍
കരി കൊണ്ടെഴുതിയ പ്രണയലേഖനം
ഇന്നും മായാതെ കിടക്കുന്നുണ്ടോ...
മാനാഞ്ചിറയിലെ
ദിനോസറുകളില്‍ കുറിച്ചിട്ട
പേരുകള്‍ക്ക്‌ ജീവന്‍ വെച്ചോ...
ചതഞ്ഞ മോഹങ്ങളില്‍ നിന്ന്‌
പുതിയ മുള പൊട്ടുന്നുണ്ടോ...
നിന്നെ വീര്‍പ്പുമുട്ടിക്കാനല്ല ഈ ചോദ്യങ്ങള്‍
സമാശ്വാസത്തിന്റെ
തീ പടര്‍ത്തുവാന്‍ മാത്രം...

എന്റെ തുവാലക്ക്‌
നിറം നല്‍കിയ നിന്റെ രക്തം...
നിന്റെ പകലുകള്‍ക്ക്‌
അനക്കം വെപ്പിച്ച
എന്റെ വളപ്പൊട്ടുകള്‍...
രഹസ്യങ്ങളായി
ഞാനവ കുഴിച്ചുമൂടുന്നു...

ഇന്നെന്റെ ശിശിരം
ഇലകള്‍ കൊഴിഞ്ഞുതീര്‍ന്നൊരു
മരത്തിന്റെ
വിഹ്വലതകളോടെ
വഴിതെറ്റി വരുന്ന ആരിലോ
വീഴാന്‍ കാത്തുനില്‍ക്കുന്നു...