Saturday, September 29, 2007

മരണം ഒരു കലയാണ്‌...

1. നീ നിലാവായിരുന്നു
മേഘങ്ങള്‍ മുഖം കറുപ്പിക്കും വരെ...
കാറ്റ്‌ നിന്നെ
വീണ്ടും കൊണ്ടുവന്നപ്പോള്‍
മരണമെന്നെ
കാണാനനുവദിച്ചുമില്ല...

എനിക്ക്‌ അഭയം വേണം
മനസില്‍
കരിമ്പടം പുതപ്പിക്കുന്ന
നിന്റെ അദൃശ്യചിന്തകളിനി
എന്നിലേക്ക്‌ വരാതിരിക്കാന്‍...

ചുണ്ടില്‍ ദന്തക്ഷതമുണ്ട്‌...
മുടിക്കെട്ടില്‍
വിരലിഴഞ്ഞ പാടുകളുണ്ട്‌
ഉരുകിയും
ഉലഞ്ഞും
നീ നിന്നെ നഷ്ടപ്പെടുത്തി...

ഒരിക്കല്‍ കൈവെള്ളയില്‍
നീ തന്ന ചുംബനത്തിന്റെ
ചൂടില്‍
മോഹങ്ങള്‍ തിളച്ചുമറിഞ്ഞിരുന്നു...

ഹൃദയം മുറിച്ചിട്ടും
ലാവയായി മോഹങ്ങള്‍
സ്വതന്ത്ര്യയായിട്ടും
അവയവങ്ങള്‍ ഛേദിക്കപ്പെടാതെ
നിന്നിരുന്നു...

നീ മഴയായിരുന്നു
വേനലിലേക്ക്‌ ഞാനടുക്കും വരെ...
ബാഷ്പമായി പോയ
കണ്ണുനീര്‍
നീയെന്തിന്‌ തടഞ്ഞുനിര്‍ത്തി...


2. തെറ്റുകള്‍
എന്റെ മുറിക്ക്‌ അലങ്കാരമാവുന്നു...
പൊട്ടിയ ദര്‍പ്പണം
പാതിയുടഞ്ഞ ഫ്ലവര്‍വേസ്‌
പൊടി പുണര്‍ന്ന കടലാസ്പൂക്കള്‍
പുറംച്ചട്ട നഷ്ടപ്പെട്ട പുസ്തകങ്ങള്‍
മുഷിഞ്ഞ തലയണ...

നിന്റെ ശബ്ദം മാത്രം
ശരി വിളമ്പുന്നുണ്ട്‌...
ഉപ്പില്ല, മുളകില്ല, അരിയില്ല...
അരാജകത്വത്തിന്റെ
തടവറയിലേക്ക്‌
ഞാനൊഴുകിയിറങ്ങുന്നതിന്റെ
സൂചനകള്‍...

പഴയ നോട്ടുബുക്കില്‍
നീ തന്ന പ്രണയലേഖനം
ചാകാതെ കിടക്കുന്നുണ്ട്‌...
തിരിച്ചെഴുതുമ്പോള്‍
മഷി തീര്‍ന്ന
തൂലിക
തല മുറിഞ്ഞ്‌ ശയിക്കുന്നുണ്ട്‌...

ഇരുധ്രുവങ്ങളിലേക്ക്‌
നമ്മെ വഴിമാറ്റിവിട്ട
ശവക്കുഴിയായിരുന്നോ ആ ചരട്‌...
അഴുകിയ ജഢങ്ങളായി
മെത്തയിലടുത്തടുത്ത്‌ കിടന്ന
രണ്ടിരകളായിരുന്നോ നാം...

നമ്മള്‍
അകലാനാവാതെ അടുത്തവരാണ്‌..
അതാവാം..
നൃത്തശാലയില്‍
ചുവടുകള്‍
പിഴച്ചപ്പോഴും
നീ
എന്നിലേക്കമരാന്‍ മടിച്ചത്‌...

നീ കലയാണ്‌...
ഒരു വലിയ മുറിവിന്റെ
വേദിയിലെ
കൈയടികളില്‍
എന്നെയില്ലാതാക്കിയ....

20 comments:

ദ്രൗപതി said...

നീ നിലാവായിരുന്നു
മേഘങ്ങള്‍ മുഖം കറുപ്പിക്കും വരെ...
കാറ്റ്‌ നിന്നെ
വീണ്ടും കൊണ്ടുവന്നപ്പോള്‍
മരണമെന്നെ
കാണാനനുവദിച്ചുമില്ല...


മരണമൊരു
കലയാണ്‌...
ഒരു പക്ഷേ ഒരു വലിയ മുറിവിന്റെ
അല്ലെങ്കില്‍
വേദികളില്‍
ആസ്വാദനത്തിന്റെ മേഖലകള്‍ തിരയുന്ന
മറ്റൊരു കലാരൂപം...

മരണമെന്ന അനിവാര്യതയിലേക്ക്‌
കൈ പിടിച്ചുനടക്കാന്‍ കൊതിക്കും മുമ്പ്‌
ഓര്‍മ്മകള്‍ കോര്‍ത്തുവെക്കാനൊരു ശ്രമം....


മരണം ഒരു കലയാണ്‌-പുതിയ പോസ്റ്റ്‌

പ്രയാസി said...

എനിക്ക്‌ അഭയം വേണം
മനസില്‍
കരിമ്പടം പുതപ്പിക്കുന്ന
നിന്റെ അദൃശ്യചിന്തകളിനി
എന്നിലേക്ക്‌ വരാതിരിക്കാന്‍...

മരണം ഒരു കലയാണു
അദൃശ്യ ചിന്തകളില്‍ നിന്നും
തിളച്ചു മറിയുന്ന മോഹങ്ങളില്‍ നിന്നും
നമ്മെ സ്വതന്ത്രമാക്കുന്ന ഒരു കല!

അഭിനന്ദനങ്ങള്‍...

സിമി said...

ആ കലയും സ്വാതന്ത്ര്യവും ഒക്കെ വയസ്സാന്‍ കാലത്തു മതി കേട്ടോ.

മരണത്തെ പ്രേമിക്കാതെ വല്ലൊ പയ്യന്മാരെയും പ്രേമിക്കൂ കൊച്ചേ.

ജീവിതം ഒരു കലയാണ്.
മരിക്കാന്‍ എന്തെളുപ്പം.
ജീവിക്കാന്‍ - അയ്യയ്യോ
ജീവിതം മുഖത്തുവീണ കലയാണ്.
എന്നാലും ജീവിതമാണ് കല.
മരണം ഒരൊളിച്ചോട്ടമാണ്
ഭീരുവിന്റെ മാളം.

സിമി said...
This comment has been removed by the author.
നിഷ്ക്കളങ്കന്‍ said...

എഴുത്തി പ്രതിഭ‌യുടെ തിര‌യിള‌ക്ക‌ം.
പ്രതിഭ‌യുള്ള‌വരുടെ മ‌രണത്തോടുള്ള അഭിവാഞ്ഛയില്‍ ഒട്ടും യോജിപ്പില്ല.
ജീവിയ്ക്കൂ. ര‌സിച്ചും ര‌സിപ്പിച്ചും.
നിങ്ങ‌ളെ സ്നേഹിയ്ക്കാനും ഒരുപാടുപേരുണ്ട്..

Cartoonist said...

ഈ ചിന്ത ക്രിമിനലാണ്.ഇമേജറികള്‍ നിങ്ങളിലേയ്ക്ക് തിരത്തള്ളി വരുന്നുണ്ടായിരിയ്ക്കും. പക്ഷെ, ദ്രൌപൂ, നിങ്ങള്‍ക്ക് നിരീക്ഷണപടുത തീരെ കുറവാണ്.അതു നിര്‍ണയിയ്ക്കുന്നത്, എന്നെ സംബന്ധിച്ച്, കാഴ്ച്ചയുടെ വിശദാംശങ്ങള്‍ ഓര്‍മ്മിച്ചെടുക്കുന്നതിലല്ല, വെറുതേ കാരുണ്യത്തോടെ കാണലില്‍ത്തന്നെയാണ്.

ഇനി ഈ വിഷയം വേണ്ട. ചുട്ട അടി വാങ്ങിയ്ക്കും. ചേട്ടനാണു പറയുന്നത്, ങ്ഹാ !

പേരില്ല said...

ചിലപ്പോഴൊക്കെ ഒന്നും പറയാത്തതാണ് നല്ലത്

വേണു venu said...

മരണം ഒരു കലയാണോ. സ്വാഭാവിക മരണങ്ങളിലെ കലാകാരന്‍‍ അദൃശ്യനാണല്ലോ. പിന്നെ ആത്മഹത്യകളിലെ കലാകാരന്‍ മരണത്തെ കണ്ടുപഠിക്കുന്നതും കലയായി തോന്നാറില്ല.എല്ലാ കലകളുടേയും നിശ്ശബ്ദമായ ആവിഷ്ക്കാരമാണു് മരണം എന്നു് തോന്നാറുണ്ടു്. ഇടപ്പള്ളിയുടെ ലേഖനവും ഈ കവിതയും.? എന്തു പറ്റി,:)

ദ്രൗപതി said...

പ്രയാസി..
നന്ദി...
സിമി..
ഈ അഭിപ്രായത്തിന്‌ നന്ദി...

നിഷ്കളങ്കാ..
നന്ദി

കാര്‍ട്ടൂണിസ്റ്റ്‌
അഭിപ്രായം മാനിക്കുന്നു..
നന്ദി...

പേരില്ലാ..
നന്ദി..

വേണുവേട്ടാ..
വിശദമായ അഭിപ്രായത്തിന്‌ നന്ദി...

sandoz said...

മരണം ഒരു കൊലയാണു....

[ഞാന്‍ മിക്കവാറും ജയിലില്‍ പോകും...]

ശ്രീ said...

ഇതും നന്നായിട്ടുണ്ട്.

സാന്റോസേ... കവിതയിലും കൈ വച്ചോ?
;)

ദ്രൗപതി said...

സാന്റോസേ...
ശ്രീ..
ഒരുപാട്‌ നന്ദി...

G.manu said...

:)

Raji Chandrasekhar said...

കാര്യമായിത്തന്നെ വായിക്കാറുണ്ട്.

ധ്വനി said...

അകലാനാവാതെ അടുത്തവരാണ്‌..
അതാവാം.. :)

''നീ കലയാണ്‌...
ഒരു വലിയ മുറിവിന്റെ
വേദിയിലെ
കൈയടികളില്‍
എന്നെയില്ലാതാക്കിയ....''
ഈ വരികളൊരുപാടിഷ്ടമായി!!

ദ്രൗപദി said...

ജി മനു
രാജി
ധ്വനി
നന്ദി

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ദ്രൌപതി , പതിവ് പോലെ ബോധതലങ്ങളെ കൊത്തിവലിയ്ക്കുന്ന ശക്തമായ വരികള്‍ ! സിമിയുടെ കമന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഒരു ഭേദഗതി ഞാന്‍ നിര്‍ദ്ധേശിക്കുന്നു . ജീവിതമാണ് മഹത്തായ കല ! അങ്ങിനെയെങ്കില്‍ മരണവും ഉദാത്തമായ കല തന്നെ !!

purakkadan said...

വളരെ നന്നായിരിക്കുന്നു... ബൂലോഗത്ത്‌ വരാനുള്ള തീരുമാനം ഇപ്പോഴെങ്കിലും എടുത്തില്ലായിരുന്നുവെങ്കില്‍ വല്ലാത്ത നഷ്ടമാവുമായിരുന്നുവെന്നു തിരിച്ചറിയുന്നു....

നീ നിലാവായിരുന്നു
മേഘങ്ങള്‍ മുഖം കറുപ്പിക്കും വരെ... മനോഹരമായ വരികള്‍....

റോബി said...

മരണം ഒരു കലയാണെന്നു പറഞ്ഞത് സില്‍‌വിയ പ്ലാത്ത് ആയിരുന്നോ അതോ വിര്‍‌ജീനിയ വൂള്‍ഫോ..?

രണ്ടുപേരും കലാപരമായി തന്നെ അതാവിഷ്കരിച്ചു..

കൊലപാതകം ഒരു കലയാനെന്നു പറയാന്‍ ശ്രമിച്ചവരായിരുന്നു മോപ്പസാങ്ങും‌ ഹിച്‌കോക്കും..

ആശംസകള്‍...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വരികളിലെ അര്‍ഥം.. ഒര്‍പാ‍ട് ചോദ്യങ്ങള്‍ ചോദിക്കുന്നൂ.
മരണം ഒരു കലയാണോ.