Monday, May 18, 2009

യാത്ര പറയുകയാണെന്റെ സ്വപ്‌നം

മൃതിയുടെ കരിഞ്ഞ ഗന്ധത്തിലേക്ക്‌
മടങ്ങുന്നവനിനിയും
വേദനയുടെ ഭാണ്ഡം തരാതിരിക്കുക.
മഴനൂലുകളാല്‍
അവശേഷിക്കുന്ന ഓര്‍മ്മകളെ
ബന്ധിക്കാതിരിക്കുക.

കണ്‍മഷി പടര്‍ന്ന മിഴികള്‍,
ചോര വാര്‍ന്ന ശരീരം,
നീലഞരമ്പുകളുടെ വിറയല്‍
എന്റെ കാഴ്‌ചയില്‍ തെളിയുന്ന
നിന്റെ നിസ്സഹായത.

പുനര്‍ജ്ജനി തേടുന്നവന്റെ
ശൂന്യമായ വൃന്ദാവനം...
കുയിലുകളുടെ
മരണമൊഴിയെടുക്കുന്ന
ഇലകളില്ലാമരം...
വഴിമധ്യേ
ആരോ ഉപേക്ഷിച്ച ചോരപ്പൂക്കള്‍...

വറ്റിയ പുഴകള്‍,
വിണ്ടുകീറിയ ആകാശം,
തപിക്കുന്ന കാറ്റ്‌
അഭിനയമുറിയിലെ
അടര്‍ന്നുമാറാത്ത ബിംബങ്ങള്‍...

അരങ്ങില്‍
അവസാനദീപമണഞ്ഞു.
കളിവിളക്ക്‌ കരിന്തിരി കത്തിയമര്‍ന്നു.
കടലിന്റെ അടിവയറ്റിലേക്കൂളിയിടുന്ന
അസ്‌തമയത്തിന്റെ
അവസാനജ്വാലയും മങ്ങി.

ഇനിയെന്റെ യാത്രയുടെ
കറുത്തപാതകള്‍.

7 comments:

ഗിരീഷ്‌ എ എസ്‌ said...

അരങ്ങില്‍
അവസാനദീപമണഞ്ഞു.
കളിവിളക്ക്‌ കരിന്തിരി കത്തിയമര്‍ന്നു.
കടലിന്റെ അടിവയറ്റിലേക്കൂളിയിടുന്ന
അസ്‌തമയത്തിന്റെ
അവസാനജ്വാലയും മങ്ങി.

ഇനിയെന്റെ യാത്രയുടെ
കറുത്തപാതകള്‍.

Raji Chandrasekhar said...

യാത്രയുടെ കറുത്ത പാതകള്‍ കവിതയുടെ പ്രകാശത്താല്‍ പ്രോജ്ജ്വലിക്കട്ടെ..

ശ്രീ said...

:)

Rare Rose said...

വിട പറഞ്ഞകലുന്ന സ്വപ്നങ്ങള്‍ക്കായി പ്രതീക്ഷയൊളിപ്പിച്ച ഒരു കൊച്ചു കിരണമെങ്കിലും വരികളില്‍ പരതി നോക്കി...:(
യാത്രയുടെ കറുത്ത പാതകളിലെവിടെയെങ്കിലും വഴിവിളക്കുകള്‍ പ്രകാശിച്ചു നില്‍ക്കട്ടെ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പുനര്‍ജ്ജനി തേടുന്നവന്റെ
ശൂന്യമായ വൃന്ദാവനം...

!

anupama said...

may i sign your autograph with hopes,optimism and sincere wishes?
cheer up friend!
tomorrow is yours!
sasneham,
anu

Nisha/ നിഷ said...

അഭിനയമുറിയിലെ
അടര്‍ന്നുമാറാത്ത ബിംബങ്ങള്‍...
......
ഇനിയെന്റെ യാത്രയുടെ
കറുത്തപാതകള്‍...
ആ കറുത്ത പാതയില്‍
പ്രത്യാശയുടെ നിലാവെളിച്ചം
എന്നും തെളിഞ്ഞു നില്‍ക്കട്ടെ..