Tuesday, August 05, 2008

മരണത്തിന്റെ മുഖഛായ

ഓര്‍മ്മയില്‍ നിന്ന്‌
എനിക്ക്‌ നീയെന്നാല്‍
പിറകോട്ട്‌ സഞ്ചരിക്കുന്ന
മരങ്ങളിലൊന്ന്‌ മാത്രമായിരുന്നു.
തിരിഞ്ഞുനോക്കാനാവാത്ത യാത്രകളില്‍
കൃഷ്‌ണമണികളില്‍
പറ്റിപിടിച്ചൊരോര്‍മ്മ കഷ്‌ണം.

ദ്രവിച്ച സ്വപ്‌നങ്ങളുടെ കറുത്തഛായയില്‍
മുഖം നോക്കി നില്‍ക്കുമ്പോഴും
വീഴൊനൊരുങ്ങി നില്‍ക്കുന്ന
അര്‍ബുദശിഖരത്തില്‍
തൂങ്ങിയാടുമ്പോഴും
കണ്ണില്‍ നിന്നത്‌
മായ്‌ച്‌ കളയാന്‍ ശ്രമിക്കുന്നുണ്ട്‌...

സാന്നിധ്യമില്ലാതെ
സാമീപ്യമില്ലാതെ
സാഹചര്യങ്ങളില്ലാതെയടുത്ത്‌
അകലേണ്ടിവരുമ്പോഴും
പരിഭവത്തിന്റെ കറുത്തപുകയില്‍
മോഹങ്ങള്‍ ശ്വാസത്തിനായി
പിടയുന്നുണ്ട്‌...

ഒരുപാട്‌ മുഖങ്ങളിലൊന്ന്‌ മാത്രം
കട്ടെടുത്തിട്ടും
ഒരുപാട്‌ മനസിലൊന്ന്‌ മാത്രം
നേടിയിട്ടും
അദൃശ്യമായെത്തി നോക്കി
കുത്തിനോവിച്ച്‌
മണ്ണിലടിയുന്ന മൗനത്തിന്റെ
ഇരുണ്ട തടവറയിലെനിക്കിനിയഭയം..

മറവിയിലേക്ക്‌
വേനല്‍
വെറുക്കുന്ന ജലത്തെ
ശിശിരത്തിന്റെ
മടിയിലുപേക്ഷിച്ച്‌ പോയ
കാലത്തോടൊരു വാക്ക്‌.
വര്‍ഷവുമായി വരുമുമ്പെ
കുരുതിക്കളത്തിലേക്കെറിയുക...
ഒരാര്‍ത്തിരമ്പലിനേക്കാള്‍ മനോഹരം
ഒരിറ്റായി ഊര്‍ന്ന്‌ വീണ്‌
മരിക്കുകയാണ്‌...

പഴിക്കില്ല ഞാന്‍...
വിധിയുടെ കരംഗ്രഹിച്ച്‌
തണുത്തുറഞ്ഞ്‌
മറയുകയെന്നാല്‍
ഭാഗ്യമെന്നാണര്‍ത്ഥം...

23 comments:

ഗിരീഷ്‌ എ എസ്‌ said...

എനിക്ക്‌ നീയെന്നാല്‍
പിറകോട്ട്‌ സഞ്ചരിക്കുന്ന
മരങ്ങളിലൊന്ന്‌ മാത്രമായിരുന്നു.
തിരിഞ്ഞുനോക്കാനാവാത്ത യാത്രകളില്‍
കൃഷ്‌ണമണികളില്‍
പറ്റിപിടിച്ചൊരോര്‍മ്മ കഷ്‌ണം.


"മരണത്തിന്റെ മുഖഛായ"-പുതിയ കവിത

ആഗ്നേയ said...

മുന്നോട്ടുള്ള പ്രയാണത്തില്‍ പിന്നിലേക്കോടിമറയുന്ന
കാഴ്ചകളില്‍ ഒന്നു മാത്രമാണെന്നറിഞ്ഞിട്ടും, മനസ്സില്‍ അറിയാതെ
പതിഞ്ഞുപോകുന്ന മുഖങ്ങള്‍...
തനിക്കന്യമായവയെ അടര്‍ത്തിമാറ്റുമ്പോഴും
പോകാന്‍ കൂട്ടാക്കാതെ മനസ്സില്‍ കടിച്ചുതുങ്ങിക്കിടക്കുന്ന
ചില മോഹങ്ങള്‍!
കടന്നുവന്ന പലരില്‍ നിന്നും മനസ്സ് സ്വന്തമാക്കിയത്
ആ മുഖവും,മനസ്സും മാത്രമാണെന്നറിയുമ്പൊഴും
മൌനത്തില്‍ അഭയം പ്രാപിക്കേണ്ടിവരുന്ന നിസ്സഹായത..
സാന്നിധ്യവും,സാമീപ്യവും,സാഹചര്യങ്ങളുമില്ലാതെയടുത്തകലുമ്പോഴും
മൌനത്തില്‍ പൊതിഞ്ഞ പരിഭവവാക്കുകളില്‍
അമര്‍ന്ന് പിടഞ്ഞ മോഹങ്ങള്‍!
വേനലിനെ മാത്രം സ്നേഹിച്ചിരുന്ന മനസ്സിലേക്ക്
അനുവാദം ചോദിക്കാതെവന്ന ആര്‍ദ്രമായ സ്വപ്നങ്ങളെ
കല്ലാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും
അവക്കൊരു ഹിമപാളിയുടെ ഗാഢതയേ കൈവന്നുള്ളൂ..
ഉരുകിബാഷ്പമായി കൊടും വര്‍ഷമായി അവ പെയ്തിറങ്ങും മുന്‍പേ
എന്റെ നിശ്വാസങ്ങള്‍ പൊട്ടിക്കരച്ചിലായി മാറും മുന്‍പേ
കാലമേ..
വിധിയുടെ കരം ഗ്രഹിച്ചെന്നെത്തന്നെ തണുത്തുറയിക്കുക..
ഹോ!നമിച്ചെന്റെ ദ്രൌപദി ഗുരുക്കളേ....
വിഷയം പ്രണയവും,വിരഹവും നിരാശയുമാണെങ്കിലും
അവതരണരീതി അനുവാചകനെ മറ്റൊരു ലോകത്തെത്തിക്കുന്നു...
ഓ.ടോ.."പെയ്തുതീരാത്ത പെണ്മഴ"ക്കൊരു അനുബന്ധം?പഴിക്കില്ല ഞാന്‍
എന്ന വേദനയൂറുന്ന പരിഭവം മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്നു...

ശ്രീ said...

നന്നായിരിയ്ക്കുന്നു, നല്ല വരികള്‍

Rare Rose said...

ഉള്ളിലുറയുന്ന നോവിനെ എങ്ങനെയാണിങ്ങനെ പകര്‍ത്താന്‍ കഴിയുന്നത് ദ്രൌപദീ...കൃഷ്ണമണിയില്‍ പറ്റിപ്പിടിച്ചോരോര്‍മ്മ കഷ്ണം..മുന്നോട്ടുള്ള യാത്രയില്‍ പതിഞ്ഞു പോയ മുഖം,വ്യഥമാണെന്നറിഞ്ഞിട്ടും മനസ്സിലേക്കാഴ്ന്ന വേരുകള്‍....പറ്റിപ്പിടിച്ച ഓര്‍മ്മകള്‍ തൂത്തെറിയാനാവാതെ മരവിപ്പിലേക്ക് നടന്നു കയറാനുള്ള വെമ്പല്‍...പലരും പറഞ്ഞു തീര്‍ന്നിട്ടും പ്രണയവും വിരഹവും ആ തൂലികയില്‍ നിന്നും ഒഴുകിയെത്തുമ്പോള്‍ എത്ര മനോഹരമാവുന്നു.....ആശംസകള്‍ ട്ടോ

സജീവ് കടവനാട് said...

നന്നായിരിക്കുന്നു

ശെഫി said...

ഇഷ്ടമായി

CHANTHU said...

"വേനല്‍
വെറുക്കുന്ന ജലത്തെ
ശിശിരത്തിന്റെ
മടിയിലുപേക്ഷിച്ച്‌ പോയ
കാലത്തോടൊരു വാക്ക്‌.
വര്‍ഷവുമായി വരുമുമ്പെ
കുരുതിക്കളത്തിലേക്കെറിയുക...
ഒരാര്‍ത്തിരമ്പലിനേക്കാള്‍ മനോഹരം
ഒരിറ്റായി ഊര്‍ന്ന്‌ വീണ്‌
മരിക്കുകയാണ്‌..."

നല്ല വരികളെങ്കിലും ജീവിതത്തോടിതടുപ്പിക്കരുതേ....
മനോഹരമായതെന്തെല്ലാമോ ബാക്കി വെച്ചുപോവും, ഇനിയത്ര തളിരിലകള്‍ കാണാനുണ്ട്‌, എത്ര പ്രഭാതങ്ങള്‍.., എത്ര ആഘോഷങ്ങള്‍.., മധുരശബ്ധങ്ങളെത്ര.. ഈ മണ്ണിലെ ഓരോ പച്ചിലകളും തൊട്ടു നോക്കേണ്ടേ... ( കൂടേ, കൂടെയുള്ളവര്‍ക്കെങ്കിലും....)

പ്രയാസി said...

"പഴിക്കില്ല ഞാന്‍...
വിധിയുടെ കരംഗ്രഹിച്ച്‌
തണുത്തുറഞ്ഞ്‌
മറയുകയെന്നാല്‍
ഭാഗ്യമെന്നാണര്‍ത്ഥം... "

അതെ പലപ്പോഴും തോന്നീട്ടുണ്ട്..:(

ഓഫ്: ആഗ്നേയാമ്മോ..... പാവം നുമ്മട കവയത്രി ജീവിച്ചു പൊക്കോട്ടെ..

അനില്‍@ബ്ലോഗ് // anil said...

വായിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണു, തിരിഞ്ഞുനോക്കാനാവാത്ത യാത്രയിലെ ഓര്‍മ്മക്കഷണം.

ജിജ സുബ്രഹ്മണ്യൻ said...

പഴിക്കില്ല ഞാന്‍...
വിധിയുടെ കരംഗ്രഹിച്ച്‌
തണുത്തുറഞ്ഞ്‌
മറയുകയെന്നാല്‍
ഭാഗ്യമെന്നാണര്‍ത്ഥം...

അങ്ങനെ ആണോ..മരണം എന്നാല്‍ ഭാഗ്യം ആണൊ ?? ആയിരിക്കും അല്ലേ..

ഫസല്‍ ബിനാലി.. said...

എനിക്ക്‌ നീയെന്നാല്‍
പിറകോട്ട്‌ സഞ്ചരിക്കുന്ന
മരങ്ങളിലൊന്ന്‌ മാത്രമായിരുന്നു.
തിരിഞ്ഞുനോക്കാനാവാത്ത യാത്രകളില്‍
കൃഷ്‌ണമണികളില്‍
പറ്റിപിടിച്ചൊരോര്‍മ്മ കഷ്‌ണം.

നല്ല കവിത, ആശംസകള്‍

നജൂസ്‌ said...

സാന്നിധ്യമില്ലാതെ
സാമീപ്യമില്ലാതെ
സാഹചര്യങ്ങളില്ലാതെയടുത്ത്‌
അകലേണ്ടിവരുമ്പോഴും
പരിഭവത്തിന്റെ കറുത്തപുകയില്‍
മോഹങ്ങള്‍ ശ്വാസത്തിനായി
പിടയുന്നുണ്ട്‌...

സ്പര്‍ശിക്ക്കുന്നു എവിടെയൊക്കെയൊ....
വളരെ നന്നായി ദ്രൗപദി......

Ranjith chemmad / ചെമ്മാടൻ said...

"തിരിഞ്ഞുനോക്കാനാവാത്ത യാത്രകളില്‍
കൃഷ്‌ണമണികളില്‍
പറ്റിപിടിച്ചൊരോര്‍മ്മ കഷ്‌ണം."

വളരെയിഷ്ടമായി ഈ പ്രയോഗം!

Unknown said...

ഓര്‍മ്മയില്‍ നിന്ന്‌
എനിക്ക്‌ നീയെന്നാല്‍
പിറകോട്ട്‌ സഞ്ചരിക്കുന്ന
മരങ്ങളിലൊന്ന്‌ മാത്രമായിരുന്നു.........


ഇനിയെത്ര മരങ്ങളെ മറികടക്കാന്‍ ഇരിക്കുന്നു സഖാവെ.. :)

joice samuel said...

നന്നായിട്ടുണ്ട്......
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

smitha adharsh said...

നന്നായിരിക്കുന്നു..വ്യത്യസ്തത പുലര്‍ത്തുന്നു.. ഓരോ പോസ്റ്റും...
ആശംസകള്‍..
ഇവിടെ ആദ്യമായാണ്‌ ഇനിയും വരാം.

d said...

ഹൃദയസ്പര്‍ശിയായ വരികള്‍. ഇഷ്‌ടമായി കവിത.

ജന്മസുകൃതം said...

ദ്രൗപദി എന്ന പേര്‌ എന്നില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
എന്തേ വാക്കുകള്‍ക്കിത്ര ആണ്മ...!ഉറപ്പുള്ള ഒരു പെണ്മനസ്സാണ്‌ ഇതിന്റെ പിന്നിലെന്നു ഒരിക്കലെങ്കിലും സംശയിച്ചു എന്നതു സത്യം.
പേരിലേയുള്ളു പെണ്ണത്തം എന്ന അറിവോടെയാണിതു വായിച്ചത്‌.ഒന്നല്ല അതിലുള്ള എല്ലാ പോസ്റ്റും വായിച്ചു.
ഒരു വെടിക്കല്ല,പൂരം വെടിക്കെട്ടിനുള്ള വക കൈയ്യിലുണ്ടെന്ന്‌ മനസ്സിലായി.

എല്ലാവിധ ആശംസകളും...!!!

Rafeeq said...

കാലത്തോടൊരു വാക്ക്‌.
വര്‍ഷവുമായി വരുമുമ്പെ
കുരുതിക്കളത്തിലേക്കെറിയുക...
ഒരാര്‍ത്തിരമ്പലിനേക്കാള്‍ മനോഹരം
ഒരിറ്റായി ഊര്‍ന്ന്‌ വീണ്‌
മരിക്കുകയാണ്‌...

മനോഹരം വരികള്‍.. സ്പറ്ശിയായ വരികള്‍.. ഇഷ്ടപെട്ടു.. ഒരോ കവിതയും വിത്യസ്തത പുലര്‍ത്തുന്നു. ആശംസകള്‍..

വിജയലക്ഷ്മി said...

nannayirikunnu,nallavarikal.nanmakal nerunnu.....

ആര്‍ബി said...

ushiran...
all the best dear..

Mahi said...

ഒരാര്‍ത്തിരമ്പലിനേക്കാള്‍ മനോഹരം
ഒരിറ്റായി ഊര്‍ന്ന്‌ വീണ്‌
മരിക്കുകയാണ്‌...
അതെ തീര്‍ച്ചായായും മരണം ആ വരികളില്‍ ഇറ്റി ഇറ്റി വീഴുന്നുണ്ട്‌

ഗിരീഷ്‌ എ എസ്‌ said...

അഭിപ്രായങ്ങള്‍ക്ക്‌ അകമഴിഞ്ഞ നന്ദി....