Saturday, February 02, 2008

മുറിവുകള്‍ക്കുമുണ്ട്‌ അതിന്റെതായ ന്യായങ്ങള്‍....

അവള്‍
എന്റെ ഭ്രമാത്മകതയിലേക്ക്‌
ഓര്‍മ്മകളാല്‍ കോറിയിടാന്‍
എന്തു ബാക്കിവെച്ചു...?

പറിച്ചെറിയാന്‍
പാകത്തിനൊരു സൗഹൃദമോ
നൊന്തുതീരാനൊരു
പ്രണയനൈരാശ്യമോ
വേട്ടയാടാനൊരു വേര്‍പാടോ...

അറിയില്ല...

മുറിഞ്ഞ ആത്മാവില്‍ നിന്നൊലിച്ചിറങ്ങുന്ന
രക്തത്തില്‍
ഛിന്നഭിന്നമായ മുഖമുണ്ട്‌...
മിന്നിമായുന്ന ഭാവങ്ങളില്‍
സാന്ത്വനത്തിന്റെ നിഴലുകളുണ്ട്‌...
നനഞ്ഞ കണ്‍പീലിയില്‍
മഴത്തുള്ളികള്‍ കാവലിരിക്കുന്നുണ്ട്‌...

എന്തിനാവും...

ജിബ്രാനും നെരൂദയും
ഡയറികുറിപ്പുകളില്‍
ഇടക്കിടെ
മരിച്ചതും ജനിച്ചതുമെന്തിന്‌...
പണയപ്പെടുത്തിയ
മയില്‍പീലി തിരിച്ചെടുത്ത്‌
പ്രേതത്തിന്റെ മുടിയില്‍ തിരുകിയതെന്തിന്‌...
തിളക്കമില്ലാതായ തൂവലുകള്‍
നെറ്റിയില്‍ ശീര്‍ഷകങ്ങളാക്കിയതെന്തിന്‌...

സ്വയം നോവാനോ...

അവളെനിക്കറിവാണ്‌...
ഞാന്‍ പിറകിലാണെന്ന സൂചന ബാക്കിയാക്കാന്‍...
പരാജയത്തിന്റെ തലോടലറിയാന്‍...
വിരഹത്തിന്റെ മുന്‍വിധികളറിയാന്‍...

ഇന്ദ്രിയങ്ങള്‍
നിശ്ചലമാവുന്ന കാലമാവാം
ആത്മബന്ധത്തിന്റെ നേരറിയാന്‍
നാം തിരഞ്ഞെടുക്കേണ്ടത്‌...
ആത്മാവുകള്‍ തര്‍ക്കിച്ച്‌ തോല്‍ക്കുന്നത്‌ കാണാതിരിക്കാന്‍...
നിന്റെ രണ്ടു മിഴികളും ഞാനടര്‍ത്തുന്നു...

42 comments:

ഗിരീഷ്‌ എ എസ്‌ said...

ജിബ്രാനും നെരൂദയും
ഡയറികുറിപ്പുകളില്‍
ഇടക്കിടെ
മരിച്ചതും ജനിച്ചതുമെന്തിന്‌...
പണയപ്പെടുത്തിയ
മയില്‍പീലി തിരിച്ചെടുത്ത്‌
പ്രേതത്തിന്റെ മുടിയില്‍ തിരുകിയതെന്തിന്‌...
തിളക്കമില്ലാതായ തൂവലുകള്‍
നെറ്റിയില്‍ ശീര്‍ഷകങ്ങളാക്കിയതെന്തിന്‌...

സ്വയം നോവാനോ...

മുറിവുകള്‍ക്കുമുണ്ട്‌ അതിന്റെതായ ന്യായങ്ങള്‍....(പുതിയ പോസ്റ്റ്‌)

അച്ചു said...

ഇന്ദ്രിയങ്ങള്‍
നിശ്ചലമാവുന്ന കാലമാവാം
ആത്മബന്ധത്തിന്റെ നേരറിയാന്‍
നാം തിരഞ്ഞെടുക്കേണ്ടത്‌...
ആത്മാവുകള്‍ തര്‍ക്കിച്ച്‌ തോല്‍ക്കുന്നത്‌ കാണാതിരിക്കാന്‍...
നിന്റെ രണ്ടു മിഴികളും ഞാനടര്‍ത്തുന്നു...



ഇതു എനീക്കു മനസ്സിലായില്ല..:(

പ്രയാസി said...

നിന്നെ അന്ധനാക്കുമെന്ന്..

കൂട്ടാരാ..കണ്ണു പോകുമെ..;)

ദ്രൌപദി എനിക്കു മൊത്തത്തില്‍ മനസ്സിലായില്ല..!

മന്‍സുര്‍ said...

ദ്രൗപദി ...

പറയാന്‍ വാക്കുകള്‍ വേറെയിയെന്തിന്ന്‌
ഇവിടെ എല്ലാം കണ്ണാടി പോലെ
തെളിഞ്ഞൊരരുവിയായി
ഒഴുകുന്നു മനസ്സിന്‍..തീരങ്ങളിലൂടെ
അറിയുന്നു ഞാന്‍ ഒരു തേങ്ങള്‍
അവ്യക്തമാം മുഖം
ഒരു നിഴല്‍ പോലെ കണ്‍മുന്നില്‍
മിന്നി മറയുന്നു......

ഇഷ്ടമായ വരികള്‍..ഇങ്ങിനെ...

മുറിഞ്ഞ ആത്മാവില്‍ നിന്നൊലിച്ചിറങ്ങുന്ന
രക്തത്തില്‍
ഛിന്നഭിന്നമായ മുഖമുണ്ട്‌...
മിന്നിമായുന്ന ഭാവങ്ങളില്‍
സാന്ത്വനത്തിന്റെ നിഴലുകളുണ്ട്‌...
നനഞ്ഞ കണ്‍പീലിയില്‍
മഴത്തുള്ളികള്‍ കാവലിരിക്കുന്നുണ്ട്‌...


നന്‍മകള്‍ നേരുന്നു

നജൂസ്‌ said...

ജിബ്രാനും നെരൂദയും
ഡയറികുറിപ്പുകളില്‍
ഇടക്കിടെ
മരിച്ചതും ജനിച്ചതുമെന്തിന്‌...

നെരൂദ എന്നും വേദനിപ്പിചിട്ടേ ഉള്ളൂ. അവസാനം വാക്കുകള്‍ക്കായി അലഞ്ഞതും അറിയാലൊ????

Unknown said...

പണയപ്പെടുത്തിയ
മയില്‍പീലി തിരിച്ചെടുത്ത്‌
പ്രേതത്തിന്റെ മുടിയില്‍ തിരുകിയതെന്തിന്‌..
വിരലഗ്രങ്ങളില്‍ പോലും സ്പര്‍ശിക്കാതെ,കണ്‍പീലിത്തുമ്പുപോലും സ്വന്തമാക്കാനാഗ്രഹിക്കാതെ ആരും പ്രണയിക്കാത്തതെന്തേ? ഒളിഞ്ഞുപോലും പരസ്പരം കാണാനുള്ള സന്ദര്‍ഭങ്ങള്‍ ഒഴിവാക്കൂ...
പ്രണയം നിറഞ്ഞുതുളുമ്പുമ്പോള്‍ പോലും മൌനം എടുത്തണിയൂ..
ഞാന്‍ നിന്നെ എന്തുമാത്രം സ്നേഹിക്കുന്നുവെന്നു ഒരിക്കലും ഒരു നോട്ടം കൊണ്ട് പോലും അവളെ അറിയിക്കാതിരിക്കൂ..
അവളില്‍ നിന്നും അതറിയിതാരിക്കാന്‍ ശ്രദ്ധിക്കൂ..
അപ്പോളുളവാകുന്ന നൊമ്പരമാണ് യഥാര്‍ത്ഥപ്രണയാനുഭൂതി.. അപ്പോള്‍ എവിടെനിന്നും നിണം കിനിയില്ല..
മിഴികള്‍ അടര്‍ത്തുകയും വേണ്ട..
ഇന്ദ്രിയങ്ങള്‍
നിശ്ചലമാവുന്ന കാലമാവാം...
ആത്മബന്ധത്തിന്റെ നേരറിയാന്‍
നാം തിരഞ്ഞെടുക്കേണ്ടത്‌...

Unknown said...

ദ്രൌപദി , മുഖസ്തുതി പറയുന്നതല്ല എല്ലാ കവിതകളും വായിക്കുകയും വായനയുടെ ആഘാതത്തില്‍ അല്പനേരം മൂകമായി ഇരിക്കാറുമുണ്ട് . അത് പണ്ടേയുള്ള ശീലമാണ് , മനസ്സിനെ സ്പര്‍ശിക്കുന്നത് വായിച്ചാലോ കണ്ടാലോ കുറച്ച് നേരം അങ്ങനെ ചിന്താവിഷ്ടനായി ഇരിക്കുകയെന്നത് . കലയിലെ മാനവികത എന്ന ഒരു സംഭവം ഉണ്ടല്ലോ അതാണ് എന്നെ മൌനിയാക്കാറ് .....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ദൂരെയൊരു മൂടല്‍മഞ്ഞിലേയ്ക്ക് മറയാനൊരുങ്ങുമ്പോഴും നിഴ്ലുകള്‍ തേടുന്നത് പിന്‍‌വഴികളിലെ പിടയുന്ന മയില്‍പ്പീലിയെ ആണ്....

ഓരോ വരിയിലും തുളുമ്പുന്ന അഗാധമായ നൊമ്പരത്തിന് കൂട്ട് നോവാണെങ്കിലും ആശിക്കാം ഒരു നേര്‍ത്ത വെട്ടം, വരും ദിനങ്ങളില്‍...

അതിശയിപ്പിക്കുന്ന ഈ എഴുത്തിനു മുന്‍പില്‍ അഭിപ്രായം പറയാനാവുന്നില്ല.

Teena C George said...

ശരിയായിരിക്കാം... മുറിവികള്‍ക്കും ഉണ്ടാവാം അതിന്റേതായ ന്യായങ്ങള്‍...
എങ്കിലും ആത്മബന്ധത്തിന്റെ നേരറിയാന്‍ ഇന്ദ്രിയങ്ങള്‍ ഒരു തടസ്സമാണോ? ആത്മാവും മനസ്സും ശരീരവും പിന്നെ മനുഷ്യന്‍ ഇനിയും ചിന്തിച്ചിട്ടുപോലുമില്ലാത്ത മറ്റെന്തൊക്കെയോ ചേരുമ്പോളല്ലേ മനുഷ്യനും അവന്റെ സ്നേഹവും പൂര്‍ണ്ണമാകുന്നത്?

ആഗ്നേയാ,
അപ്പോളുളവാകുന്ന നൊമ്പരമാണ് യഥാര്‍ത്ഥപ്രണയാനുഭൂതി... ആണോ? ഇന്ദ്രിയങ്ങള്‍ അടര്‍ത്തിമാറ്റിയാലും ആത്മാവില്‍ നിന്നും ഒലിച്ചിറങ്ങുന്ന രക്തം കൂടുതല്‍ നൊമ്പരപ്പെടുത്തില്ലേ?
ആവോ!എനിക്കറിയില്ല.

എന്തായാലും, തര്‍ക്കിച്ച് തോല്‍ക്കാന്‍ ഞാനില്ല... എനിക്കെന്റെ കണ്ണുകള്‍ വേണം. സ്നേഹിക്കുന്നവരെ അകലെ മാറിനിന്നെങ്കിലും നോക്കി കാണാമല്ലോ!

Unknown said...

നാമറിയിച്ചില്ലെങ്കിലും നമ്മെയറിയും..
നമ്മെയറിയിച്ചില്ലെങ്കിലും നാമും അറിയും..അതല്ലേ പ്രണയത്തിന്റെ ശക്തി..ആ സുഖമുള്ള നൊമ്പരം ആത്മാവിലേല്‍പ്പിക്കുന്ന മുറിവില്‍ നിന്നൂറുക രക്തധാരയല്ലല്ലോ..അമൃത വര്‍ഷമല്ലേ?അതല്ലേ യഥാര്‍ഥ പ്രണയാനുഭൂതി?സ്വന്തമാക്കിയതിനു ശേഷം വേണ്ടെന്നു പശ്ഛാത്തപിക്കുന്നതിനേക്കാള്‍ നല്ലതല്ല്ലേ ആ നോവനുഭവിക്കുന്നത്?അതു തന്നെയല്ലേ പ്രണയത്തെ പ്രായത്തിനും,ഇന്ദ്രിയത്തിനുമതീതമാക്കുന്നത്?തര്‍ക്കമല്ല കേട്ടോ...
that's my concept about love..:-)
ദ്രൌപദീ ഇത് ഓഫ് അല്ലെന്നു കരുതുന്നു..

കുറുമാന്‍ said...

നന്നായിരിക്കുന്നു ദ്രൌപതി. എന്നാലും കണ്ണുകള്‍ അടര്‍ത്തിയെടുക്കേണ്ടിയിരുന്നില്ല ;(

വിഷ്ണു പ്രസാദ് said...

തലക്കെട്ടു തന്നെ ഒരു കവിതയാണ്

Teena C George said...

ശരിയാണ് ആഗ്നേയാ, സ്നേഹത്തിന്റെ അതുല്യമായ ശക്തിയില്‍ ഞാനും വിശ്വസിക്കുന്നു.
“സ്നേഹം ഒന്നും ആവശ്യപ്പെടുന്നില്ലാ... എല്ലാം നല്‍കുന്നു... ത്യാഗം...” ഇങ്ങനെയൊക്കെത്തന്നെയാണ് ഞാനും വിശ്വസിച്ചിരുന്നത്. പിന്നീട് ആ വിശ്വാസങ്ങള്‍ ആത്മാവിലും മനസ്സിലും ഏല്‍പ്പിച്ച മുറിവുകളുടെ നൊമ്പരങ്ങള്‍ ആവാം മറിച്ചു ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.
അതുകൊണ്ട് ഇന്നു ഞാന്‍ വിശ്വസിക്കുന്നു. “സ്നേഹം തീര്‍ച്ചയായും പ്രതിസ്നേഹം ആവശ്യപ്പെടുന്നു”

siva // ശിവ said...

നന്നായി ആസ്വദിച്ച കവിത.....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മുറിഞ്ഞ ആത്മാവില്‍ നിന്നൊലിച്ചിറങ്ങുന്ന
രക്തത്തില്‍ഛിന്നഭിന്നമായ മുഖമുണ്ട്‌.
എന്നാലും സ്നേഹത്തിന്റെ സ്പ്ന്ദനം കാലത്തിലെ കാഴ്ചകള്‍ക്ക് ചിതലരിക്കാനാകില്ലല്ലൊ..
ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട്..

ശെഫി said...

നല്ല കവിത

ഗീത said...

‘ഇന്ദ്രിയങ്ങള്‍
നിശ്ചലമാവുന്ന കാലമാവാം
ആത്മബന്ധത്തിന്റെ നേരറിയാന്‍
നാം തിരഞ്ഞെടുക്കേണ്ടത്‌...‘

ഇത് ഒരു കണക്കിനു ശരിതന്നെയാണ് ,ദ്രൌ.

സാക്ഷാത്കരിക്കപ്പെടാതെ, ഒരു നിഗൂഡാനുഭൂതിയായി പ്രണയത്തെ കൊണ്ടു നടക്കാനാണ് ആഗ്നേയക്കിഷ്ടം‍ അല്ലേ.
ടീനയുടെ വിശ്വാസം വളരെ ശരി തന്നെയാണ്. പക്ഷെ അത്തരത്തിലുള്ള സ്നേഹം മനസ്സില്‍ പേറുന്നവര്‍ വളരെ കുറവാണീ ലോകത്തില്‍.

ശ്രീവല്ലഭന്‍. said...

"മുറിഞ്ഞ ആത്മാവില്‍ നിന്നൊലിച്ചിറങ്ങുന്ന
രക്തത്തില്‍
ഛിന്നഭിന്നമായ മുഖമുണ്ട്‌...
മിന്നിമായുന്ന ഭാവങ്ങളില്‍
സാന്ത്വനത്തിന്റെ നിഴലുകളുണ്ട്‌...
നനഞ്ഞ കണ്‍പീലിയില്‍
മഴത്തുള്ളികള്‍ കാവലിരിക്കുന്നുണ്ട്‌..."

ദ്രൌപതി,

മുറിവുകളുടെ വേദന അറിയാന്‍ എത്തി....മൂന്നുപ്രാവശ്യം വായിച്ചു....അറിഞ്ഞു...എവിടെയൊക്കെയോ ഒരു ചെറിയ നൊമ്പരം ഉണര്‍ത്തി കടന്നുപോയി താങ്കളുടെ കവിത....

ഭൂമിപുത്രി said...

അതെ,ഇന്ദ്രിയങ്ങളുറങ്ങുമ്പോഴാണു
നേരുകളുണരുന്നതു..
ദ്രൌപദിയുടെ ഈയുണര്‍ച്ച അതുകണ്ടെത്തിയല്ലൊ.

Unknown said...

ഗീത ഭംഗിയായി എന്റെ പ്രണയസങ്കല്പത്തെ നിര്‍വചിച്ചു..ഉപഗുപ്തന്റെ മനസ്സില്‍ കരുണ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വാസവദത്ത പ്രണയസാഫല്യം കൈവരിച്ചവളാണെന്നു തന്നെയാണ് എന്റെ വിശ്വാസം.എന്നാല്‍ ടീനയോടെനിക്ക് വിയോജിപ്പും ഇല്ല..കാരണം ഞാനും,ദ്രൌപയും, ടീനയും,ഗീതയും പ്രണയത്തിന് ഓരോ നിര്‍വചനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നുമല്ലാത്ത എന്തോ ഒന്നാണ് നാമെല്ലാം തിരയുന്നത് എന്നതല്ലേശരി?നമുക്കു തന്നെ വേര്‍തിരിച്ചറിയാത്ത എന്തോ ഒന്ന്?
ഇല്ലെങ്കിലെന്തിനേ നമ്മളില്‍ പലരും ഏകാന്തതയെ കൂട്ടുപിടിച്ച്,സ്വയം അതിശയിപ്പിക്കുന്ന ,ഭ്രാന്തമായ കൈവേഗത്തില്‍ എന്തെല്ലാമോ കുത്തിക്കുറിക്കുന്നു?പലരുമെന്തേ പല പോസ്റ്റുകളും പൂര്‍ത്തിയാക്കിയ ഉടനെ ഡെലിറ്റ് ചെയ്യുന്നു?:)
എന്തേ പലതും ഡ്രാഫ്റ്റ് ആക്കി ,വെളിച്ചം കാണിക്കാതെ സ്വയം വായിച്ച് നിഗൂഢമായി ആനന്ദിക്കുന്നു?:)
പെട്ടിയില്‍ ഏറ്റവും അടിയിലായി ആരുടെയും കണ്ണില്‍പ്പെടാതെ ഒളിപ്പിച്ചുവച്ച ആ ഡയറിക്കുള്ളില്‍ നിന്നുപോലും പല ഏടുകളും അപ്രത്യക്ഷമായതെങ്ങനെ?:)
(ദ്രൌപദി ഇറക്കി വിടും മുന്‍പേ വീട്ടില്‍ പോകുന്നതാ ബുദ്ധി;))

മയൂര said...

"ഇന്ദ്രിയങ്ങള്‍
നിശ്ചലമാവുന്ന കാലമാവാം
ആത്മബന്ധത്തിന്റെ നേരറിയാന്‍
നാം തിരഞ്ഞെടുക്കേണ്ടത്‌..."


ശരിയാണ്‍..കവിത ഇഷ്ടമായി :)

ചന്ദ്രകാന്തം said...

"ഇന്ദ്രിയങ്ങള്‍
നിശ്ചലമാവുന്ന കാലമാവാം
ആത്മബന്ധത്തിന്റെ നേരറിയാന്‍
നാം തിരഞ്ഞെടുക്കേണ്ടത്‌..."

ഈ വരികള്‍ വല്ലാത്തൊരു അനുഭവം തരുന്നു.

യാരിദ്‌|~|Yarid said...

എനിക്കൊന്നും മനസ്സിലായില്ല....:(

Sharu (Ansha Muneer) said...

അവളെനിക്കറിവാണ്‌...
ഞാന്‍ പിറകിലാണെന്ന സൂചന ബാക്കിയാക്കാന്‍...
പരാജയത്തിന്റെ തലോടലറിയാന്‍...
വിരഹത്തിന്റെ മുന്‍വിധികളറിയാന്‍...
....നല്ല വരികള്‍..:)

വല്യമ്മായി said...

ദൈവം ആദ്യം സൃഷ്ടിച്ചത് ആത്മാക്കളെയാണത്രേ.പെട്ട് പോകുന്ന വരെ അദൃശ്യമായി കഴിയുന്ന എട്ടുകാലി വലകള്‍ പോലെ അവയെ ബന്ധിച്ച് പ്രണയത്തേയും.അത് കൊണ്ട് പ്രണയത്തിനാദ്യമില്ല,അന്ത്യവും.ദ്രൗപദി പറഞ്ഞ പോലെ ഇന്ദ്രിയങ്ങളുടെ കെട്ടുപാടുകളില്‍ നിന്നു മുക്തയാകേണ്ടി വരും അതൊക്കെ തിരിച്ചറിയാന്‍.
രണ്ട് ദിവസം മുമ്പ് ഇതേ അര്‍ത്ഥത്തില്‍ നിലാവിനൊരു കമന്റിട്ടതേയുള്ളൂ.

നല്ല കവിതയും കമന്റുകളും.

ഓടോ:ഇതെന്താ ഈ പെണ്‍ ബ്ലോഗേര്‍സിനെല്ലാം പ്രണയത്തെ കുറിച്ചു മാത്രമേ പറയാനുള്ളൂ.പോയി കഞ്ഞീം കറീം വെക്കെന്റെ കുട്ട്യോളേ ;).

ധ്വനി | Dhwani said...

സത്യം! നേരറിയാതെ നോവു മാത്രം അറിയുന്നു! മരണം പോലും ഈ നോവ് മാറ്റില്ലായിരിയ്ക്കാം!
ഇന്ദ്രിയങ്ങള്‍ കെടും മുന്‍പേ തമ്മിലറിയട്ടെ!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആഗ്നേയയുടെ കമന്റ് കണ്ടപ്പോള്‍ ഒരു വരി ഇവിടെ കുറിക്കണമെന്ന് തോന്നി...
നിര്‍വചിക്കാനാകാത്ത ഒരു വികാരം ..
അല്ലെങ്കില്‍ ഇനിയും ജന്മമെടുക്കാത്ത ഒരു അഗ്നിയാണ് പ്രണയം എന്നും ചിന്തിച്ചുപോകുന്നൂ.!!

വേണു venu said...

ആത്മാവുകള്‍ തര്‍ക്കിച്ച്‌ തോല്‍ക്കുന്നത്‌ കാണാതിരിക്കാന്‍...
നിന്റെ രണ്ടു മിഴികളും ഞാനടര്‍ത്തുന്നു...

പണയപ്പെടുത്തിയ
മയില്‍പീലി തിരിച്ചെടുത്ത്‌
പ്രേതത്തിന്റെ മുടിയില്‍ തിരുകിയതെന്തിന്‌...

ജീവിതത്തിനു് മുഴുകെ ന്യായങ്ങള്‍‍ കണ്ടു പിടിക്കുന്നതു പോലെ മുറിവിനും.
ദ്രൌപദീ കവിത ഇഷ്ടമായി..

ഹരിശ്രീ said...

അവളെനിക്കറിവാണ്‌...
ഞാന്‍ പിറകിലാണെന്ന സൂചന ബാക്കിയാക്കാന്‍...
പരാജയത്തിന്റെ തലോടലറിയാന്‍...
വിരഹത്തിന്റെ മുന്‍വിധികളറിയാന്‍...


നല്ല വരികള്‍...

ഉപാസന || Upasana said...

മിന്നിമായുന്ന ഭാവങ്ങളില്‍
സാന്ത്വനത്തിന്റെ നിഴലുകളുണ്ട്‌...
നനഞ്ഞ കണ്‍പീലിയില്‍
മഴത്തുള്ളികള്‍ കാവലിരിക്കുന്നുണ്ട്‌...

എല്ലാവരും പറഞ്ഞിരിക്കുന്നത് നോക്കൂ.
എക്സലന്റ് വര്‍മ.
:)
ഉപാസന

ഗിരീഷ്‌ എ എസ്‌ said...

കൂട്ടുകാരാ..(ചില കമന്റുകളില്‍ എല്ലാം വ്യക്തമാക്കിയിരിക്കുന്നു..)

പ്രയാസി...
മന്‍സൂ..(ഈ കവിത സ്വീകരിക്കുന്നു...)
നജൂ..(അറിയാം)

ആഗ്നേ...(പറഞ്ഞതെല്ലാം സത്യമാണ്‌...പ്രണയം തിരിച്ചറിവാണ്‌...)

സുകുമാരേട്ടാ..(പ്രോത്സാഹനത്തിന്‌ കടപ്പാട്‌)

പ്രിയാ..(കാത്തിരിക്കുന്നു ഇന്നും നല്ലൊരു ദിവസത്തിനായി...)

ടീനാ..(ചിലപ്പോഴെല്ലാം പരസ്പരം കണ്ണുകള്‍ ചൂഴ്‌ന്നെടുത്താലോ എന്ന്‌ തോന്നാറുണ്ട്‌...പുതിയ കാഴ്ചകള്‍ ഹൃദയബന്ധത്തിന്റെ അതിര്‍ത്തികള്‍ക്കപ്പറുത്തേക്ക്‌ പോകുമോയെന്ന്‌ ഭയന്ന്‌....പ്രണയം സ്വാര്‍ത്ഥമാണ്‌...)

ആഗ്നേ..(അതിമനോഹരമായ സങ്കല്‍പങ്ങളാണല്ലോ ആ മനസ്‌ നിറയെ...ആ ചിന്തകളുടെ സൗന്ദര്യത്തിന്‌ മുന്നില്‍ പ്രണമിക്കുന്നു....)

കുറുമാന്‍..(പ്രണയം എന്നെ സ്വാര്‍ത്ഥമാക്കുന്നു....)
വിഷ്ണുമാഷ്‌ (നന്ദി...)

ടീനാ..(എന്നെയിങ്ങനെ എഴുതിച്ചതും ചുട്ടുപൊള്ളുന്ന അനുഭവങ്ങള്‍ തന്നെയാണ്‌..ആദര്‍ശങ്ങളില്‍ നിന്ന്‌ അല്‍പമെങ്കിലും വ്യതിചലിപ്പിക്കുന്നു അനുഭവങ്ങളുടെ തീഷ്ണത...)

ശിവകുമാര്‍
സജീ
ശെഫീ

ഗീതേച്ചീ...(ശരിയാണ്‌..സങ്കല്‍പങ്ങള്‍ക്കാകെ മുറിവ്‌ പറ്റുന്നു അത്‌ യാഥാര്‍ത്ഥ്യത്തിലേക്ക്‌ വരുമ്പോള്‍...)

ശ്രീവല്ലഭാ..(നന്ദിയുണ്ട്‌ ഈ വാക്കുകള്‍ക്ക്‌...നൊമ്പരം മാത്രം ഏറ്റുവാങ്ങേണ്ടി വരുന്ന മനസിന്റെ നൈര്‍മല്യത്തെ തുറന്നുകാട്ടേണ്ടി വരുന്നു പലപ്പോഴും..)

ഭൂമിപുത്രീ

ആഗ്നേ...(പറഞ്ഞതെല്ലാം ശരിയാണ്‌...ഉള്ളുതുറന്നു സംസാരിക്കുന്നവരെയാണ്‌ ഈ ലോകത്ത്‌ വേണ്ടത്‌...പ്രണയമായാലും പ്രതികാരമായാലും...)

ഡോണേച്ചീ
ചന്ദ്രാ...
വഴിപോക്കന്‍
ശാരൂ..

വല്ല്യമ്മായി..(ശരിയാണ്‌...ബന്ധനത്തിന്റെ അദൃശ്യശക്തികള്‍ പ്രണയികളെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു...)

ധ്വനി..(ആര്‍ദ്രമാണീ വാക്കുകള്‍)
സജീ (ഇതും ശരിയാണ്‌..)
വേണുവേട്ടാ (ന്യായങ്ങള്‍ തേടി സഞ്ചരിക്കുന്നതിനിടെ മനസില്‍ തോന്നിയതാണിത്‌..)
ഹരിശ്രീ
സുനി..(തിരിച്ചറിയുന്നു....)

അതിമനോഹരമായ അഭിപ്രായങ്ങള്‍ കൊണ്ട്‌ കവിതയെ തീഷ്ണമാക്കിയ എന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക്‌ അകമഴിഞ്ഞ നന്ദി...

ഏതു നിമിഷവും പിരിഞ്ഞുപോകുമെന്നും എന്റെ വേര്‍പാടുമായി പൊരുത്തപ്പെടാന്‍ നിനക്ക്‌ സമയം തരുന്നുവെന്നും പറഞ്ഞ ഒരു സുഹൃത്തിന്റെ വാക്കുകളാണ്‌ ഈ വരികള്‍ക്ക്‌ പ്രചോദനമായത്‌...

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഹൃദ്യമായ ആശംസകള്‍ നേരുന്നു....

ശ്രീ said...

"
ഇന്ദ്രിയങ്ങള്‍
നിശ്ചലമാവുന്ന കാലമാവാം
ആത്മബന്ധത്തിന്റെ നേരറിയാന്‍
നാം തിരഞ്ഞെടുക്കേണ്ടത്‌..."

മനോഹരമായ വരികള്‍‌...
:)

സു | Su said...

കണ്ണുകളടച്ചേക്കാം, ചൂഴ്ന്നെടുക്കേണ്ട,
ചിലപ്പോള്‍, വീണ്ടുമതില്‍ നിനക്ക്
നിന്നെത്തന്നെയൊരിക്കല്‍ക്കൂടെ
കാണാന്‍ കൊതിതോന്നിയാലോ.

ദ്രൌപദീ :)

Rafeeq said...

എല്ല്ലാ വരികളും ഇഷ്ടമായി...

വീണ്ടും വീണ്ടും വായിചൂ

CHANTHU said...

എത്രമാത്രം തീവ്രവും സത്യസന്ധവുമാണ്‌ നിങ്ങളുടെ എഴുത്തുകള്‍.

കാവലാന്‍ said...

വളരെ നന്നായിട്ടുണ്ട്.

"എന്റെ ഭ്രമാത്മകതയിലേക്ക്‌
ഓര്‍മ്മകളാല്‍ കോറിയിടാന്‍
എന്തു ബാക്കിവെച്ചു...?"
ഓരോ തവണ സ്വയം ചോദിക്കുമ്പോഴും,ലഭിക്കുന്നതു
വ്യതസ്ഥമായ ഉത്തരങ്ങള്‍ മാത്രം.എല്ലാം ചോദ്യത്തിനോടു യോജിക്കുന്നതും,പരസ്പരം വിയോജിക്കുന്നതുമാണ്.എങ്കിലും ഇട്യ്ക്കൊക്കെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന ചോദ്യം.

Teena C George said...

ഏതു നിമിഷവും പിരിഞ്ഞുപോകുമെന്നും എന്റെ വേര്‍പാടുമായി പൊരുത്തപ്പെടാന്‍ നിനക്ക്‌ സമയം തരുന്നുവെന്നും പറഞ്ഞ ഒരു സുഹൃത്തിന്റെ വാക്കുകളാണ്‌ ഈ വരികള്‍ക്ക്‌ പ്രചോദനമായത്‌...

പതിഞ്ഞ ഈണത്തില്‍ പറഞ്ഞിട്ട്‌
പോകുന്നവരെയാണ്‌ പറയാതെ പോകുന്നവരെക്കാള്‍ പേടി
ഉള്ളില്‍ സ്വരുക്കൂട്ടിവെച്ച കനലുകള്‍
‍വീണ്ടും ആളിക്കത്തിക്കാന്‍ ഇടവേള തേടുകയാവും
ഒരു പക്ഷേ അത്തരക്കാര്‍...


രണ്ടും ചേര്‍ത്ത് വായിക്കാം, അല്ലേ ദ്രൌപതി?

ഗിരീഷ്‌ എ എസ്‌ said...

ടീനാ...
ശരിയാണ്‌..ചേര്‍ത്തു വായിക്കാം..(കണ്ടെത്തലിന്‌ നന്ദി..) പക്ഷേ ഈ സുഹൃത്ത്‌ പിന്നീടൊരിക്കലും കനലുകള്‍ ആളികത്തിക്കാനാവാത്ത വിധം അകലുകയാണെന്ന്‌ വെളിപ്പെടുത്തുകയായിരുന്നു...
ചിന്തകള്‍ക്ക്‌ പറ്റിയ മറ്റൊരു തെറ്റായി വഴിയമ്പലത്തിലെ വരികള്‍...വ്യാഖ്യാനങ്ങള്‍ക്ക്‌ പറ്റിയ അബന്ധമായി അതിന്റെ അന്തസത്ത...
ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും കാത്തുവെക്കാനൊരുപാട്‌ ഓര്‍മ്മകള്‍ സമ്മാനിക്കുന്നതാണ്‌ സൗഹൃദമെന്ന തിരുത്ത്‌ മനസിലെ താളില്‍ നടത്തിക്കഴിഞ്ഞു....
ടീനാ..വിശദമായ അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

ശ്രീ...
സൂവേച്ചീ (ചിലപ്പോഴെല്ലാം വീണ്ടുമൊരിക്കല്‍ പോലും അടുക്കാനാവാത്ത വിധം അകലേണ്ടി വരില്ലേ..നമുക്കെല്ലാം...)
റഫീഖ്‌..
ചന്തു
കാവാലന്‍ (ചിലപ്പോഴെല്ലാം നമ്മുക്ക്‌ ചോദ്യങ്ങള്‍ക്ക്‌ വഴങ്ങേണ്ടി വരുന്നു ല്ലേ...)

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

ജിതൻ said...

Hi,
Actually this is my poem....i mean, i was supposed to write this....coz......Gibran, Neruda......dairikkurippukal idakkide marichathum janichathum.....
Swayam neeri neeri...veruthe....dairikkurippukalil ormakal odungi....vayya!!!!!!
thank u....
language is not enough to express my feelings....

Sourcebound said...

sometimes ignorance is a blessing, is'nt it?

Unknown said...

എപ്പോഴും ബാക്കിയാകുന്നത്‌ വെന്തു നീറുന്ന കുറെ ഓര്‍മകള്‍ മാത്രമാണു

ഗിരീഷ്‌ എ എസ്‌ said...

അജിത്‌..(എല്ലാ പ്രോത്സാഹനങ്ങള്‍ക്കും നന്ദി)
സോഴ്സ്‌
അനൂപ്‌
അഭിപ്രായങ്ങള്‍ക്ക്‌ നന്ദി