Friday, April 18, 2008

ശിഷ്ടം

തീര്‍ന്നു..നീ നല്‍കിയ വസന്തം...
ഇനി ശിശിരകാലത്തിന്‍
യവനികയുണരും...
അരങ്ങുണരും...
വീണു ചിതറുമീ കരിയിലയിലെന്‍
പാദമമരുമ്പോള്‍
വിറയാര്‍ന്ന ശബ്ദമായി
മാത്രമോര്‍മ്മയില്‍ നീ നിറയും...
മത്സരയിനമാം
ജീവിതനാടകം
പതിയെ പടിയിറക്കുമ്പോള്‍
അണിയറയിലൊതുങ്ങി
ചമയങ്ങളില്ലാതെ
തടവറയിലാകുമെന്‍ ചിന്തകള്‍...
മധ്യാഹ്നവേളയില്‍
മദ്യമൊഴുകുന്ന സിരയുമായി
വര്‍ഷകാലത്തിനായി
കാതോര്‍ക്കുമന്നെന്‍ കര്‍ണ്ണങ്ങള്‍

ചിതലരിച്ചു തുടങ്ങിയ
പുസ്തകതാളിലെ
മയില്‍പീലിയുടെ ശവകൂടീരത്തില്‍ നിന്ന്‌
ഇനിയെന്നാണ്‌
നീ പുനര്‍ജനിക്കുക...?
ചോദ്യങ്ങള്‍ മൗനത്തിന്റെ
മുള്‍മുന പേറി
കൊലമരത്തിലേക്കാനയിക്കുമ്പോള്‍...
നീ തിരിച്ചറിയുക...

ദ്രവിച്ചു പോയോര്‍മ്മകള്‍
മുറ്റത്തെ കുടമുല്ല പോലും മരിച്ചുപോയി...
പറയാന്‍ മറന്നൊരീ കഥയും
ശൂന്യമാം വേദിയും
സദസ്സായി നീയും
അഭിനയിക്കാനറിയാത്ത
ഞാനും ബാക്കി...

17 comments:

ഗിരീഷ്‌ എ എസ്‌ said...

ദ്രവിച്ചു പോയോര്‍മ്മകള്‍
മുറ്റത്തെ കുടമുല്ല പോലും മരിച്ചുപോയി...
പറയാന്‍ മറന്നൊരീ കഥയും
ശൂന്യമാം വേദിയും
സദസ്സായി നീയും
അഭിനയിക്കാനറിയാത്ത
ഞാനും ബാക്കി...

നഷ്ടങ്ങള്‍ക്കിടയിലും ചിലതെല്ലാം ബാക്കിയാവുമെന്ന തിരിച്ചറിവില്‍ നിന്ന്‌

ശിഷ്ടം-പുതിയ കവിത

ആഗ്നേയ said...
This comment has been removed by the author.
ആഗ്നേയ said...

ചില പിന്‍വിളികള്‍ അങ്ങനെയാണ്
മുറുകുന്ന വിരലുകള്‍ തമ്മില്‍
അരുതേയെന്ന് വിലക്കുന്ന പോലെ.
ഒറ്റക്കു പോകേണ്ട ദൂരങ്ങളത്രയും
നിറയുന്ന മിഴികളില്‍ തെളിയുന്ന പോലെ.
വണ്ടി നീങ്ങി തുടങ്ങുമ്പോള്‍ പിന്നെയും
കൈ വീശി തിരികെ വിളിക്കുന്ന പോലെ.
അതെ, ചില പിന്‍വിളികള്‍ അങ്ങനെയാണ്,
അത്രയ്ക്ക് നിശബ്ദമാണ്...

മനോഹരമായ വരികള്‍..നൊമ്പരമുണ്ടെങ്കിലും പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന രചന!

കാപ്പിലാന്‍ said...

ചിതലരിച്ചു തുടങ്ങിയ
പുസ്തകതാളിലെ
മയില്‍പീലിയുടെ ശവകൂടീരത്തില്‍ നിന്ന്‌
ഇനിയെന്നാണ്‌
നീ പുനര്‍ജനിക്കുക...?

good

Unknown said...

പറയാന്‍ മറന്നൊരീ കഥയും
ശൂന്യമാം വേദിയും
സദസ്സായി നീയും
അഭിനയിക്കാനറിയാത്ത
ഞാനും ബാക്കി...

ദ്രൌപതിക്ക് പ്രയാന്‍ മറന്നൊരു കഥയും, ശൂന്യമായ ഓരു വേദിയും അവിടെ സദസ്സായി ആരോ ഒരാളും, ബാക്കിയുണ്ട്.. ഇതൊന്നുമില്ലാത്തവരുമില്ലേ ദ്രൌപതി...? ദുഖപൂരിതമായ വരികള്‍ക്ക് പുറത്ത് ദ്രൌപതിയുടെ മുഖമെന്താണ്?

G.MANU said...

നല്ല കവിത..

മുപ്പതാം പേജില്‍ മൂന്നാം മടക്കില്‍
നൂലോടു ചേര്‍ന്ന് മയില്‍പ്പീലി
അവിടെ തന്നെ ഇരിക്കുന്നതല്ലേ നന്ന്..

എന്നെങ്കിലും ഇരട്ടിച്ചാലൊ...

Anonymous said...

തടവറയിലാകുമെന്‍ ചിന്തകള്‍...

മദ്യമൊഴുകുന്ന സിരയുമായി....


മയില്‍പീലിയുടെ ശവകൂടീരത്തില്‍ നിന്ന്‌.....



നന്നായിയിരിക്കുന്നു......

ശ്രീനാഥ്‌ | അഹം said...

രസണ്ടല്ലോ...

siva // ശിവ said...

This is really so nice...so so nice....thanks a lot.

Unknown said...

വാക്കുകളില്‍ നിറയുന്ന ആര്‍ദ്രമായ ഒരു ഭാവം
അതു ഒറ്റപ്പെടല്‍ ,വേദന നിരാശ ഈ കവിക്കളെല്ലാം ഒരേ അച്ചില്‍ വാര്‍ത്ത ബിംബങ്ങാളാകുന്നതു പോലെ

ദൈവം said...

കാലമിനിയുമുരുളും
വിഷു വരും വസന്തം വരും :)

Rare Rose said...

ദ്രൌപദീ..,ജീവിതത്തിന്റെ ഈ അണിയറയില്‍ ഏതു വേഷമാണു ആടാനാവുക..‍ നീ തന്നെ വസന്തത്തിന്റെയോര്‍മ്മകള്‍ പോലും കൈക്കുമ്പിളില്‍ നിന്നു ചോര്‍ന്നുപോയിരിക്കുന്നു...വിലയിരുത്താന്‍ മുന്നിലിരുന്നു നീ പുഞ്ചിരി തൂകുമ്പോഴും കത്തിയെരിഞ്ഞ ഓര്‍മ്മകളുടെ ചാരം വീണ്ടെടുക്കാന്‍ ശ്രമിച്ചു പോകുന്നു..പറയാന്‍ മറന്നതൊക്കെ എതേതു താളുകളിലാണു‍..കണക്കുകൂട്ടലുകള്‍ക്കൊടുവില്‍ ശിഷ്ടമായി അവശേഷിക്കുന്നതു മുഖം മൂടി യണിയാനറിയാത്ത മനസ്സു മാത്രം...നഷ്ടസ്വപ്നങ്ങളുടെ അവശേഷിപ്പുകള്‍ തിരയുന്ന വരികള്‍ ഹൃദയത്തെ വല്ലാതെ സ്പര്‍ശിക്കുന്നു..ഇനിയും തുടരൂ ....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മാനം കാക്കാതെ വെച്ചാല്‍ ഒരുപക്ഷേ എന്നും ഓര്‍മ്മിക്കാനായി അതവിടെ ഉണ്ടാകുമായിരിക്കും...

നന്നായിരിക്കുന്നു ദ്രൌപദീ

ശ്രീ said...

നല്ല വരികള്‍
:)

ജിതൻ said...

കണക്കുകൂട്ടലുകളുടെ അവസാനം മാത്രമേ ശിഷ്ടം ഉണ്ടാകൂ എന്നറിയുക!!!!! ശിഷ്ടത്തിനു ശിഷ്ടം ആകാനേ കഴിയൂ എന്നും......
ജീവിതത്തിന്റെ കണക്കുകൂട്ടലില്‍ എന്നും ശിഷ്ടം ഒരുപിടി ഓര്‍മ്മകള്‍ മാത്രമെന്നയറിവില്‍ ഇന്ദ്രിയങ്ങള്‍ തളര്‍ന്നുപോകുന്നതും നാമറിയും....
അപ്പോഴാണ് നമ്മുടെ ജീവിതവും എന്തിന്റെയൊക്കെയോ ശിഷ്ടമായിരുന്നു എന്നറിയുക!!!
ഇനിയും എഴുതൂ ദ്രൌപ്സ്!!!

Rasheed Chalil said...

:)

ഗിരീഷ്‌ എ എസ്‌ said...

ആഗ്നേ...
കാപ്പിലാന്‍
ജയാ...(നാമൊരുപാട്‌ തവണ കണ്ടിട്ടുണ്ട്‌...ഈ വരികള്‍ക്ക്‌ പുറത്തുള്ള എന്റെ മുഖം പ്രസന്നമാണ്‌..)
ജീമനു
പയ്യന്‍സ്‌
ശ്രീനാഥ്‌
ശിവകുമാര്‍
അനൂപ്‌
ദൈവം
റോസ്‌...
പ്രിയാ
ശ്രീ
ജിതന്‍
ഇത്തിരിവെട്ടം
അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...