Sunday, April 06, 2008

പ്രണയികളുടെ ശ്മശാനം

കൃഷ്ണേ..
നിന്റെ മുറിവില്‍ നിന്ന്‌
എന്നിലേക്ക്‌ പകര്‍ന്ന രോഗബീജമോ പ്രണയം...
തളര്‍ന്ന മുഖവും
ചുവന്ന കണ്ണുകളും
എന്നെ വിവര്‍ണനാക്കുകയാണ്‌...
പൊഴിഞ്ഞുതീരാനൊരുങ്ങുന്ന
വാര്‍മുടിയില്‍
ഇത്തിള്‍ കണ്ണിയായി പടര്‍ന്നുകയറുകയാണ്‌..
നീ തന്ന വിരഹം...
സര്‍പ്പവിഷമായി വന്ന്‌
നീലമാംസമായി നിന്ന്‌
ഇലഞ്ഞിപലകയില്‍ കോര്‍ത്ത
ജീവന്റെ നേര്‍ത്ത മിടിപ്പായി
പെയ്തുതോരുകയാണീ
സ്നേഹത്തിന്‍ തനുത്ത പേമാരി...
മഞ്ഞപ്പായി വന്നു നിന്ന
മിന്നല്‍ സാന്നിധ്യമെവിടെയെന്ന്‌
ശബ്ദഘോഷങ്ങളുടെ
നിരര്‍ത്ഥകത പുലമ്പുന്നുണ്ട്‌...
അര്‍ത്ഥശൂന്യതയുടെ തവിട്ട്‌ ചിരാതില്‍
എണ്ണയില്ലാതെ തിരിയെരിയുന്നുണ്ട്‌..
മഴയുടെ നൗക മിഴികളില്‍ മറിഞ്ഞു തുളുമ്പുന്നുണ്ട്‌...

കുടിച്ചിറക്കിയ ചവര്‍പ്പില്‍
ഞാനൊളിപ്പിച്ച മധുരമറിഞ്ഞുവോ നീ..
തളര്‍ന്ന മിഴികളിലൂറിയ കണ്ണുനീര്‍
തുടക്കുമ്പോള്‍ തിരിച്ചറിഞ്ഞിരുന്നോ
കൊരുത്ത ചൂണ്ടയുടെ വേദന..
നിന്റെ മരണം എന്റെ മൃതി കൂടിയായിരുന്നു...
നഷ്ടങ്ങളുടെ വിളര്‍ത്ത കണ്ഠങ്ങളില്‍
വെള്ളലോഹം പടര്‍ത്തി
നിന്നെ തിരഞ്ഞ്‌ ഒടുവീലീ ഞാനും...

തിരയുകയാണിന്ന്‌...
ആത്മാക്കള്‍ക്ക്‌ രൂപമില്ലെന്നോ...
നിന്റെ തണുത്ത വിരല്‍തുമ്പെവിടെ..
മുറിച്ച ചുണ്ടുകളെവിടെ...
അഴിഞ്ഞുവീണ മുടിക്കെട്ടെവിടെ...
ശൂന്യതയുടെ തടാകത്തില്‍ നാം കണ്ട
പ്രണയത്തിന്റെ സീല്‍ക്കാരമെവിടെ...
സ്മരണകള്‍ ബാക്കിയാക്കിയ ഈ മണ്ണില്‍
ഇനിയെത്ര പനിനീര്‍പ്പൂക്കളെ
ആര്‍ക്കൊക്കെ ബലികൊടുക്കേണ്ടി വരും...

16 comments:

ഗിരീഷ്‌ എ എസ്‌ said...

കുടിച്ചിറക്കിയ ചവര്‍പ്പില്‍
ഞാനൊളിപ്പിച്ച മധുരമറിഞ്ഞുവോ നീ..
തളര്‍ന്ന മിഴികളിലൂറിയ കണ്ണുനീര്‍
തുടക്കുമ്പോള്‍ തിരിച്ചറിഞ്ഞിരുന്നോ
കൊരുത്ത ചൂണ്ടയുടെ വേദന..
നിന്റെ മരണം എന്റെ മൃതി കൂടിയായിരുന്നു...
നഷ്ടങ്ങളുടെ വിളര്‍ത്ത കണ്ഠങ്ങളില്‍
വെള്ളലോഹം പടര്‍ത്തി
നിന്നെ തിരഞ്ഞ്‌ ഒടുവീലീ ഞാനും...

മറവിയുടെ പുസ്തകം ഇനിയും കണ്ടെടുക്കാനാവാതെ...

പ്രണയികളുടെ ശ്മശാനം-പുതിയ കവിത

Unknown said...
This comment has been removed by the author.
പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു വരികള്‍!

Rafeeq said...

തളര്‍ന്ന മിഴികളിലൂറിയ കണ്ണുനീര്‍
തുടക്കുമ്പോള്‍ തിരിച്ചറിഞ്ഞിരുന്നോ
കൊരുത്ത ചൂണ്ടയുടെ വേദന..

ദ്രൗപതി.. എഴുതുമ്പോഴെല്ലാം, പ്രണയം സ്നേഹമായും, വിശമായും, നഗന പാതം കൊണ്ടു മരുഭൂമിയിലൂടെ നടക്കുന്ന പോലെയും, അതുമല്ലേങ്കില്‍ ചിലപ്പൊ തണുത്ത ശവത്തിന്റെ മുകളിലൂടെ രക്ത മൊഴുക്കുന്ന പോലെയൊക്കെ തോന്നും..

നന്നായിട്ടുണ്ട്‌. ആശംസകള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:)

Unknown said...

തന്നെ വിവര്‍ണ്ണനാ‍ാക്കിയ, തളര്‍ന്ന മുഖവും,ചുകന്ന കണ്ണുകളുമുള്ളവളുടേ മുറിവില്‍ നിന്നും പകരുന്ന രോഗബീജം സഹതാപമല്ലേ?അതിനെ പ്രണയമായി കണക്കാക്കാമോ?കൊല്ലും എന്നറിഞ്ഞുതന്നെയല്ലേ മധുരം ഒളിപ്പിച്ചുവച്ച ചവര്‍പ്പ് പകര്‍ന്നുകൊടുത്തതും?
ആത്മാവായെങ്കിലും പിന്തുടരാനാകുമെന്ന വ്യര്‍ത്ഥമോഹത്തില്‍?
അങ്ങനെ സംശയംതോന്നുന്നു.
ഈ കൊല്ലലും വേര്‍പ്പെടുത്തലും അല്ലാതെ ഒന്നും അറീല്ലേ ദ്രൌപ?കഷ്ടംട്ടോ!

Rare Rose said...

ദ്രൌപതീ.,വിരഹം പുതച്ചുറങ്ങുന്ന പ്രണയികളുടെ ശ്മശാനത്തില്‍ തന്റെ കൃഷ്ണയെത്തേടി എത്രയോ പേര്‍..അവളുടെ വിരല്‍ത്തുമ്പിലെ സ്നേഹവായ്പിനായി ഇനിയും അലഞ്ഞുകൊണ്ടേയിരിക്കുന്നവര്‍..ഓരോ കൃഷ്ണയും മാഞ്ഞു പോകുമ്പോഴും , ചുവന്നു തുടുത്ത പനിനീര്‍പ്പൂവുകള്‍ ഇറുക്കപ്പെടുവാനാ‍യി ഇനിയും കാത്തിരിക്കുന്നു..കാരണം..പ്രണയത്തിനു മരണമില്ലല്ലോ..
കൃഷ്ണയെ തേടിയലയുന്ന ഈ വരികളില്‍ വിരഹത്തിന്റെ തിരതല്ലല്‍ കേള്‍ക്കാം..നന്നായിരിക്കുന്നു ദ്രൌപതീ..ഇനിയും തുടരൂ..

Dinkan-ഡിങ്കന്‍ said...

Deja Vu!

Anonymous said...

മഴയുടെ നൗക മിഴികളില്‍ മറിഞ്ഞു തുളുമ്പുന്നുണ്ട്‌...

...............................evideyo????

നഷ്ടങ്ങളുടെ വിളര്‍ത്ത കണ്ഠങ്ങളില്‍
വെള്ളലോഹം പടര്‍ത്തി
നിന്നെ തിരഞ്ഞ്‌ ഒടുവീലീ ഞാനും.....


നിന്റെ തണുത്ത വിരല്‍തുമ്പെവിടെ..
മുറിച്ച ചുണ്ടുകളെവിടെ...
....ആ ആത്മാവിനെ നീ നഷ്ടപ്പെടുത്തരുതു.....

ജിതൻ said...

ദ്രൌപ്സ്...
വീണ്ടും പ്രണയവും വേര്‍പാടും ...
മഴയുടെ നൗക മിഴികളില്‍ മറിഞ്ഞു തുളുമ്പുന്നത് അറിയുന്നു...
തളര്‍ന്ന മിഴികളിലൂറിയ കണ്ണുനീര്‍
തുടക്കുമ്പോള്‍ തിരിച്ചറിഞ്ഞിരുന്നോ
കൊരുത്ത ചൂണ്ടയുടെ വേദന..
ചോദ്യങ്ങളുടെ കൂര്‍ത്തുവളഞ്ഞ ചൂണ്ടമുനകളിലാണ് ഓരോ പ്രണയവുമൊടുങ്ങുന്നതെന്നു തോന്നുന്നു.....അവസാനം, സ്മൃതികളില്‍ തിരഞ്ഞുകൊണ്ടേയിരിക്കാം...കാലങ്ങളോളം....

Munna said...


Hey, you can earn money from your Blogs!. Yes, It's absolutely true, See my blog.

Unknown said...

തിരയുകയാണിന്ന്‌...
ആത്മാക്കള്‍ക്ക്‌ രൂപമില്ലെന്നോ...
നിന്റെ തണുത്ത വിരല്‍തുമ്പെവിടെ..
മുറിച്ച ചുണ്ടുകളെവിടെ...
അഴിഞ്ഞുവീണ മുടിക്കെട്ടെവിടെ...
ശൂന്യതയുടെ തടാകത്തില്‍ നാം കണ്ട
പ്രണയത്തിന്റെ സീല്‍ക്കാരമെവിടെ
ശരിക്കും ആതമാവില്‍ വന്നു തട്ടുന്നതു പോലെ
ക്രിഷണാ അവിടെന്നെവിടെ കണ്ണാ

Unknown said...

ദ്രൌപതീ ... ഓരോ കവിതയും വായിച്ചു കഴിയുമ്പോഴും ഒന്നും പറയാന്‍ കഴിയാത്ത വിധം വാക്കുകള്‍ നഷ്ടപ്പെട്ട്, കാലത്തിന്റെ ഏതോ കോണിലേക്ക് ഞാന്‍ എടുത്തെറിയപ്പെടുന്നു ..
ആശംസകളോടെ,

ശ്രീ said...

എന്നത്തേയും പോലെ നല്ല വരികള്‍...

Unknown said...

പ്രണയത്തിന്റെ സീല്‍ക്കാരമെവിടെ...
സ്മരണകള്‍ ബാക്കിയാക്കിയ ഈ മണ്ണില്‍
ഇനിയെത്ര പനിനീര്‍പ്പൂക്കളെ
ആര്‍ക്കൊക്കെ ബലികൊടുക്കേണ്ടി വരും...
നന്നായിരിക്കുന്നു ദ്രൌപതീ..

ഗിരീഷ്‌ എ എസ്‌ said...

പ്രിയ
റഫീക്ക്‌
സജീ
ആഗ്നേ( നൊമ്പരമില്ലാത്ത ജീവിതമുണ്ടോ)
റോസ്‌ (പറഞ്ഞതെല്ലാം ഏറ്റുവാങ്ങുന്നു)
ഡിങ്കാ
പയ്യന്‍സ്‌
ജിതന്‍
മുന്നാ
അനൂപ്‌
സുകുമാരേട്ടാ (പ്രോത്സാഹനത്തിന്‌ നന്ദി)
ശ്രീ
മുരളീ
അഭിപ്രായങ്ങള്‍ക്ക്‌ അകമഴിഞ്ഞ നന്ദി...