Wednesday, February 13, 2008

നഗ്നപ്രണയം...

കഫേകളിലെ
ശൂന്യതകളില്‍...
തിയ്യറ്ററുകളിലെ
ഇരുട്ടിന്റെ നഗ്നതയില്‍...
പാര്‍ക്കിലെ ശപിക്കപ്പെട്ട
മരണത്തണലുകളില്‍...
കടലോരത്തെ
ഒഴിഞ്ഞ മണല്‍തിട്ടയില്‍...
തീവണ്ടികൂപ്പയിലെ
ഇളക്കങ്ങളില്‍
നീ ശാന്തി തേടുന്നു...

പറത്തിവിട്ട സ്വപ്നങ്ങള്‍
ചുണ്ടിന്റെ ചൂടേറ്റ്‌ കരിഞ്ഞുവോ...
കവിള്‍ത്തടത്തിലൂടെ ഊര്‍ത്തിറങ്ങിയ
ഉപ്പുവെള്ളത്തില്‍
ഓര്‍മ്മയുടെ നൗക മറിഞ്ഞുവോ...
മാംസത്തിന്റെ
കരിഞ്ഞ ഗന്ധം
രതിയുടെ തണുപ്പിലൊടുങ്ങിയോ...

അറിയില്ല...

നിയന്ത്രണം വിട്ട പട്ടത്തിന്റെ
പിന്നാലെ പായുന്ന
ബാല്യമാണിന്നും നീ...
നക്ഷത്രങ്ങള്‍ക്ക്‌
വാശി പിടിച്ച കൗമാരമാണ്‌ നീ...
വരണ്ട തൊണ്ടയുമായി നിന്ന
യൗവനമാണ്‌ നീ...

ചുളിഞ്ഞ ദേഹവും
വിറയാര്‍ന്ന പാദവുമായി
വാര്‍ദ്ധക്യവും കടന്ന്‌
നീ നടന്നുപോവുന്നത്‌
പ്രതീക്ഷയെന്ന
കുരുക്കിലേക്കോ...

42 comments:

ഗിരീഷ്‌ എ എസ്‌ said...

പറത്തിവിട്ട സ്വപ്നങ്ങള്‍
ചുണ്ടിന്റെ ചൂടേറ്റ്‌ കരിഞ്ഞുവോ...
കവിള്‍ത്തടത്തിലൂടെ ഊര്‍ത്തിറങ്ങിയ
ഉപ്പുവെള്ളത്തില്‍
ഓര്‍മ്മയുടെ നൗക മറിഞ്ഞുവോ...
മാംസത്തിന്റെ
കരിഞ്ഞ ഗന്ധം
രതിയുടെ തണുപ്പിലൊടുങ്ങിയോ...

അറിയില്ല...

പ്രണയം മരിക്കുന്നുþപുതിയപോസ്റ്റ്‌
(ഓര്‍മ്മകളില്‍ ഇന്നും പ്രണയത്തെ താലോലിക്കുന്നവര്‍ക്ക്‌ സമര്‍പ്പിക്കുന്നു...)

thoufi | തൗഫി said...

:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എല്ലാം ശരിയാണ് പക്ഷെ പ്രേമംവഴി തേറ്റിയാല്‍ പ്രേതം മരകൊമ്പില്‍

GLPS VAKAYAD said...

പ്രണയം അനാദിയാണു ദ്രൌപതീ,അതിനു നിയതമായ രീതികളില്ല,പൂക്കളെപ്പോലെ കൊഴിഞ്ഞു വീഴുന്നതു കൊണ്ടാണ് അത് അനശ്വരമായി നിലനില്‍ക്കുന്നത്.എന്തിനാണ് അതിനൊരു ലക്ഷ്യം വിവാഹം പോലെ സ്ഥാപന വല്‍ക്കരിക്കപ്പെട്ടാല്‍ പ്രണയവും.ആശാന്റെ മാരദൂതികളെപ്പോലെ പ്രണയത്തില്‍ ജീവിച്ച് ജീവിതമൊടുക്കാന്‍ ഇന്നാര്‍ക്കു നേരം?
ഇതൊരു വിയോജിപ്പോ വിമര്‍ശനമോ അല്ല.കവിതയിലെ സന്ദേഹങ്ങളോടുള്ള പ്രതികരണം മാത്രം,
കവിള്‍ത്തടത്തിലൂടെ ഊര്‍ത്തിറങ്ങിയ
ഉപ്പുവെള്ളത്തില്‍
ഓര്‍മ്മയുടെ നൗക മറിഞ്ഞുവോ ഈ വരികള്‍ മതി പൊട്ടന്‍ഷ്യല്‍ മനസ്സിലാക്കാന്‍,നന്നായി എന്ന് ഒറ്റവാക്കെഴുതിപ്പൊകാന്‍ മനസ്സു വന്നില്ല.പ്രണയം മരിക്കുന്നില്ല പുറന്തോടുകള്‍ ചീന്തി മാറ്റിയാല്‍ എല്ലാ തലച്ചോറിലും അതുണ്ട്.രാഗസുരഭിലവും മധുര സാന്ദ്രവുമായ പ്രണയവസന്തത്തിന്റെ ഓര്‍മ്മകള്‍.ഒരിക്കല്‍ക്കൂടി ,,,,,,കവിത ഇഷ്ടപ്പെട്ടു

ഒരു “ദേശാഭിമാനി” said...

;)

Unknown said...

നിയന്ത്രണം വിട്ട പട്ടത്തിന്റെ
പിന്നാലെ പായുന്ന
ബാല്യമാണിന്നും നീ...
നക്ഷത്രങ്ങള്‍ക്ക്‌
വാശി പിടിച്ച കൗമാരമാണ്‌ നീ...
വരണ്ട തൊണ്ടയുമായി നിന്ന
യൗവനമാണ്‌ നീ...
നല്ല വരികള്‍....
കവിള്‍ തടത്തിലൂടെ ഊര്‍ന്നിറങ്ങിയ ഉപ്പുവെള്ളത്തില്‍ ഓര്‍മകളുടെ നൌക മറിയുന്നുവോ?
ഈ വരി പലയാവര്‍ത്തി വായിച്ചു...
ദേവതീര്‍ഥയുടെ അഭിപ്രായത്തിനു കീഴെ ഒരു കയ്യൊപ്പ്...
പ്രണയത്തിനു മരണമില്ല...കാരണം അതിന്ദ്രിയങ്ങള്‍ക്കതീതമാണെന്നതു തന്നെ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹൃദയവും മനസ്സും തമ്മിലുള്ള സംവാദത്തിന് ആത്മാവ് കേള്‍വിക്കാരനാവുമ്പോള്‍ പ്രണയത്തിന് ഭാവങ്ങളേറെയാണ്...

അതിനുമപ്പുറം,തെളിവുകളിത്താരൊ നൊമ്പരമാണ് പ്രണയാം...

നല്ല വരികള്‍ ദ്രൌപദീ

ചന്ദ്രകാന്തം said...

ദ്രൗപദീ,
കവിളിലൊഴുകും ഉപ്പുവള്ളത്തില്‍ മറിഞ്ഞു പോകുന്ന ഓര്‍‌മ്മകളുടെ തോണിയില്‍ നിന്നുപോലും, പ്രണയത്തിന്റെ തിളക്കപ്പൊട്ടുകള്‍ പെറുക്കിയെടുക്കാനാവും...
ഓരോ ആത്മാവിലും അലിഞ്ഞുചേര്‍ന്നിരിയ്ക്കുന്ന സ്നേഹസാരാംശത്തിന്‌ നാശമില്ല ഒരിയ്ക്കലും...
നഷ്ടപ്പെട്ടെന്ന തോന്നലുണ്ടാക്കുമ്പോളും, അടുത്ത നിമിഷത്തില്‍ പുനര്‍ജനിച്ചിരിയ്ക്കും പ്രണയം..

ശ്രീലാല്‍ said...

പൊള്ളുന്ന പനിയുമാണു നീ..
വെന്ത മാംസത്തിന്റെ മണമാണുനീ..

വരികള്‍ ആസ്വദിച്ചൂ.

Gopan | ഗോപന്‍ said...

മനസ്സില്‍ തട്ടുന്ന വരികള്‍.
"പ്രണയം അനശ്വരം" എന്ന് പഴമൊഴി.
ഈ കവിത വായിച്ചപ്പോള്‍
അത് തിരുത്തിയാലോ എന്നൊരു തോന്നല്‍.
പ്രണയംമെന്ന നിലാവു മറഞ്ഞാലും
തിരികെ വരുമെന്ന ഒരു പ്രതീക്ഷയെങ്കിലും
വച്ചു പുലര്‍ത്തുന്നതില്‍ എന്താണ് തെറ്റ് ?
കവിത ഇഷ്ടമായി.

ദിലീപ് വിശ്വനാഥ് said...

പറത്തിവിട്ട സ്വപ്നങ്ങള്‍
ചുണ്ടിന്റെ ചൂടേറ്റ്‌ കരിഞ്ഞുവോ...
കവിള്‍ത്തടത്തിലൂടെ ഊര്‍ത്തിറങ്ങിയ
ഉപ്പുവെള്ളത്തില്‍
ഓര്‍മ്മയുടെ നൗക മറിഞ്ഞുവോ...
മാംസത്തിന്റെ
കരിഞ്ഞ ഗന്ധം
രതിയുടെ തണുപ്പിലൊടുങ്ങിയോ...

നല്ല വരികള്‍.

കാപ്പിലാന്‍ said...

നിന്റെ ചുണ്ടു കരിഞ്ഞുവോ

ഹരിയണ്ണന്‍@Hariyannan said...

കവിത കൊള്ളാം:)

ഊര്‍ത്തിറങ്ങിയ എന്നാണോ ഊര്‍ന്നിറങ്ങിയ എന്നാണോ?

ശ്രീ said...

നന്നായിരിയ്ക്കുന്നു, വരികള്‍!
:)

Sethunath UN said...

കവിതയുടെ പേര്‍ മാറ്റിയോ? പ്രണയം ഒരിയ്ക്കലും മ‌രിയ്ക്കില്ല എന്നൊക്കെ പറയാന്‍ വന്നതാണ്. അപ്പോ‌‌ള്‍ ന‌ഗ്ന‌പ്രണ‌യം ആയി.
കവിത ന‌ന്നായി.

ശ്രീനാഥ്‌ | അഹം said...

സത്യം. ഇന്നത്തെ പ്രണയം ചില പ്രത്യേക വികാരതലങ്ങളില്‍ മാത്രം ഒതുങ്ങി നടക്കുന്നു.

ആണും പെണ്ണും തമ്മിലുള്ള പരമമായ വെത്യാസം കണ്ടുപിടിക്കാന്‍ മാത്രം പ്രണയിക്കുന്നവര്‍. ഇടക്ക്‌ വിടര്‍ന്നു നില്‍ക്കുന്നു. അല്‍പം കഴിഞ്ഞ്‌ വാടിനില്‍ക്കുന്നു. പിന്നെയും തുടരുന്നു.

ഒരുക്കലും തളരാത്ത പ്രണയം ഇന്നെവിടെ?

Sharu (Ansha Muneer) said...

കവിത നന്നായി...:) പ്രണയത്തിനാണോ നമുക്കാണോ വഴിതെറ്റുന്നത്? എങ്കിലും പൂര്‍ണ്ണമായി തെറ്റിയിട്ടുണ്ടെന്ന് തോന്നുന്നില്ല.... :)

sv said...

മിന്നി മറയുന്ന ഒരു വര്‍ണ്ണകാഴ്ചയായിരുന്നു പ്രണയം എന്നു തോന്നുന്നു.

"മറവിയില്‍ മാഞ്ഞു പോകുന്ന നിന്‍ കുങ്കുമ തരി പുരണ്ട ചിദംബരസന്ധ്യകള്‍.."

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Rafeeq said...

ഇഷ്ടമായി..
ഓരോ കവിതകളിലും.. വാക്കുകള്‍ കൊണ്ടു കളിക്കുന്നതു കാണുമ്പോല്‍ അസൂയ തോന്നുന്നു..

ആശംസകള്‍

ഉപാസന || Upasana said...

നിയന്ത്രണം വിട്ട പട്ടത്തിന്റെ
പിന്നാലെ പായുന്ന
ബാല്യമാണിന്നും നീ..

പലപ്പോഴും ഞാനും ഇപ്പോഴും ഇങ്ങനെയൊക്കെയല്ലേ എന്ന് ചിന്തിച്ചിട്ടുണ്ട്.
നന്നായി കവിത.
:)
ഉപാസന

Rejesh Keloth said...

പ്രണയം ഇന്നൊരു വ്യഗ്രതയാണോ എന്നു ഞാന്‍ പലപ്പൊഴും ചിന്തിച്ചിട്ടുണ്ട്... സ്വന്തമാക്കാനുള്ള സ്വാര്‍ത്ഥതയാണ് ഇന്ന് പ്രണയത്തെ ഭരിക്കുന്നത്.. പിന്നെ ഒരുപാടുമാധ്യമങ്ങള്‍ പടച്ചുനല്‍കുന്ന അബദ്ധജടിലധാരണകളും.. നിര്‍മ്മലപ്രണയങ്ങള്‍ ഇപ്പൊഴും നമുക്കു ചുറ്റുമുണ്ട്.. എണ്ണത്തില്‍ കുറവാണെങ്കിലും അതുകണ്ട് നമുക്ക് സന്തോഷിക്കാം.. ആത്മാര്‍ത്ഥമായ് പ്രണയിക്കാം.. :-)
(സമര്‍പ്പണം ഏറ്റുവാങ്ങിയിരിക്കുന്നു... :-))

നിലാവര്‍ നിസ said...

പ്രണയം പ്രണയികളെ നിര്‍ണ്ണയിക്കുന്നോ
അതോ പ്രണയികള്‍ പ്രണയത്തെയോ?

തലക്കെട്ട് മാറ്റിയത് നന്നായി..

കവിത ഏറെ ഹൃദ്യം..

വിനോജ് | Vinoj said...

വളരെ നല്ല കവിത.
You are the best.

Teena C George said...

“കാലം മാറുമ്പോള്‍ കോലം മാറണം” എന്നാണല്ലോ ചൊല്ല്!
എങ്കിലും ഒരു വിഷമം, കാലത്തിന്റെ പിടിവിട്ട ഈ പോക്കു കാണുമ്പോള്‍.
പിന്നെ പ്രണയം ആത്മാര്‍ത്ഥമാണെങ്കില്‍, അത് സ്നേഹത്തില്‍ അധിഷ്ടിതമാണെങ്കില്‍, അത് അങ്ങനെ പാറിനടക്കട്ടെ, എവിടെ വേണമെങ്കിലും. കഫേയോ, തീയേറ്ററോ...

ഒന്നുറപ്പാ... എവിടെ പൂത്ത പ്രണയമാ‍ണെങ്കിലും, സ്വപ്നങ്ങള്‍ കരിഞ്ഞു വീഴുമ്പോള്‍, കവിള്‍ത്തടത്തിലൂടെ കണ്ണുനീര്‍ ഊര്‍ന്നിറങ്ങുമ്പോള്‍ ആത്മാവിനും മനസ്സിനും ഉണ്ടാവുന്ന നീറ്റല്‍, അതിന്റെ വേദന ഒരുപോലെയായിരിക്കും... പ്രണയം സത്യമാണെങ്കില്‍...
സത്യമാണെങ്കില്‍ മാത്രം!!!

thoufi | തൗഫി said...

ഇനിയും പറഞ്ഞുതീര്‍ന്നിട്ടില്ലാത്ത,
ഇനിയും നിര്‍വചിക്കാനാവാത്ത,
എത്ര നിര്‍വചിച്ചാലും പൂര്‍ണ്ണമാകാത്ത
ഒന്നത്രെ പ്രണയം.

നാലാള്‍ കാണ്‍കെ കൊട്ടിഘോഷിച്ചിട്ടൊ ചാനലുകളിലേക്ക് സന്ദേശങ്ങളയച്ചൊ അല്ല,
ഉള്ളിലുള്ള ഇഷ്ടത്തെ പ്രകടിപ്പിക്കേണ്ടത്.

മനസ്സ് മനസ്സിനോട് സംവദിക്കേണ്ടത്
അഗാധമായ ഹൃദയ ബന്ധങ്ങളിലൂടെയാവണം.

പ്രണയത്തെ ദിനമാക്കിയും ആഘോഷമാക്കിയും
നമ്മുടെ നാട്ടില്‍ തായലന്റ് മോഡല്‍ വ്യവസായത്തിന്
മണ്ണൊരുക്കുകയാണ് കമ്പോളമുതലാളിത്തം.
കടല്‍ കടന്നെത്തിയ കാര്‍ഡുമുതലാളിയുടെ
കച്ചവടതന്ത്രത്തെ കരുതിയിരിക്കുക.

--മിന്നാമിനുങ്ങ്

ശ്രീവല്ലഭന്‍. said...

ദ്രൗപദി,
കവിത വളരെ ഇഷ്ടപ്പെട്ടു.....പ്രത്യേകിച്ചും ഈ വരികള്‍ ....

"പറത്തിവിട്ട സ്വപ്നങ്ങള്‍
ചുണ്ടിന്റെ ചൂടേറ്റ്‌ കരിഞ്ഞുവോ...
കവിള്‍ത്തടത്തിലൂടെ ഊര്‍ത്തിറങ്ങിയ
ഉപ്പുവെള്ളത്തില്‍
ഓര്‍മ്മയുടെ നൗക മറിഞ്ഞുവോ...
മാംസത്തിന്റെ
കരിഞ്ഞ ഗന്ധം
രതിയുടെ തണുപ്പിലൊടുങ്ങിയോ..."

കാവലാന്‍ said...

വളരെ നന്നായിട്ടുണ്ട്..
എങ്കിലും,


പഞ്ചേന്ദ്രിയങ്ങളില്‍ നിന്നും പ്രാണന്‍
തിരിഞ്ഞൊരു നോട്ടമില്ലാതെ യാത്രയാകുമ്പോള്‍
അല്പം പ്രണയം ഇവിടെ ബാക്കി വച്ചിട്ടുപൊയ്ക്കോട്ടെ..
അനുഭവങ്ങളുടെ തിരുശേഷിപ്പായി.

കാഴ്‌ചക്കാരന്‍ said...

പ്രണയത്തെ പാടിയും പ്രായത്തെ പറ്റി പറഞ്ഞും പേടിപ്പിക്ക്യാ ? പറക്കുന്ന പട്ടത്തിനു പിന്നാലെ പായാതെ, നക്ഷത്രങ്ങള്‍ക്ക്‌ വാശി പിടിക്കാതെ, വരണ്ട തൊണ്ടയില്ലാതെ എങ്ങിനേയാണ്‌ ചുളിഞ്ഞ ദേഹത്തേയും വിറയാര്‍ന്ന പാദത്തേയും നേടിയെടുക്കുക. (എന്തു നല്ല വരികള്‍, നന്നായീട്ടോ ഈ കവിത)

പ്രയാസി said...

“കഫേകളിലെ
ശൂന്യതകളില്‍...
തിയ്യറ്ററുകളിലെ
ഇരുട്ടിന്റെ നഗ്നതയില്‍...
പാര്‍ക്കിലെ ശപിക്കപ്പെട്ട
മരണത്തണലുകളില്‍...
കടലോരത്തെ
ഒഴിഞ്ഞ മണല്‍തിട്ടയില്‍...
തീവണ്ടികൂപ്പയിലെ
ഇളക്കങ്ങളില്‍
നീ ശാന്തി തേടുന്നു...“

എന്താ മാഷെ ഈ “ശാന്തി”..;)

വേണു venu said...

ദ്രൌപദീ,
ഇഷ്ടപ്പെട്ടു.:)
ഇഷ്ടമായ വരി.”ഇരുട്ടിന്റെ നഗ്നതയില്‍“

ധ്വനി | Dhwani said...

അതേ ഇങ്ങനെയാണു പ്രണയം മരിയ്ക്കുന്നത്...


കവിള്‍ത്തടത്തിലൂടെ ഊര്‍ത്തിറങ്ങിയ
ഉപ്പുവെള്ളത്തില്‍
ഓര്‍മ്മയുടെ നൗക മറിഞ്ഞുവോ...

ഏ.ആര്‍. നജീം said...

കഫേകളിലെ
ശൂന്യതകളില്‍...
തിയ്യറ്ററുകളിലെ
ഇരുട്ടിന്റെ നഗ്നതയില്‍...
പാര്‍ക്കിലെ ശപിക്കപ്പെട്ട
മരണത്തണലുകളില്‍...
കടലോരത്തെ
ഒഴിഞ്ഞ മണല്‍തിട്ടയില്‍...
തീവണ്ടികൂപ്പയിലെ
ഇളക്കങ്ങളില്‍
നീ ശാന്തി തേടുന്നു...


അത്യന്താധുനിക പ്രണയം.. സൈബര്‍ യുഗത്തിലെ പ്രണയം.. എത്ര മനോഹരമായി വിവരിച്ചിരിക്കുന്നു..!!

siva // ശിവ said...

എത്ര സുന്ദരമീ കവിത....വളരെ ഇഷ്ടമായി....

CHANTHU said...

ഇത്‌ കുറച്ച്‌ വിഷമിപ്പിക്കുന്ന കവിതയാണല്ലൊ. നന്നായിട്ടുണ്ട്‌ നിങ്ങളുടെ ഈ അവതരണം.

ഗിരീഷ്‌ എ എസ്‌ said...

മിന്നാമിനുങ്ങ്‌..
സജീ (അതൊക്കെ പണ്ടല്ലേ..ഇപ്പോ പ്ലെയിന്‍ ടേബിളില്‍...)

ദേവാ (വിശദമായി എഴുതിയതിന്‌ നന്ദി. ദേവ പറഞ്ഞതെല്ലാം ശരിയാണ്‌..പക്ഷേ സന്ദേഹങ്ങള്‍ പുറംകാഴ്ചകള്‍ കണ്ടുള്ള ഭയം മൂലമാണ്‌..പ്രണയം ഭ്രാന്തമാവുന്നുവെന്നും അമ്മ കുട്ടിയ സ്പര്‍ശിക്കുന്നത്‌ പോലെയാണ്‌ കാമുകന്‍ കാമുകിയെ തൊടുന്നതെന്നും പറഞ്ഞ സ്നേഹിതയുടെ വാക്കുകളോടുള്ള അമര്‍ഷമാണ്‌ ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ചത്‌...)

ദേശാഭിമാനി..
ആഗ്നേ..(വിശ്വാസങ്ങള്‍ക്ക്‌ കടിഞ്ഞാണിട്ട്‌ നിര്‍ത്താന്‍ അവ്യക്ത കാഴ്ചകളിലും കഴിയുന്നുവെന്നത്‌ ഭാഗ്യമാണ്‌...നിസഹായതക്ക്‌ മുന്നില്‍ മുഖം തിരിക്കാനാവുന്നില്ല എനിക്ക്‌ പലപ്പോഴും...)

പ്രിയാ (അപൂര്‍വഭാവങ്ങളുമായി പ്രണയം യാത്ര തുടരുക തന്നെയാവും..)

ചന്ദ്രേ...(വേദനിപ്പിക്കുന്ന അവസാനനിമിഷത്തില്‍ പോലും സന്തോഷത്തിലേക്ക്‌ പിടിച്ചെറിയലാണ്‌ പ്രണയമെന്ന്‌ തോന്നിയിട്ടുണ്ട്‌...ചന്ദ്രയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാണ്‌...)

ശ്രീലാല്‍
ഗോപാ (ഇതൊരു വശം മാത്രം...പ്രതീക്ഷ അനിവാര്യമാണ്‌...)

വാത്മീകി
ഹരിയണ്ണാ..
ശ്രീ
നിഷ്കളങ്കാ (ഒരു തെറ്റ്‌ തിരുത്തലായിരുന്നു ആ മാറ്റല്‍)
ശ്രീനാഥ്‌ (തിരഞ്ഞു മടുക്കുന്നു അത്തരമൊരു പ്രണയത്തെ)

ശാരു (നമുക്കാണെന്ന പറയേണ്ടി വരുന്നു..)

എസ്‌ വി (ശരിയാണ്‌)
റഫീക്‌
സുനീ (ആ ചിന്തകള്‍ ഒരു രസമാണ്‌..)
സതീര്‍ത്ഥ്യാ..(ചില തെറ്റിദ്ധാരണകളെല്ലാം തിരുത്തിയാലും മാറ്റത്തിന്റെ പ്രഹരം പ്രണയവും ഓറ്റുവാങ്ങേണ്ടി വരുന്നില്ലേ...)

നിലാവേ (ആശയക്കുഴപ്പമാണ്‌...)
വിനോജ്‌,
ടീനാ (ശരിയാണ്‌ ആ വേദന ഒന്നു തന്നെയാണ്‌...പക്ഷേ പ്രണയം സത്യമാണെങ്കില്‍...സത്യമാണെങ്കില്‍ മാത്രം..)

മിന്നാമിനുങ്ങ്‌ (തിരിച്ചറിവുണ്ടായിട്ടും അതിലേക്ക്‌ പാഞ്ഞടുക്കുകയാണ്‌ നാം...സ്വയം പഴിക്കുകയല്ലേ വേണ്ടത്‌...)

വല്ലഭാ
വഴിപോക്കാ
കാവാലന്‍ (അതങ്ങനെ ബാക്കി കിടക്കുന്നുണ്ടാവും അസ്ഥിയായോ മറ്റോ..)

കാഴ്ചക്കാരാ...(ചുമ്മാ...)
പ്രയാസി (ഈ സംശയം സാധാരണമാണ്‌...പക്ഷേ പറയാന്‍ മനസില്ല...)
ധ്വനി
നജീം (നന്ദി)
ശിവകുമാര്‍
ചന്തു

അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും ഒരുപാട്‌ നന്ദി...

ജിതൻ said...

കവിള്‍ത്തടത്തിലൂടെ ഊര്‍ത്തിറങ്ങിയ
ഉപ്പുവെള്ളത്തില്‍
ഓര്‍മ്മയുടെ നൗക മറിഞ്ഞുവോ...

പ്രണയം വേര്‍പാടിണ്ടെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍
മാത്രമാകുംബോഴും
പ്രതീക്ഷകളുടെ
നേര്‍ത്ത ഒരു വികാരം.......

എല്ല ഭാവുകങ്ങളും...

John honay said...

ഒരേ കടല്‍.
ഉള്ളിലെവിടെയൊ ആ തിരുമുറിവു(പ്രണയത്തിന്റെ)മായി ജീവിക്കുന്നവര്‍ക്കു മാ‍ത്രം അത് മനസിലാകും.
കണ്ണുനീരിന്റെ ഉപ്പ് വീഴുമ്പൊള്‍,ഒരു നീറ്റല്‍.

John honay said...

പ്രണയിചവര്‍ക്കുപ്രണയം ഭ്രാന്താണ്.കൂട്ടുകാ‍രി പറഞതു പകുതിയും ശരി.

John honay said...

ഒന്നു മറന്നു.
നന്നാ‍യിട്ടുണ്ട്,ഈ വരികള്‍.

Anonymous said...

ആരാ എന്താ ഇതൊക്കെ.......ദ്രൌപതി കവിള്‍ത്തടത്തിലൂടെ ഊര്‍ത്തിറങ്ങിയ
ഉപ്പുവെള്ളത്തില്‍......കൊള്ളാം...നിറച്ചും വൈരുദ്യങ്ങള്‍ കൊന്ദൊരു കളി..........പ്രണയം....ഒരു കലാ‍പമാണു...അതില്‍ നീയും ഞാനും എതൊ പ്രതീകങ്ങളും..............
പൊള്ളുന്ന പനിയുമാണു നീ.....അതും കൊള്ളാം.........നി രുപെഷിനെ വായിച്ചൊ???

ഗീത said...

പ്രണയം മരിക്കാതിരിക്കട്ടേ ദ്രൌ......

‘പാര്‍ക്കിലെ ശപിക്കപ്പെട്ട
മരണത്തണലുകളില്‍...‘

‘മരണ’ത്തണലുകളില്‍ എന്നുതന്നെയാണുദ്ദേശിച്ചതോ?
അതോ മരണത്തെ കുറിച്ചെഴുതിയെഴുതി ‘മര’ത്തണല്‍ ‘മരണ’ത്തണലായിപ്പോയതാണോ ?

മുഹമ്മദ് ശിഹാബ് said...

പറത്തിവിട്ട സ്വപ്നങ്ങള്‍
ചുണ്ടിന്റെ ചൂടേറ്റ്‌ കരിഞ്ഞുവോ...
കവിള്‍ത്തടത്തിലൂടെ ഊര്‍ത്തിറങ്ങിയ
ഉപ്പുവെള്ളത്തില്‍
ഓര്‍മ്മയുടെ നൗക മറിഞ്ഞുവോ...
മാംസത്തിന്റെ
കരിഞ്ഞ ഗന്ധം
രതിയുടെ തണുപ്പിലൊടുങ്ങിയോ...
good lines...