Monday, July 30, 2007

ബാഷ്പം

മഴക്ക്‌ പെയ്തൊഴിയാതിരിക്കാനാവില്ല
തോരാതിരിക്കാന്‍
നിന്റെ മിഴികളല്ലല്ലോ ആകാശം...

നീ ബാഷ്പമായി പോകുകയാണ്‌...
നിഴലുകള്‍ നിദ്രക്ക്‌ വഴി മാറി തുടങ്ങിയ
എന്റെ ഹൃദയത്തിലെ തടാകങ്ങളില്‍ നിന്ന്‌

മേഘങ്ങളോട്‌ ചേര്‍ന്ന്‌ എന്നെ നനക്കാന്‍
കുളിരേകാന്‍
നിന്റെ കണ്ണുനീരെങ്കിലും ബാക്കി വെച്ചല്ലോ...

നിനക്ക്‌ശോണിമ നഷ്ടപ്പെട്ടിരിക്കുന്നു
നിനക്ക്‌ വന്ധ്യത ബാധിച്ചിരിക്കുന്നു...

തീണ്ടാരിയായി..
കറുത്തമുറിയുടെ മൂലയില്‍ ചുരുളുമ്പോഴും
കണ്ണുകളില്‍ കണ്ട ചുവപ്പ്‌
കാമത്തിന്റെ കനലുകളായിരുന്നില്ല
വേദനയുടെ
നിര്‍വികാരികതയുടെ
ശേഷിപ്പുകളായിരുന്നു...

എന്റെ ഹൃദയത്തില്‍തുളഞ്ഞുകയറിയ
മുള്ളുകളിലൊന്നെങ്കിലും
നിനക്ക്‌ തിരിച്ചെടുക്കാമായിരുന്നു
നോവിന്റെ വിരലടയാളങ്ങള്‍ പതിഞ്ഞ
വിരഹത്തിന്റെ അന്ത്യമായി...

മഴ...
നിന്റെ അധിനിവേശത്തിന്റെ അടയാളം..

Monday, July 16, 2007

വഴിയമ്പലം


ഇടക്ക്‌ ചോദിക്കാതെ കടന്നുവരും...
അറിയാതെ ഞാന്‍ സ്വീകരിക്കുകയും ചെയ്യും...
വസന്തമായ്‌ സുഗന്ധം വിരിയിച്ച്‌
ശരത്കാലത്തിന്റെ ഇടവേളകളിലെപ്പോഴോ
കടന്നുപോകുകയും ചെയ്യും...

പതിഞ്ഞ ഈണത്തില്‍ പറഞ്ഞിട്ട്‌
പോകുന്നവരെയാണ്‌ പറയാതെ പോകുന്നവരെക്കാള്‍ പേടി
ഉള്ളില്‍ സ്വരുക്കൂട്ടിവെച്ച കനലുകള്‍
‍വീണ്ടും ആളിക്കത്തിക്കാന്‍ ഇടവേള തേടുകയാവും
ഒരു പക്ഷേ അത്തരക്കാര്‍...

നനവ്‌ വറ്റാത്ത മിഴിയുമായാണ്‌ വന്നത്‌...
പാതിയടര്‍ന്ന പാദുകത്തില്‍ പായല്‍പിടിച്ച്‌
നോവിന്റെ പ്രബന്ധം മാറോടടുക്കി
ചിതലരിച്ച വസ്ത്രങ്ങളുമായി...

ആദ്യരാത്രി എന്നെ തന്നെ നല്‍കേണ്ടി വന്നു..
പുഴയുടെ ശാന്തതയിലേക്കൊരു
പാഴ്ശരം തൊടുത്ത്‌
അവന്‍ തിരിഞ്ഞ്‌ കിടന്നു...
അടങ്ങാത്ത ത്വരയുടെ മുറിവടയാളങ്ങള്‍
‍മാറിടത്തില്‍ കനത്തിട്ടും വേദനിച്ചില്ല...

Friday, June 29, 2007

ഫെമിനിസം


ഉറുമ്പരിച്ചു തുടങ്ങിയ ജീവിതം...
നിദ്രയെ ഈച്ചകള്‍ വേട്ടയാടിപിടിക്കുന്നു...
ജഢമായി തുടങ്ങിയെന്ന
തിരിച്ചറിവിലേക്ക്‌
സ്ത്രൈണതയുടെ മടക്കയാത്ര...

ഫെമിനിസ്റ്റാകണമെന്ന മോഹം
മുളയിലെ നുള്ളി...
മരമില്ലാതെങ്ങനെ തണലുണ്ടാകുമെന്ന്‌
സ്വയമുരുക്കിയെടുത്ത ചോദ്യത്തിന്‌ മുമ്പില്‍ തോറ്റപ്പോള്‍...

കിടപ്പുമുറിയിലെ നിസ്വനങ്ങള്‍
സ്വവര്‍ഗരതിക്കാരിയുടെ ചുംബനത്തോടൊപ്പം
മകരപെയ്ത്തായി
ഇരമ്പിയകത്തപ്പോള്‍
പഴമയിലേക്ക്‌ തന്നെ തിരിച്ചുനടന്നു...

പിന്നീടെന്നോ...
ഹൃദയമെടുത്ത്‌ പുറത്തിട്ട്‌
ഫ്രീസറിലെ തണുപ്പിലൊളിപ്പിച്ചു...
മിടിക്കാന്‍ മറന്നുതുടങ്ങിയപ്പോള്‍
ഐസുകഷണങ്ങള്‍ക്കിടയിലേക്ക്‌ പൂഴ്ത്തി...
ശരീരം സൂക്ഷിക്കരുതെന്ന്‌ മോഹങ്ങള്‍
പറഞ്ഞ രാത്രിയിലാണ്‌
ഹൃദയം കാക്കണമെന്ന പ്രതിജ്ഞയെടുത്തത്‌...

അവള്‍....
പതിവ്രതയാണോയെന്ന
ചോദ്യത്തിന്‌ മുന്നിലെ ഏക പരാജിത
അപരാജിതയായ ഒരുവളുടെ
കരകരുത്താല്‍
ഉഴുതുമറിക്കപ്പെട്ടവള്‍...

Thursday, May 31, 2007

ഋതുമതി

പകലിനെക്കാള്‍ പ്രിയം
രാത്രിയാണെന്ന്‌ പറഞ്ഞതുകൊണ്ടാവാം...
കന്യകയാണോയെന്ന അവന്റെ ചോദ്യം...

രഹസ്യമായൊരിടം
മനധൈര്യം
ആരോടും പറയാത്തൊരാള്‍
ഇതെല്ലാം മതി...
കന്യകത്വാം നഷ്ടപ്പെടാനെന്നായിരുന്നു മറുപടി....

ചിത്രശലഭങ്ങളെ ജീവനോടെ പിടിച്ച്‌
പുസ്തകതാളില്‍ ഒളിപ്പിക്കുകയായിരുന്നു
അവന്റെ നേരമ്പോക്ക്‌....
രസതന്ത്രത്തിന്റെ നോട്ട്‌ ബുക്ക്‌ നിറയെ
ചരമകുറിപ്പുകള്‍ കണ്ടു...

തുമ്പികളെ പിടിച്ച്‌ വാലില്‍ കല്ലുകെട്ടി
പറപ്പിക്കുന്ന കുട്ടിയെ തല്ലിയത്രെ...
തേന്‍ കുടിക്കാനെത്തിയ വണ്ടിനെ
ഇതളുകളോടെ പിടികൂടിയെ പെണ്‍കുട്ടിയെ
അവന്‍ കല്ലെറിഞ്ഞത്രെ...

കഴിഞ്ഞ ഏഴുരാത്രികളില്‍
എന്റെ വാതിലിനരുകില്‍ വന്നവന്‍ മടങ്ങിപോയതറിഞ്ഞു...
എട്ടാം ദിവസം ഞാന്‍ വാതിലടച്ചു...
ഇനിയെനിക്കും ക്ഷമയുണ്ടായെന്ന്‌ വരില്ല....

Wednesday, February 14, 2007

ട്രാന്‍സ്ഫര്‍


‍അനാഥമാം ബാല്യത്തിന്റെ
ഇടവഴിയില്‍ നിന്നൊരു ദരിദ്രലേഖനം
നീട്ടുന്നു കാലത്തിന്‌...
ഇടവഴികളില്‍ വീണുകിടന്ന
ദ്രവിച്ച അസ്ഥികൂടങ്ങളില്‍ നിന്നും...
ഒരു വിരല്‍തുമ്പ്‌ മോഷ്ടിച്ച്‌...
എഴുതിയതാണിത്‌...

കെട്ടികിടക്കുന്ന ഫയലുകളില്‍ തല വെച്ചുറങ്ങുന്ന കൂട്ടുകാരാ....
ആര്‍ത്തിയോടെ വായിക്കാന്‍...
ഇതൊരു പ്രണയകവിതയല്ല...
എനിക്കും അവനുമിടയിലുള്ള...
അക്ഷരപാലമാണ്‌ നീയെന്ന്‌ തിരിച്ചറിയുക...

കരയരുത്‌...
നിന്റെ കണ്ണടയിലെ വിള്ളലുകള്‍...
എന്റെയീ...മുഷിഞ്ഞ കടലാസു കൊണ്ടു മറച്ചോളൂ....


നീ വിരാമം കാത്തുകഴിയുന്നു....
ഞാനിന്ന്‌...നിന്റെ കസേരയില്‍ കണ്ണ്‌ നട്ട്‌ വന്നതാണ്‌....
ഒരിലചോറ്‌, പുഷ്പഭാരം, പിന്നെ പുകചുരുളുകള്‍....
നിന്നെ മുറിക്കാന്‍ കത്തിയുമായി വന്നു നില്‍ക്കുന്ന ബീജങ്ങളിലേക്ക്‌...
തന്നെ നീയിനി മടങ്ങുക...

ഇനി...കാത്തിരിപ്പ്‌....
ഗുല്‍മോഹറുകള്‍ പൂക്കാന്‍ മടിക്കുന്ന
മറ്റൊരു നാട്ടിലേക്കുള്ള സുഖദമായ...കാത്തിരിപ്പ്‌....

Wednesday, December 27, 2006

പിഴച്ചവള്‍


രാജമല്ലി തണലിലിരുന്ന്‌ ചിത്രകാരന്‍ വരക്കാന്‍ തുടങ്ങി...
ലോകചാരുതയിലേറ്റവും ഉന്നതിയിലെന്തോ അതായിരുന്നു മനസില്‍...
സങ്കല്‍പങ്ങളും നിറവും സമന്വയിച്ചൊഴുകി...

നിഷ്കളങ്കത മുഖമായി...
നിര്‍വികാരികത മുടിയും...
നിസംഗമാം സ്തനവും സ്വാര്‍ഥമാം നിതംബവും..

കാപട്യം കാതു കുത്തി...
ആത്മപ്രശംസ മാല ചാര്‍ത്തി...
ചതി അരഞ്ഞാണമായി ചുറ്റിപിണഞ്ഞു...
ഹിംസ കൊലുസായി കിലുങ്ങി...

സ്വപ്നങ്ങള്‍ കണ്ണുകളിലൊതുക്കേണ്ടി വന്നു...
ചുണ്ടില്‍ കാമവും കപോലങ്ങളില്‍ വിരഹവുമൊളിപ്പിച്ചു...
നെറ്റിയില്‍ പ്രണയസിന്ദൂരം ചാര്‍ത്തി...

നൊമ്പരം താലിചരടായുലഞ്ഞു..
പരിഭവം വളപ്പൊട്ടുകളായി വേദനിപ്പിച്ചു...
കാതില്‍ വ്യഥ ആഴ്‌ന്നിറങ്ങി...

ആഢ്യത്വവും തന്മയീഭാവവും പരോപകാരവും
മനുഷ്യത്വവും സഹാനുഭൂതിയും..
കലക്കി അവിടവിടായി...തളിച്ചു...
ആര്‍ത്തിയും ആസക്തിയും
പൊക്കിള്‍ചുഴിയിലൊളിപ്പിച്ചു...

ചിത്രം പൂര്‍ത്തിയായി...
മാറിനിന്നു വീക്ഷിച്ച ചിത്രകാരന്റെതൊണ്ടയിടറി...
ചുണ്ടുകള്‍ വിറച്ചു....
ചിത്രം അയാള്‍ക്ക്‌ നേരെ കൈ നീട്ടി....ചോദിച്ചു.
പണം...
ചിത്രകാരന്‍ ബോധശൂന്യനായി.

Thursday, November 30, 2006

വളപ്പൊട്ടുകള്‍


കുപ്പിവളകള്‍ നിനക്കിഷ്ടമാണെന്ന്‌ പറഞ്ഞതുകൊണ്ട്‌ മാത്രമാണ്‌
കൈ നിറയെ പച്ച വളകളിട്ട്‌ ഞാന്‍ വന്നത്‌...
ഒന്നു നീ പൊട്ടിച്ച്‌ വളപ്പൊട്ടുകള്‍
എനിക്ക്‌ വേണമെന്ന്‌ വാശിപിടിച്ചിട്ടും ഞാന്‍ മിണ്ടാതിരുന്നതും...

എന്റെ രക്തം ഒഴുകിപടര്‍ന്ന ആ കുപ്പിചില്ലുകള്‍
നീ മാറോട്‌ ചേര്‍ക്കുന്നത്‌ കണ്ടപ്പോഴും...
ഞാന്‍ വിശ്വസിച്ചിരുന്നു....
നീയെന്നെ പ്രണയിക്കുകയാണെന്ന്‌...
പക്ഷേ...
എന്റെ രക്തത്തിന്റെ നിറം ചുവപ്പാണോയെന്നറിയാന്‍
നീയൊരു ഭിഷഗ്വരന്റെ മുഖം മൂടിയണിയുകയായിരുന്നുവെന്ന്‌
ഞാനറിഞ്ഞില്ല....

Tuesday, November 28, 2006

സൗഹൃദമോ...പ്രണയമോ...


എന്റെ പേര്‌ പൊടി പിടിച്ചു തുടങ്ങിയിരിക്കുന്നു...
ഈ താളുകളില്‍
എന്റെ ഹൃദയത്തില്‍
പിന്നെ നിന്റെയും...

സൗഹൃദമായിരുന്നു എനിക്കിഷ്ടമെന്നൊരുപാട്‌ പറഞ്ഞിട്ടും
പ്രണയത്തിന്‌ വാശി പിടിച്ചത്‌ തീ തന്നെയാണ്‌...
പരസ്പരം നഷ്ടപ്പെടും വരെ...

തീരത്തണയാതെ ഞാനിന്നൊഴുകി തീരുമ്പോഴും
നീ നക്ഷത്രങ്ങള്‍ക്ക്‌ കൂട്ടിരിക്കുകയാണ്‌...


ഇനിയും കടന്നുവരാം...
സൗഹൃദമോ...പ്രണയമോ...നിന്റെയിഷ്ടം...

വിയര്‍പ്പുറ്റുന്ന കടലാസുമൊതുക്കി...
വിറയാര്‍ന്ന പാദങ്ങളോടെ വേണം അടുത്തുവരാനെന്നു മാത്രം...

Tuesday, November 21, 2006

സാലഭജ്ഞിക


അവള്‍ക്കിഷ്ടം കറുത്ത രാത്രിയുടെ വശ്യത
പച്ചക്കും ചുവപ്പിനുമിടയില്‍ നിന്ന്‌
വിലപിച്ചു പായുന്ന കറുത്ത സ്വപ്നങ്ങളും...
മനസ്‌ കട്ടെടുക്കാന്‍ വന്ന അധിനിവേശപക്ഷികള്
ചിറകറ്റിട്ടും പ്രതിധ്വനിക്കുന്ന രോദനങ്ങള്
അഗ്നിയുടെ ചൂടില്‍ നിന്നും പുനര്‍ജനി തേടിയലഞ്ഞ
അഭിസാരികമാരുടെ ആര്‍ത്തനാദങ്ങള്‍...


ആകാശത്തിന്റെ നീലിമയില്‍ നിന്നും തൊട്ടെടുത്ത മോഹങ്ങള്‍
നിറം ചാര്‍ത്താതെ നിന്ന അമാവാസിയിലെ ഇരുട്ടില്‍
ചുവന്ന തെരുവിലെ രാത്രിയുടെ ഗദ്ഗധങ്ങള്‍...
നീ പോയത്‌ എന്റെ കാരാഗൃഹത്തില്‍ നിന്നും
സ്വാതന്ത്രത്തിന്റെ ചേരികളിലേക്ക്‌...
മുന്നൊരുക്കങ്ങളില്ലാതെ വന്ന നിലാവിന്റെ
വെള്ളിവെളിച്ചത്തില്‍ ഇര പിടിക്കാന്‍ വന്ന നക്ഷത്രങ്ങള്‍..


ഒന്നു തൊട്ടപ്പോഴേ പൊള്ളിയ കൈത്തലങ്ങള്‍
ശങ്കയില്ലാതിരുന്ന കൗമാര വിഹ്വലതകള്
‍ആസൂരതയുടെ ആത്മാവിഷ്ക്കാരമായി മാറാന്
‍ശ്രമിക്കുന്ന വര്‍ത്തമാന ചിന്തകള്‍...

എന്നിട്ടും അറിയാതെ പോയ പ്രണയം
ഇടയ്ക്ക്‌ തോന്നുന്ന സഹതാപത്തോട്‌ നന്ദിയുണ്ട്‌
പിണങ്ങിയിരുന്നു ഒട്ടുമ്പോള്‍ മഴയുടെ സാന്ത്വനമാണ്‌.

നീ ചോദിച്ചു.
നിന്റെ അടിമത്വത്തില്‍ നിന്നും എന്റെ സ്വാതന്ത്രത്തിലേക്കുള്ള വഴി...
തിമിരം ബാധിച്ചുപോയ എന്റെ കണ്ണുകള്
അജ്ഞാതമായ നേര്‍രേഖയിലൂടെ യാത്ര പോകാന്‍ പറഞ്ഞു...


വിരഹത്തിന്റെ തണുപ്പിലൂടെ നീ നടന്നു
വേര്‍പാടിന്റെ അരുവിയില്‍ മുങ്ങി നിവര്‍ന്നു...
അസ്തമയം കാത്ത്‌ ഇന്നും കടല്‍ക്കരയില്
കൊറ്റികളുടെ വിലാപത്തിന്‌ കാതോര്‍ത്ത്‌
കഴുകന്റെ ആത്മരോഷത്തിന്‌ ചെവിയോര്‍ത്ത്‌...


നിനക്ക്‌ മരണത്തിന്റെ കയങ്ങളിലൂടെ സഞ്ചരിക്കാനാണിഷ്ടം
അറിവിന്റെ അപാരതയില്‍ നിന്നും
വിഷം കഴിച്ച്‌ മയങ്ങുന്ന രജനികളില്‍ നിന്നും
വെറും സാലഭജ്ഞികയായ്‌ പരിണമിക്കുമ്പോള്
ഓര്‍മ്മകള്‍ ഹൃദയത്തെ കീഴ്പ്പെടുത്തുമ്പോള്‍...
നിന്റെ വിലാപം കാണാനിഷ്ടമല്ലാത്ത കണ്ണുകളോട്‌ ഞാന്‍ മാപ്പ്‌ ചോദിക്കുന്നു....

വയ്യിനി... കരയാനാവാതെ ജീവിക്കാനാവില്ലെന്ന്‌
അവള്‍ കുമ്പസരിച്ചിരിക്കുന്നു......


സൗഭാഗ്യങ്ങളൊരുപാടുണ്ടായിട്ടും കരയാന്‍ വിധിക്കപ്പെട്ടവള്‍ക്ക്‌

Saturday, November 11, 2006

എന്തായിരുന്നു നിന്റെ ആത്മഹത്യക്ക്‌ കാരണം...?


(അറിയാതെ കണ്ണുനീര്‍ പൊഴിക്കാനാണെന്റെ വിധി...
സ്വപ്നങ്ങളില്‍ പലതും യാഥാര്‍ഥ്യമായതാണെന്റെ ദുഖവും.
ചിതലരിച്ച ഓര്‍മ്മകളോട്‌
ഞാനിങ്ങനെയൊന്നും ആയിതീരണ്ടായിരുന്നുവെന്ന്‌പരിതപിക്കുമ്പോഴും
ആദ്യം സ്പര്‍ശിച്ച പുരുഷനും
ആത്മഹത്യ ചെയ്ത കൂട്ടുകാരനും
ഹോസ്റ്റല്‍മുറിയിലെ സ്നേഹിതയുമെല്ലാം...
എന്റെ കറുത്ത ചുവരുകളില്‍ നിന്നെത്തി നോക്കുന്നു... ..)

മണ്ണിന്റെ ആര്‍ദ്രതക്കെന്തിന്‌ നിന്റെയീ സ്വര്‍ണപതക്കം...
ഇന്നലെകളില്ലാത്ത നാളയുമറിയാത്ത
ആത്മാവകന്ന വെറുമൊരു ജഡമാണന്നു നീ...

സ്നിഗ്ധമാം അശ്രുക്കളായിരുന്നു
ബന്ധുക്കള്‍ നിനക്കു നല്‍കിയ അന്ത്യസമ്മാനം...
അതേറ്റുവാങ്ങുമ്പോള്‍ പുഷ്പചക്രങ്ങളുടെ ഭാരം നീ പേറുകയായിരുന്നു...
ചന്ദനത്തിരിയുടെ അസഹ്യഗന്ധവും നീ സഹിച്ചു...

എന്നെ ഞാനാക്കിയ കൂട്ടൂകാര...
അനുഭവങ്ങളുടെ ആര്‍ദ്രതയില്‍ മെഴുകുതിരിയായി ഞാന്‍ ഉരുകിതീരും മുമ്പ്‌
ആത്മാവായി വന്നെങ്കിലും മൊഴിയുക
എന്തായിരുന്നു നിന്റെ ആത്മഹത്യക്ക്‌ കാരണം...?